ചൈനയിലെ ഈനാംപേച്ചികൾക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമാണ്. കാരണം അവരുടെ ആയുസ്സ് വർധിപ്പിക്കുന്ന ഒരു തീരുമാനവുമായി ചൈനീസ് സർക്കാർ ഇന്നലെ രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിലെ പരമ്പരാഗത നാട്ടുചികിത്സയിലെ മരുന്നുകൾ തയ്യാർ ചെയ്യാൻ വേണ്ടി പിടികൂടി കൊല്ലാൻ അനുവാദമുള്ള വന്യജീവികളുടെ പട്ടികയിൽ നിന്ന് ഈനാംപേച്ചിയെ നീക്കം ചെയ്തുകൊണ്ട് കഴിഞ്ഞദിവസം ഗവൺമെന്റ് ഉത്തരവിട്ടു. ഇത് വളരെ വിപ്ലവകരമായ ഒരു നടപടിയാണ് എന്ന് ചൈനയിലെ പരിസ്ഥിതി സംരക്ഷകർ പറയുന്നു.

ചൈനയിൽ നിന്ന് പ്രസിദ്ധം ചെയ്യപ്പെടുന്ന 'ഹെൽത്ത് ടൈംസ്' എന്ന പത്രമാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചൈന ഈ മൃഗത്തെ 'സംരക്ഷിത' വിഭാഗത്തിലേക്ക് മാറ്റിയത്രേ. തോലിനും ഇറച്ചിക്കുമായി വേട്ടയാടപ്പെടുന്നത് കാരണം വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു ജീവിയാണ് ഈനാംപേച്ചി. വാജീകരണത്തിനും മറ്റുമുള്ള വിശേഷപ്പെട്ട നാട്ടുമരുന്നുകൾ തയ്യാർചെയ്യാനാണ് സാധാരണ ചൈനയിൽ ഈനാംപേച്ചിയുടെ മാംസവും തോലും ഒക്കെ പ്രയോജനപ്പെടുത്തുന്നത്.

പഴങ്ങൾ ഭുജിക്കുന്ന കാട്ടുവവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് കൊറോണവൈറസ് പടർന്നു പിടിച്ചത് ഈനാംപേച്ചികളിലൂടെയാണ് എന്നൊരു വാദം കൊവിഡ് വ്യാപനമുണ്ടായി അധികം താമസിയാതെ തന്നെ ഉയർന്നു വന്നിരുന്നു. മലേഷ്യയിൽ നിന്ന് ചൈനയിലേക്ക് കള്ളക്കടത്തിലൂടെ എത്തിയ ഈനാംപേച്ചികളിൽ മനുഷ്യരിൽ പടർന്നുപിടിച്ചിട്ടുള്ള കൊറോണവൈറസിനോട് സാമ്യമുള്ള രണ്ടു വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ഹോങ്കോങ് സർവകലാശാലയിലെ ഗവേഷകനായ ഡോ. ടോമി ലാം പറഞ്ഞിരുന്നു.

 നേച്ചർ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത പഠനം, വംശനാശ ഭീഷണി നേരിടുന്ന ഇത്തരം മൃഗങ്ങളെ ഒരു കാരണവശാലും വേട്ടയാടുകയോ, ആഹരിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരിക്ക് കാരണമായ SARS-CoV-2 വൈറസിന്റെയും വാഹകർ ഈനാംപേച്ചികളാണോ എന്നറിയാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് എന്നും നേച്ചർ മാസികയിലെ പഠനം പറഞ്ഞിരുന്നു.

ഹോഴ്സ് ഷൂ വവ്വാലുകളിൽ നിന്ന് ഈനാമ്പേച്ചികളിലേക്കും, അവരിൽ നിന്ന് മനുഷ്യരിലേക്കും പകർന്നതാകാം കൊറോണ വൈറസ് എന്ന സാമാന്യവാദം ഗവേഷകർ ഉന്നയിക്കുന്നുണ്ട് എങ്കിലും, എങ്ങനെ എന്നത് കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല ഇതുവരെ.

ഈനാംപേച്ചികളുടെ ശരീരത്തിൽ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ വേണ്ടി പ്രകൃതി നൽകിയിട്ടുള്ള പാളികളായി ഉള്ള തൊലിക്ക് വേണ്ടിയാണ് അവ പ്രധാനമായും വേട്ടയാടപ്പെടുന്നത്. കഴിഞ്ഞ വർഷം മാത്രം 130 ടണ്ണോളം ഈനാംപേച്ചിയുടെ തോലും കള്ളക്കടത്തിനിടെ പിടികൂടിയിട്ടുണ്ട്. ഇത് നാലുലക്ഷത്തിലധികം ഈനാംപേച്ചികളെ കൊന്നു ശേഖരിച്ചതാണ്. അതേ സമയം ചൈനക്കാരുടെ നാവിൽ വെള്ളമൂറുന്ന രുചിയാണ് ഈനാംപേച്ചി ഇറച്ചിക്കും.

വർഷത്തിൽ രണ്ടു ലക്ഷത്തോളം ഈനാംപേച്ചികളെ ഏഷ്യയിൽ മാത്രം ഭക്ഷണത്തിനായി കശാപ്പു ചെയുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. ഏതിനും, കൊവിഡ് വ്യാപനമുണ്ടായ ശേഷം ചൈന പല കാട്ടുമൃഗങ്ങളുടെയും കശാപ്പിന് തടയിട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം എട്ടിനം ഈനാംപേച്ചികളുടെ കച്ചവടം നിരോധിതമാണ് എങ്കിലും, ചൈനയിൽ അവയുടെ വേട്ടയും, ചന്തകളിൽ കൂട്ടിലിട്ട് പ്രദര്ശിപ്പിക്കലും, കശാപ്പും, പരസ്യമായ തോലുരിക്കലും, ഇറച്ചി വില്പനയും ഒക്കെ നിർബാധം തുടരുന്നുണ്ടായിരുന്നു.

ചൈനയുടെ 'സ്റ്റേറ്റ് ഫോറസ്ട്രി ആൻഡ് ഗ്രാസ് ലാൻഡ് അഡ്മിനിസ്ട്രേഷൻ' ആണ് ഇപ്പോൾ ട്രഡീഷണൽ ചൈനീസ് മെഡിസിൻ(TCM) ഫാർമക്കോപ്പോയിയ പട്ടികയിൽ നിന്ന് ഈനാംപേച്ചികളെ നീക്കം ചെയ്തുകൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്.

രാജ്യത്ത് ഹോട്ട്സ്‍പോട്ടുകളില്‍ മൂന്നില്‍ ഒരാള്‍ക്ക് കൊവിഡ് മുക്തിയെന്ന് ഐസിഎംആര്‍...