ജീവിക്കാന്‍ വേണ്ടി എന്തെല്ലാം യാതനകളും ദുരിതങ്ങളും അനുഭവിക്കുന്ന മനുഷ്യരുണ്ട്. പലപ്പോഴും റോഡരികിലും തെരുവുകളിലും വച്ച് ഇത്തരത്തില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്നവരെ നാം കാണാറുണ്ട്, അല്ലേ? മനസ്സലിവ് തോന്നുന്നവര്‍ കഴിയുന്നത് പോലെയെല്ലാം ഇവരെയെല്ലാം സഹായിക്കാറുമുണ്ട്. 

ഇങ്ങനെ വഴിയരികില്‍ ജീവിതത്തിന്റെ സായാഹ്നത്തോളമെത്തിയ ഒരു വൃദ്ധന്‍ ഉപജീവനത്തിനായി വിഷമിക്കുന്നത് കണ്ടപ്പോള്‍, സഹായത്തിനായി ഒരു ട്വീറ്റിലൂടെ അഭ്യര്‍ത്ഥിച്ചതാണ് ബെംഗലൂരു സ്വദേശിയായ ശുഭാം ജെയിന്‍. 

ബെംഗലൂരുവിലെ കനകപുരയില്‍ വലിയ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍, റോഡരികിലായി ചെടികള്‍ കച്ചവടം ചെയ്ത് വരികയായിരുന്നു രെവണ സിദ്ദപ്പ. പൊരിവെയിലിന്റെ ചൂടില്‍ നിന്ന് രക്ഷ നേടാനായി പഴയൊരു കുടയും അദ്ദേഹം നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു. വൃദ്ധനായ ഈ കച്ചവടക്കാരനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ചിത്രങ്ങള്‍ സഹിതമാണ് ശുഭാം ട്വീറ്റ് ചെയ്തത്. 

 

 

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ട്വീറ്റ് വൈറലായി. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ, തമിഴ് നടന്‍ മാധവന്‍ എന്നിവരുള്‍പ്പെടെ പല താരങ്ങളും, പ്രമുഖ വ്യക്തിത്വങ്ങളുമെല്ലാം ശുഭാമിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വൃദ്ധന് സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ബെഗലൂരുവിലുള്ള ചില സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് വൃദ്ധന് കച്ചവടം നടത്താന്‍ പര്യാപ്തമായ ഒരു സ്റ്റാളും കൂടുതല്‍ ചെടികളുമെല്ലാം എത്തിച്ചുനല്‍കി. 

വ്യക്തിപരമായി സാമ്പത്തിക സഹായം നല്‍കുന്നതിനെക്കാള്‍ തൊഴില്‍പരമായ സഹായം ഉറപ്പുവരുത്തുന്നതാണ് അല്‍പം കൂടി സുരക്ഷിതമായയും മാന്യമായതുമായ മാര്‍ഗമെന്ന് കൂടി ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ രെവണ സിദ്ദപ്പയുടെ കച്ചവടം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് കുറെക്കൂടി നല്ല രീതിയില്‍ കുടുംബത്തെ സംരക്ഷിക്കാനാകുന്നുണ്ടെന്നും നമുക്ക് അനുമാനിക്കാം. ഒപ്പം ഇത് മികച്ചൊരു മാതൃകയായി സ്വീകരിക്കുകയും ആവാം. വമ്പന്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ പോകുന്നത് ഒവിവാക്കാന്‍ കഴിയില്ലെങ്കിലും വഴിയരികുകളിലെ ചെറിയ കച്ചവടക്കാരെയും നമുക്ക് പരിഗണനയിലുള്‍പ്പെടുത്താം. അവര്‍ക്കും ഒരു കൈ സഹായം എത്തട്ടെ ഈ പ്രതിസന്ധിക്കാലത്ത്... 

Also Read:- 'അദ്ദേഹത്തെ മറക്കാനാകില്ല'; കൊവിഡ് ബാധിച്ച് മരിച്ച തെരുവുകച്ചവടക്കാരന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാർ...