അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളര്‍ത്തണം.

വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

വണ്ണം കുറയ്ക്കാനായി ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. 

രണ്ട്...

രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാന്‍ പാടുള്ളൂ. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണങ്ങളാണ് രാത്രി കഴിക്കേണ്ടത്. കൂടാതെ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

മൂന്ന്...

വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

നാല്...

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗമാണ് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ ഉപേക്ഷിച്ച് പോഷകങ്ങളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍  സഹായിക്കും. 

അഞ്ച്...

ഡയറ്റില്‍ നിന്ന് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ മറ്റും ഉപയോഗിക്കാം.

ആറ്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക. പകരം പ്രോട്ടീൻ അടങ്ങിയ നട്സ് സ്നാക്ക്സായി ഉപയോഗിക്കാം. 

ഏഴ്...

കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറച്ച് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് പല തരത്തിലുള്ള ഇലക്കറികള്‍ ഡയറ്റിൽ ദിവസവും ഉൾപ്പെടുത്തണം.

എട്ട്...

കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Also Read: ഭാരം കുറയ്ക്കാന്‍ 'ബ്രേക്ക്ഫാസ്റ്റ്' ഒഴിവാക്കേണ്ട; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...