ജനിച്ച് അധികം വൈകാതെ തന്നെ, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞാണ് അവളെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. അതോടെ അവളെ വേണ്ടെന്ന് വയ്ക്കാനായിരുന്നു അവരുടെ തീരുമാനം.ഇത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകപരിശീലനം നല്‍കുന്നയിടത്ത് അവള്‍ വളരട്ടെയെന്ന് അവര്‍ തീരുമാനിച്ചു 

ആല്‍ബ, അതാണ് അവളുടെ പേര്. 2017ല്‍ ഇറ്റലിയില്‍ ഒരിടത്തരം കുടുംബത്തിലാണ് അവള്‍ ജനിച്ചത്. ജനിച്ച് അധികം വൈകാതെ തന്നെ, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞാണ് അവളെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. 

അതോടെ അവളെ വേണ്ടെന്ന് വയ്ക്കാനായിരുന്നു അവരുടെ തീരുമാനം.ഇത്തരം കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകപരിശീലനം നല്‍കുന്നയിടത്ത് അവള്‍ വളരട്ടെയെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍, അച്ഛനും അമ്മയുമെല്ലാം ജീവിച്ചിരിക്കെ അവള്‍ അനാഥയായി. 

കുഞ്ഞുങ്ങളെ ദത്തെടുക്കാനായി എത്തിയ പല കുടുംബങ്ങളും അവളെ കണ്ടു. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ ആരും അവളെ സ്വീകരിക്കാന്‍ തയ്യാറായില്ല. 

അങ്ങനെയിരിക്കെയാണ് സാമൂഹികപ്രവര്‍ത്തകനായ ലൂക്ക ട്രാപനീസ് എന്നയാള്‍ ആല്‍ബയെക്കുറിച്ച് അറിയുന്നത്. സ്വവര്‍ഗാനുരാഗിയായ ലൂക്ക തനിച്ചാണ് താമസിക്കുന്നത്. ആല്‍ബയെ കണ്ടയുടന്‍ തന്നെ അവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. 

View post on Instagram

സ്വവര്‍ഗാനുരാഗിയായ ഒരാള്‍ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കണമെങ്കില്‍ നിയമപരമായ പല കടമ്പകളും കടക്കണമായിരുന്നു. അതെല്ലാം വളരെ പാടുപെട്ട് പൂര്‍ത്തിയാക്കിയ ശേഷം, ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആല്‍ബയെ ലൂക്ക സ്വന്തമാക്കി. തുടര്‍ന്നിങ്ങോട്ടുള്ള ജീവിതം ഒരുപാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ചുവെന്ന് ലൂക്ക പറയുന്നു. 

ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞിന്റെ പിതാവെന്ന നിലയ്ക്ക് താന്‍ കടന്നുപോയ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നാല്‍പത്തിയൊന്നുകാരനായ ലൂക്ക, ഇതിനിടെ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. 

View post on Instagram

ജനിതകവ്യതിയാനം മൂലമുണ്ടാകുന്ന ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയെ ഒരു രോഗമായിട്ടാണ് പൊതുവേ ആളുകള്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ ലൂക്കയ്ക്ക് ഈ കാഴ്ചപ്പാടിനോട് വലിയ എതിര്‍പ്പാണ്. ഇത്തരത്തിലുള്ള മനുഷ്യരുടെ ആരോഗ്യപരമായ സാമൂഹികജീവിതത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ഒരാളാണ് താന്‍, അതിനാല്‍ അത്തരം കാഴ്ചപ്പാടുകളോട് യോജിക്കാനാകില്ലെന്നാണ് ലൂക്ക പറയുന്നത്. 

'എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഈ തീരുമാനം തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ വഴിത്തിരിവായത്. കുടുംബത്തെക്കുറിച്ചും, അച്ഛന്‍- അമ്മ എന്നിങ്ങനെയുള്ള സ്ഥാനങ്ങളെക്കുറിച്ചും, മതത്തെക്കുറിച്ചുമെല്ലാമുള്ള പരമ്പരാഗതമായ വീക്ഷണങ്ങളെ പൊളിക്കുന്നതായിരുന്നു എന്റെ തീരുമാനം. കുറവുകളുള്ള കുഞ്ഞ് എന്ന നിലയ്ക്കല്ല ഞാന്‍ ആല്‍ബയെ തെരഞ്ഞെടുത്തത്. അവളുടെ കഴിവുകളെ തിരിച്ചറിയാന്‍ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ബോധപൂര്‍വ്വം തെരഞ്ഞെടുത്തത് തന്നെയായിരുന്നു...'-ലൂക്ക പറയുന്നു. 

View post on Instagram

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട് ആല്‍ബയ്ക്കും അവളുടെ അച്ഛന്‍ ലൂക്കയ്ക്കും. ആല്‍ബയുടെ ഓരോ ചലനങ്ങളും ആസ്വദിച്ചും അവളെ അനുമോദിച്ചും സ്‌നേഹിച്ചും കൃത്യമായി ശിക്ഷണം നല്‍കിയുമെല്ലാം എങ്ങനെ ഒരു നല്ല പിതാവാകാം എന്നതിന് ഉത്തമ മാതൃകയാവുകയാണ് ലൂക്കയെന്ന് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം പറയുന്നു.

View post on Instagram

മകള്‍ക്കൊപ്പം അനുഭവിക്കുന്ന ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെല്ലാം പകര്‍ത്തി, അവയെല്ലാം ആളുകളുമായി പങ്കിടാന്‍ ലൂക്കയ്ക്കും ഇഷ്ടമാണ്. അച്ഛനും മകളുമൊത്തുള്ള ആ ചിത്രങ്ങള്‍ മാത്രം മതി, അവരെത്രമാത്രമാണ് ലോകത്തോട് പറയാനാഗ്രഹിക്കുന്നതെന്ന് അറിയാന്‍. അത്രയും ഊഷ്മളതയും സ്‌നേഹവും അനുഭവപ്പെടുന്നതാണ് അവരുടെ ഓരോ ചിത്രങ്ങളും. 

View post on Instagram