ഡേറ്റിംഗ് ആപ്പുകളുടെയും, കാഷ്വൽ ബന്ധങ്ങളുടെയും കാലഘട്ടത്തിൽ, ഇന്ത്യൻ ജെൻ സി യുവാക്കൾ ശാരീരിക ബന്ധത്തെക്കാൾ പ്രാധാന്യം നൽകുന്നത് ലളിതമായ വൈകാരിക പ്രകടനങ്ങൾക്കാണെന്ന് 'ഇന്ത്യ ടുഡെ' യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഡേറ്റിംഗ് ആപ്പുകളുടെയും, സിറ്റുവേഷൻഷിപ്പുകളുടെയും കാലഘട്ടത്തിൽ, 'ജെൻ സി'കൾ ശരീരക ബന്ധത്തെക്കാൾ പ്രാധാന്യം നൽകുന്നത് ചില വൈകാരിക പ്രകടനങ്ങൾക്കാണോ? ഇന്ത്യ ടുഡെയുടെ റാൻഡം ചാറ്റിൽ ചില ജെൻ സി പ്രണയിതാക്കൾ പങ്കുവച്ച അനുഭവങ്ങൾ അങ്ങനെയുള്ള ചര്‍ച്ചകൾക്കാണ് തുടക്കമിടുന്നത്. ഇന്ത്യയിലെ ജെൻ സി യുവാക്കൾക്കിടയിൽ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന സൂചനയാണ് ഇവര്‍ പങ്കുവച്ച ഡേറ്റിങ് അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ലൈംഗിക ബന്ധങ്ങൾ പലപ്പോഴും കാഷ്വൽ ആകുകയും, എന്നാൽ കൈകോര്‍ക്കല്‍ പോലുള്ള ലളിതമായ സ്നേഹപ്രകടനങ്ങൾ ആഴത്തിലുള്ള വൈകാരിക ബന്ധത്തിന്റെ പ്രതീകമായി മാറുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പുതിയ അനുഭവം. പഴയ തലമുറയ്ക്ക് കൈകോർക്കൽ പ്രണയബന്ധത്തിലെ ആദ്യ പടിയായിരുന്നെങ്കിൽ, ജെൻ സി-ക്ക് പലപ്പോഴും അത് ഏറ്റവും പ്രധാനപ്പെട്ട, വൈകാരികവും ആത്മാര്‍ത്ഥവുമായി സ്നേഹ പ്രകടനമായി മാറുന്നു.

എന്തുകൊണ്ട് ഈ മാറ്റം? പുതിയ മാറ്റങ്ങൾക്ക് ചില കാരണങ്ങൾ ഇതാ

1. വൈകാരികമായ അടുപ്പത്തോടുള്ള ഭയം

കമ്പ്യൂട്ടറുകളുടെയും സമൂഹമാധ്യമങ്ങളുടെയും ലോകത്ത് വളർന്ന ജെൻ സി, അവരുടെ സ്വകാര്യ ജീവിതം പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിലും വിലയിരുത്തലിലുമാണെന്ന് കരുതുന്നു. അതിനാൽ, അവർ വികാരങ്ങൾ പ്രകടിപ്പിക്കൻ മടി കാണിക്കുന്നു. ശാരീരിക ബന്ധങ്ങളെ 'കാഷ്വൽ' എന്ന് ലേബൽ ചെയ്ത് നിയന്ത്രിക്കുകയും. എന്നാൽ, വൈകാരികമായ അടുപ്പം എന്നത് പരസ്പരമുള്ള പൂർണ്ണമായ കീഴടങ്ങൽ പോലെയാണ് ഇവർക്ക് കാണുന്നതെന്നതാണ് വിലയിരുത്തൽ.

2. ലൈംഗികത സാധാരണമാകുമ്പോൾ

ഡേറ്റിംഗ് ആപ്പുകളുടെ വർദ്ധനയും, മാറുന്ന സാമൂഹിക നിലപാടുകളും ലൈംഗിക ബന്ധങ്ങൾ ഉണ്ടാകുന്നത് എളുപ്പമാക്കി. വികാരങ്ങളോ യഥാർത്ഥ ബന്ധമോ ഇല്ലാതെ ലൈംഗികത സാധ്യമാകുമ്പോൾ, അതിന് ഒരു ആത്മാര്‍ത്ഥതയോ വൈകാരിക തലങ്ങളോ ഇല്ലാതാകുന്നുവെന്നതാണ് ഇതിന് കാരമമെന്നാണ് ജെൻ സികളുടെ തന്നെ കണ്ടെത്തൽ.

3. ശ്രദ്ധയാണ് പുതിയ ട്രെൻഡ്

ബന്ധങ്ങളിൽ നിലനിൽകുന്ന പരസ്പര ശ്രദ്ധയും, സമയവുമാണ് ജെൻ സി-യെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയത്. സ്ഥിരമായി കൂടെയുണ്ടാവുക, ശ്രദ്ധയോടെ കാര്യങ്ങൾ കേൾക്കുക, കൈകോർത്തുപിടിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടുതൽ വൈകാരികമുള്ളവയായി അവർ കണക്കാക്കുന്നു.

കൈകോർക്കലിന്റെ പ്രാധാന്യം

വെറുതെയൊരു പ്രണയപ്രകടനം എന്നതിലുപരി, കൈകോർത്തുപിടിക്കുന്നത് പരസ്പരമുള്ള വിശ്വാസവും, സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നുവെന്ന് ജെൻ സി പറയുന്നു. ഇത് ഒരാളുമായി വളരെ ആഴത്തിലുള്ള വൈകാരികമായ ബന്ധത്തിന് കാരണമാകുന്നു. ലൈംഗിക ബന്ധം പലപ്പോഴും ശാരീരികമായ തൃപ്തി നൽകാൻ ശ്രമിക്കുമ്പോൾ, കൈകോർക്കൽ പാരാസിംപതിറ്റിക് നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ബന്ധങ്ങളിൽ പരസ്പര വിശ്വസം വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ദ്ധരും പറയുന്നു. ഇത് ഹൃദയമിടിപ്പ് കുറയ്ക്കാനും സഹാനുഭൂതി വളർത്താനും സഹായിക്കുന്നു. ചുരുക്കത്തിൽ, പല ജെൻ സി-ക്കാൾക്കും ശാരീരിക ബന്ധം ആദ്യ പടിയും, പക്ഷേ കൈകോർത്തുപിടിക്കൽ അവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാറ്റിവെക്കുന്ന, ഹൃദയബന്ധത്തിൻ്റെ വിശുദ്ധമായ ഒരനുഭവവും ആയാണ് അവര്‍ കാണുന്നത്.