വെളുത്ത കൃഷ്ണമണിയും, നീല മുഖവുമുള്ള കുഞ്ഞ്. വൈറലായ ഒരു ഫോട്ടോയാണ് ഇത്. ഒറ്റനോട്ടത്തില്‍ ഹൊറര്‍ സിനിമകളിലൊക്കെ കാണുന്ന പ്രേതബാധയുള്ള കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഈ കുഞ്ഞ്?

ഫിന്‍ എന്ന കുഞ്ഞുവാവയാണ് ഈ ചിത്രത്തിലെ താരം. കുഞ്ഞുങ്ങളുടെ ചേഷ്ടകളും മറ്റ് കാര്യങ്ങളുമെല്ലാം നിരീക്ഷിക്കുന്നതിനായി മുറിയില്‍ ഘടിപ്പിച്ച് 'ബേബി മോണിട്ടറി'ല്‍ തെളിഞ്ഞ ഫിന്നിന്റെ നോട്ടം, അമ്മയായ എലീസ് ബാനിസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

'ആദ്യം ഈ സംഗതി കണ്ടപ്പോള്‍ ഞാനുമൊന്ന് ഞെട്ടി. ഉറക്കത്തിനിടെ അവന്‍ ഉണര്‍ന്നപ്പോള്‍ അറിയാതെ ക്യാമറയിലേക്ക് നോക്കിപ്പോയതാണ്. മുറിയില്‍ വെളിച്ചം കുറവായിരുന്നതിനാല്‍ ആകെ നീലനിറം ബാധിച്ച പോലെയായിരുന്നു അവന്റെ ശരീരം, അതിന് പുറമെ കണ്ണുകള്‍ തിളങ്ങുകയും ചെയ്തു. ഒരു രസത്തിന് വേണ്ടിയാണ് ഞാനിത് ചിത്രമാക്കി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തത്. പക്ഷേ ഇത്രത്തോളം ഇത് പോകുമെന്ന് അപ്പോള്‍ കരുതിയില്ല...'- എലീസ് പറയുന്നു. 

ട്വിറ്ററിലാണ് 'പേടിപ്പെടുത്തുന്ന കുഞ്ഞ്' വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. ഏതാണ്ട് നാല് ലക്ഷത്തിലധികം ലൈക്കും ആയിരക്കണക്കിന് ഷെയറുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചില മാതാപിതാക്കള്‍ ബേബി മോണിട്ടറില്‍ പതിഞ്ഞ കുഞ്ഞുങ്ങളുടെ സമാനമായ ചിത്രവും ഇതിനോടാപ്പം പങ്കുവച്ചിട്ടുണ്ട്.