Asianet News Malayalam

കൊവിഡ് കാലത്ത് മക്കളില്‍ നിന്ന് പോലും പീഡനമേറ്റ വൃദ്ധര്‍; റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള വൃദ്ധരായ 3,500ലധികം പേരുടെ കേസുകളെ ആസ്പദമാക്കിയാണ് 'ഹെല്‍പ് ഏജ് ഇന്ത്യ' റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 20.8 ശതമാനം പേരും കൊവിഡ് കാലത്ത് കുടുംബത്തെയോ പ്രിയപ്പെട്ടവരെയോ നഷ്ടമായി അനാഥത്വം നേരിടുന്നവരാണ്

help age india report reveals that old age people faces many problems during pandemic
Author
Delhi, First Published Jun 15, 2021, 11:56 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് കാലം, ആരോഗ്യപരമായ പ്രതിസന്ധികള്‍ മാത്രമല്ല നമുക്ക് മുന്നില്‍ സൃഷ്ടിച്ചത്. തൊഴില്‍പരമായും, സാമ്പത്തികപരമായും, സാമൂഹികപരമായും, വൈകാരികപരമായുമെല്ലാമുള്ള പലവിധം പ്രതിസന്ധികള്‍ കൊവിഡ് കാലത്ത് നമുക്ക് നേരിടേണ്ടതായി വന്നു. 

ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് എല്ലാവരും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരേണ്ടിവന്ന സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളുമെല്ലാം നേരിട്ട ഗാര്‍ഹിക പീഡനങ്ങളെ കുറിച്ച് പല സംഘടനകളും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേ കാലയളവില്‍ വലിയ തോതില്‍ വിഷമതകള്‍ നേരിട്ട മറ്റൊരു വിഭാഗമാണ് വൃദ്ധര്‍. 

ആരോഗ്യത്തെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് പുറമെ നിലനില്‍പുമായി ബന്ധപ്പെട്ട് വരുന്ന എണ്ണമറ്റ പ്രശ്‌നങ്ങളാണ് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നവര്‍ കൊവിഡ് കാലത്ത് അനുഭവിച്ചത് എന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഈ വിഷയം വീണ്ടും സജീവമായി ചര്‍ച്ചയിലെത്തുകയാണ്. 

ദില്ലി സ്വദേശിയായ എണ്‍പത്തിയെട്ടുകാരന്‍ ധനേഷ് ചന്ദ്ര ശര്‍മ്മ എന്നയാളുടെ അനുഭവം നോക്കൂ. 54കാരനായ മകന്‍ സഞ്ജീവിനൊപ്പമായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ദന്തരോദ വിദഗ്ധനായ സഞ്ജീവ് തന്നെയാണ് പിതാവിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ രോഗബാധിതനായ സഞ്ജീവിന് ആവശ്യമായ സമയത്ത് ചികിത്സ ലഭ്യമായില്ല. 

 


(ചിത്രത്തിൽ ഏറ്റവും ഇടത്തായി ധനേഷ് ചന്ദ്ര ശർമ്മ... വലത്തേ അറ്റത്ത് സഞ്ജീവ്...)

 

ആശുപത്രിക്കിടക്കകളുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ദൗര്‍ലഭ്യം മൂലം ദില്ലി കനത്ത പ്രതിസന്ധി നേരിട്ട സമയമായിരുന്നു അതെന്ന് ധനേഷ് ചന്ദ്ര ഓര്‍മ്മിക്കുന്നു. 

'ഞാന്‍ ഒരു ആംബുലന്‍സ് കിട്ടുമോ എന്ന് ഒരുപാട് ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. ചികിത്സയുടെ കുറവ് കൊണ്ട് മാത്രമാണ് അവന്‍ പോയത്. അവന്‍ പോയിക്കഴിഞ്ഞിട്ടും അവന്റെ ശരീരം ഒന്ന് മാറ്റിക്കിടത്താന്‍ പോലും എനിക്ക് സാധിച്ചില്ല. കാരണം, 88 വയസുള്ള ഒരാളാണ് ഞാന്‍. അവന്റെ ശരീരം എനിക്ക് താങ്ങുകയില്ലല്ലോ. പിന്നീട് ഒരു സന്നദ്ധസംഘടനയിലെ അംഗങ്ങളാണ് സംസ്‌കാരത്തിനും മറ്റുമെല്ലാം സഹായമായി എത്തിയത്...'- ധനേഷ് ചന്ദ്രയുടെ വാക്കുകള്‍. 

അദ്ദേഹത്തിന്റെ മറ്റ് രണ്ട് മക്കളും വിദേശത്താണ്. ഭാര്യ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇപ്പോള്‍ സഞ്ജീവിന്റെ മരണത്തോട് കൂടി സൗത്ത് ദില്ലിയിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറേണ്ട സാഹചര്യമാണ് അദ്ദേഹത്തിന്. 

'ഭാര്യയുടെ ആകെ സമ്പാദ്യമായിരുന്ന ആഭരണങ്ങള്‍ പോലും വിറ്റാണ് ആ വീട് വച്ചത്. പക്ഷേ ഇനി അവിടെ എനിക്ക് തനിയെ താമസിക്കാന്‍ സാധിക്കില്ലല്ലോ. കള്ളന്മാരുടെ ശല്യം തന്നെ എത്രയോ തവണ ഉണ്ടായിട്ടുണ്ട്. പൊലീസില്‍ പരാതിപ്പെട്ടിട്ടൊന്നും ഒരു ഫലവും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കെ ഇനി ഞാനെങ്ങനെയാണ് എന്റെ വീട്ടില്‍ തനിയെ തുടരുക....'- ധനേഷ് ചന്ദ്ര ചോദിക്കുന്നു. 

ഇദ്ദേഹത്തെ പോലെ കൊവിഡ് കാലത്ത് അനാഥത്വം നേരിടുന്ന, കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്ന നിരവധി വൃദ്ധരുണ്ടെന്നാണ് 'ഹെല്‍പ് ഏജ് ഇന്ത്യ'യുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വൃദ്ധരായ ആളുകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ഹെല്‍പ് ഏജ് ഇന്ത്യ'. 

ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള വൃദ്ധരായ 3,500ലധികം പേരുടെ കേസുകളെ ആസ്പദമാക്കിയാണ് 'ഹെല്‍പ് ഏജ് ഇന്ത്യ' റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 20.8 ശതമാനം പേരും കൊവിഡ് കാലത്ത് കുടുംബത്തെയോ പ്രിയപ്പെട്ടവരെയോ നഷ്ടമായി അനാഥത്വം നേരിടുന്നവരാണ്. 

 

 

മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യങ്ങള്‍, വാക്‌സിന്‍ ലഭ്യത, സമയബന്ധിതമായ ചികിത്സ- മരുന്ന് എന്നിവയെല്ലാം തങ്ങളുടെ കൊവിഡ് കാല പ്രതിസന്ധികളെ ലഘൂകരിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്. ഇതിനിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആദ്യം സൂചിപ്പിച്ചത് പോലെ കൊവിഡ് കാലത്ത് വൃദ്ധര്‍ നേരിടുന്ന മാനസിക- ശാരീരിക പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണിത്. 

പഠനത്തില്‍ പങ്കെടുത്തവരില്‍ 62 ശതമാനത്തിലധികം പേര്‍ കൊവിഡ് കാലത്ത് തങ്ങള്‍ നേരത്തെ നേരിട്ടുകൊണ്ടിരുന്ന പീഡനങ്ങള്‍ വര്‍ധിച്ചതായി സാക്ഷ്യപ്പെടുത്തി. വൃദ്ധരെ വീട്ടിനകത്തിട്ട് വിഷമിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത് ആണ്‍മക്കളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 43.8 ശതമാനവും ആണ്‍മക്കളാണ് വൃദ്ധരെ പീഡിപ്പിക്കുന്നത്. അത് കഴിഞ്ഞാല്‍ മരുമക്കളായ സ്ത്രീകള്‍ (27.8 ശതമാനം). ഇതിന് പിന്നാലെ 14.2 ശതമാനവുമായി പെണ്‍മക്കള്‍. 

Also Read:- 'വാർദ്ധക്യം ഒരു ശാപമല്ല, ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്'; കുറിപ്പ് വായിക്കാം...

പ്രധാനമായും സാമ്പത്തിക കാര്യങ്ങളുടെ പേരിലാണ് മക്കളും മരുമക്കളുമെല്ലാം തങ്ങള്‍ക്കെതിരെ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് ഇവരില്‍ 61.6 ശതമാനം പേരും പറയുന്നു. വൈകാരികമായ പീഡനങ്ങള്‍ നേരിടുന്നതായി 60.1 ശതമാനും പേരും ശാരീരികമായി പീഡനം നേരിടുന്നതായി 58.6 ശതമാനം പേരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 

ഏറെ പ്രാധാന്യമുള്ള, ഒരുപാട് പൊളിച്ചെഴുത്തുകളും ഇടപെടലുകളും ആവശ്യമായ ഒരു വിഷയം തന്നെയാണിത്. വീടുകള്‍ക്കകത്ത് നടക്കുന്ന പീഡനങ്ങള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അങ്ങനെ നിശബ്ദമാക്കപ്പെട്ട ജീവിതങ്ങളിലേക്ക് കൂടി വെളിച്ചം പകരുന്നവയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, സാമൂഹിക- മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, അത്തരം സംഘടനകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കും. പ്രതീക്ഷയറ്റ് വാര്‍ധക്യത്തില്‍ ഒറ്റയാക്കപ്പെട്ട്, അഭിമാനക്ഷതവും പഴിചാരലുകളുമേറ്റ് വീട്ടകങ്ങള്‍ക്കകത്തും ഉപേക്ഷിക്കപ്പെട്ടവരുടെ കേന്ദ്രങ്ങളിലുമെല്ലാം കഴിയുന്ന വൃദ്ധര്‍ക്ക് അവരര്‍ഹിക്കുന്ന തണല്‍ ലഭിക്കട്ടെ.

Also Read:- 'മനോഹരം'; ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായി മുത്തശ്ശി: വീഡിയോ...

Follow Us:
Download App:
  • android
  • ios