മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യുന്നത് ഇന്നത്തെകാലത്ത് ഒരു ട്രെന്റായി മാറിയിരിക്കുകയാണല്ലോ. ഇതിനുവേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ പോയി കാശുകളയുന്നവരാണ് പലരും. സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ക്രീം ഉപയോഗിച്ചാണ് മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യുന്നത്. മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യാൻ‌ കൂടുതലും കെമിക്കലുകളാണ് ഉപയോ​ഗിക്കുന്നത്. 

കെമിക്കലുകൾ പൊതുവേ മുടിയുടെ ആരോ​ഗ്യത്തിന് അത്രനല്ലതല്ല. മുടി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സ്‌ട്രെയ്റ്റിനിംഗ് ചെയ്യാതെ വീട്ടിലിരുന്ന് തന്നെ സ്‌ട്രെയ്റ്റിനിംഗ് ചെയ്യാനാകും. പാർശ്വഫലങ്ങൾ ഒട്ടും ഇല്ലാതെ തന്നെ മുടി സ്‌ട്രെയ്റ്റിനിംഗ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം...

തൈരും പഴവും...

ചേരുവകള്‍..

 തൈര്                     1 കപ്പ്
 പഴം                         2 എണ്ണം
 തേന്‍                      2 ടേബിള്‍സ്പൂണ്‍

ചെയ്യേണ്ടത്...

ആദ്യം പഴം നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്ക് തൈരും തേനും ചേര്‍ത്ത് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക. 

മുടിയുടെ തുടക്കം മുതല്‍ അറ്റം വരെ ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. മുടിയുടെ നീളമനുസരിച്ച് തൈരിന്റെ അളവിലും വ്യത്യാസം വരുത്താം.

ഒരു മണിക്കൂര്‍ നേരം ഈ മിശ്രിതം തലയില്‍ തന്നെ വയ്ക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകാം.

എത്ര ചുരുണ്ട മുടിയും നീട്ടാന്‍ ഈ മിശ്രിതം സഹായിക്കും. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ അടുപ്പിച്ചു ചെയ്താല്‍ കൂടുതല്‍ ഗുണം ലഭിക്കും.

ഒലീവ് ഓയിലും മുട്ടയും...

ചേരുവകൾ...

ഒലീവ് ഓയിൽ                  3 ടീസ്പൂൺ
മുട്ട                                         2 എണ്ണം

ആദ്യം ഒലീവ് ഓയിലിൽ രണ്ട് മുട്ട ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക.

ഈ മിശ്രിതം തലയിൽ പുരട്ടുക. 15 മിനിറ്റ് മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും.

45 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം. ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസവും ഇത് പുരട്ടാം. 

പാലും തേനും...

ചേരുവകൾ....

പാൽ              1 കപ്പ്
തേൻ             2 ടീസ്പൂൺ
പഴം                1 എണ്ണം

ചെയ്യേണ്ടത്...

ആദ്യം ഒരു കപ്പ് പാലും തേനും നല്ല പോലെ മിക്സ് ചെയ്യുക. ശേഷം പഴം നല്ല പോലെ പേസ്റ്റാക്കി ഇതിലേക്ക് ചേർക്കാം.

 നല്ല പോലെ മിശ്രിതമാക്കിയ ശേഷം ഇത് തലയിലേക്ക് പുരട്ടാം.

15 മിനിറ്റ് ഇട്ട ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം.

ചുരുണ്ട മുടിയുള്ളവർ ഈ മിശ്രിതം ആഴ്ച്ചയിൽ മൂന്ന് തവണ പുരട്ടാം. മുടി നീളാൻ ഈ പാക്ക് സഹായിക്കും.