Asianet News MalayalamAsianet News Malayalam

വില്ലന്‍ നായികയെ 'റെയ്പ്' ചെയ്യുന്നു; മറ്റ് മാര്‍ഗമില്ലാതെ നായിക അത് 'ആസ്വദിക്കുന്നു'...

'റെയ്പ് സീനുകളില്‍ കണ്ടിട്ടില്ലേ ആദ്യം ഒരു പൂവ് കാണിക്കും. റെയ്പ് കഴിയുമ്പോള്‍ ആ പൂവ്, പിച്ചിപ്പറിച്ച് നിലത്തിട്ടിരിക്കുന്ന നിലയിലും കാണാം. അതാണ് കളങ്കം. എന്താണ് അത് അര്‍ത്ഥമാക്കുന്നത്...'
 

how cinema or other media influence human sexual thoughts
Author
Trivandrum, First Published Oct 22, 2019, 7:09 PM IST

പഴയകാല മലയാളസിനിമകളില്‍ ഒരു പ്രധാന വാണിജ്യ ചേരുവയായിരുന്നു റെയ്പ്. വില്ലന്‍ നായികയേയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സ്ത്രീ കഥാപാത്രത്തേയോ ബലം പ്രയോഗിച്ച് തന്റെ ഇഷ്ടാനുസരണം ലൈംഗികതയ്ക്ക് വേണ്ടി 'ഉപയോഗിക്കുന്നു'. ഉപയോഗിക്കുന്നുവെന്ന പദം ചേരുംവണ്ണം അത്രമാത്രം വ്യക്തിത്വമില്ലാത്ത തരത്തിലായിരിക്കും സ്ത്രീ കഥാപാത്രത്തെ ചിത്രീകരിക്കുന്നത്. എങ്ങനെ വേണമെങ്കിലും വളച്ചൊടിക്കാവുന്ന ഒരു റബര്‍ ദണ്ഡ് പോലത്തെ കഥാപാത്രമെന്ന് വേണമെങ്കില്‍ പറയാം. 

ബാലന്‍. കെ നായരും, ജനാര്‍ദ്ദനനുമെല്ലാം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല ഇത്. ഒരുപക്ഷേ, അതെല്ലാം ഒരു കണക്കില്‍ 'വില്ലനിസം' ആയെങ്കിലും തള്ളിക്കളയാം. എന്നാല്‍ കാല്‍പനികമായ ചില 'വഴങ്ങിക്കൊടുക്കലു'കളുണ്ട്. രതിനിര്‍വേദത്തിലെ രതിച്ചേച്ചിയെ ഒരുക്കിയത് പോലൊക്കെ. യാതൊരുവിധ ആകര്‍ഷണവും തോന്നാതിരുന്നിട്ടും സ്പര്‍ശനത്തിലൂടെ ഒറ്റയടിക്ക് പുരുഷനില്‍ അടിപ്പെട്ട് പോകും പോലെ ഭ്രമിച്ചുവീഴുന്ന സ്ത്രീത്വം. ഇതുമല്ലെങ്കില്‍ പാലേരിമാണിക്യത്തിലെ ഹാജിയെപ്പോലുള്ള കരുത്തനും അധികാരിയുമായ പുരുഷനില്‍ വീഴാന്‍ വെമ്പുന്ന സ്ത്രീത്വം. എങ്ങനെയായാലും പുരുഷന് വഴങ്ങുന്നതിലാണ് സ്ത്രീയുടെ സംതൃപ്തിയെന്ന പറഞ്ഞുവയ്ക്കലാണ് സംഗതി. 

എന്തായാലും ഒരുകാലത്ത് മലയാള സിനിമ തകൃതിയായി ആഘോഷിച്ച റെയ്പ്- '22 ഫീമെയില്‍ കോട്ടയ'ത്തോടെ മാറിമറിഞ്ഞു. അതിക്രമിയെ എത്തരത്തില്‍ നേരിടണം, അല്ലെങ്കില്‍ ശിക്ഷിക്കണം എന്ന വിധിയൊക്കെ മാറ്റിനിര്‍ത്തിയാല്‍ മലയാളത്തില്‍ എന്താണ് റെയ്പ് എന്ന് പ്രഖ്യാപിക്കുന്ന ജനപ്രിയ സിനിമ '22 ഫീമെയില്‍ കോട്ടയം' തന്നെയാണെന്ന് നിസംശയം പറയാം. അതിന് മുമ്പ് തിരശ്ശീലയില്‍ അത്തരത്തില്‍ റെയ്പിനെ രാഷ്ട്രീയമായി സമീപിച്ച ശ്രമങ്ങളുണ്ടായില്ലെന്നല്ല, എന്നാല്‍ ഒരു തരംഗമായി മാറിയത് '22 ഫീമെയില്‍ കോട്ടയം' ആണെന്നതാണ് സത്യം. 

മലയാളികളെ അടിമുടി സ്വാധീനിച്ച ഒരു മീഡിയമാണ് അന്നും ഇന്നും സിനിമ. സിനിമ നമ്മളെയോ നമ്മള്‍ സിനിമയേയോ കാലാകാലങ്ങളില്‍ മാറിമാറി പ്രതിനിധീകരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തു. അതിനാല്‍ത്തന്നെ മലയാളിയുടെ മനസിനെ പഠിക്കാനും പരിശോധിക്കാനും സിനിമയില്‍ക്കവിഞ്ഞൊരു ആവിഷ്‌കാരം തിരയേണ്ടതുമില്ല. ഏത് കാലത്തും സിനിമ ഉള്‍പ്പെടെയുള്ള മീഡിയങ്ങളില്‍ സമാന്തരമായ ഒഴുക്കുകളുണ്ടായിരുന്നിരിക്കും. പക്ഷേ മുഖ്യധാര എപ്പോഴും പുരുഷ ഫാന്റസികള്‍ക്കൊപ്പം നിന്നുവെന്നതാണ് ശ്രദ്ധേയം. റെയ്പിനെ സംബന്ധിക്കുന്ന ചര്‍ച്ചയിലും സിനിമ കേന്ദ്ര കഥാപാത്രമാകുന്നത് ഇങ്ങനെയാണ്. 

എഴുത്തുകാരിയും സ്ത്രീപക്ഷവാദിയുമായ ജെ ദേവിക പറയുന്നു...

'റെയ്പിലൂടെ നേടിയെടുക്കേണ്ടതാണ് സ്ത്രീ ലൈംഗികത എന്നത്, അല്ലെങ്കില്‍ ലൈംഗികതയുടെ ആസ്വാദനം എന്നത് ഒരു പുരുഷ സങ്കല്‍പമാണ്. സിനിമ ഇതിനൊരു ഉദാഹരണമാണ്. ഒരുകാലത്ത് മലയാള സിനിമകളില്‍ സജീവമായ ഘടകം തന്നെയായിരുന്നു. വില്ലന്‍ റെയ്പ് ചെയ്യാന്‍ വരുന്നു, ബ്ലൗസോ കുപ്പായമോ കീറിയ നിലയില്‍ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി നില്‍ക്കുന്നു. അവരുടെ മേനി അത്തരത്തില്‍ കാണുന്നത് തന്നെയാണ് ലൈംഗികത എന്നുവരെ ചെറുപ്പക്കാരെ ചിന്തിപ്പിക്കാന്‍ അത്തരം സീനുകള്‍ പ്രേരിപ്പിച്ചു. സ്വതന്ത്രമായ സ്ത്രീ ലൈംഗികത എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. അതിക്രമം ആയ റെയ്പ് ആണ് മലയാളിബോധത്തിന് സെക്‌സ്. പക്ഷേ ഇപ്പോള്‍, മലയാള സിനിമയിലൊക്കെ എടുത്തുപറയത്തക്ക മാറ്റം വന്നുകഴിഞ്ഞു. എന്നാലും ഇപ്പോഴും പച്ചയ്ക്ക് റെയ്പ് ജോക്കൊക്കെ പറയുന്നവരുണ്ട്. വളരെയധികം നോര്‍മലൈസ് ചെയ്യപ്പെട്ട ഒരു ബോധമാണത്. അതുതന്നെയാണ് സിനിമയിലും കാണിച്ചിട്ടുള്ളത്...

...പണ്ട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്, ലൈംഗികാതിക്രമം നേരിട്ടാല്‍ ഒന്ന് കുളിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന്. അന്ന് അവരെന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതിരുന്ന പലരും അവരെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. റെയ്പ് ഒരതിക്രമമാണ്. കുറ്റമാണ്. അല്ലാതെ ലൈംഗികതയല്ല. അങ്ങനെ വരുമ്പോള്‍ അതില്‍ വയലന്‍സുണ്ട്. എന്നാല്‍ അതിനപ്പുറം ഒരു കളങ്കം, അല്ലെങ്കില്‍ പാപബോധം റെയ്പിനിരിയായ സ്ത്രീ ഉള്ളില്‍ സൂക്ഷിക്കരുത് എന്നായിരുന്നു മാധവിക്കുട്ടിയുടെ പരാമര്‍ശത്തിന് അടിസ്ഥാനം. എന്നാല്‍ ആ പരാമര്‍ശം അടിമുടി തെറ്റിദ്ധരിക്കപ്പെട്ടു....

നമ്മള് സിനിമയുടെ കാര്യം പറഞ്ഞുവല്ലോ, അതിലൊക്കെ റെയ്പ് സീനുകളില്‍ കണ്ടിട്ടില്ലേ ആദ്യം ഒരു പൂവ് കാണിക്കും. റെയ്പ് കഴിയുമ്പോള്‍ ആ പൂവ്, പിച്ചിപ്പറിച്ച് നിലത്തിട്ടിരിക്കുന്ന നിലയിലും കാണാം. അതാണ് കളങ്കം. എന്താണ് അത് അര്‍ത്ഥമാക്കുന്നത്. മാധവിക്കുട്ടിയുടെ പരാമര്‍ശം സത്യത്തില്‍ ഈ ചിത്രീകരണങ്ങള്‍ക്കുള്ള മറുപടിയായാണ് വായിക്കേണ്ടത്. പക്ഷേ ഇന്ന് നമ്മള്‍ കേള്‍ക്കുന്ന റെയ്പ് ജോക്കൊക്കെ റെയ്പില്‍ ഉള്‍ക്കൊള്ളുന്ന വയലന്‍സിനെ ലഘൂകരിക്കുന്നതാണ്....'

റെയ്പ് ജോക്കുകളും കയ്യടികളും...

'വിധി ബലാത്സംഗം പോലെയാണ്, പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണം...'- കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഫേസ്ബുക്കിലെഴുതിയ വാചകമാണിത്. എന്നാല്‍ സംഭവം വിവാദമായതോടെ അവര്‍ പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

നമ്മളാദ്യം ചര്‍ച്ച ചെയ്ത അതേ സങ്കല്‍പമാണ് ഈ റെയ്പ് ജോക്കിന് പിന്നിലെ ചിന്തയും. അതായത്, പ്രതിരോധിക്കാനാകാത്ത അതിക്രമത്തിന് വഴങ്ങിക്കൊടുക്കുക എന്ന രീതി. സത്യത്തില്‍ റെയ്പ് അത്തരമൊരു ആസ്വാദനത്തിന് വഴിയൊരുക്കുന്നുണ്ടോ? ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരാള്‍ കായികമായ തന്റെ ശേഷിയുപയോഗിച്ച് മറ്റൊരാളെ ആക്രമിക്കുകയും ഇഷ്ടാനുസരണം അയാളുടെ ശരീരത്തെ ഉപയോഗിക്കുകയും ചെയ്യുന്ന കുറ്റമാണ് റെയ്പ്. അവിടെ എങ്ങനെയാണ് ആസ്വാദനമുണ്ടാവുക!

എന്നാല്‍ റെയ്പ് എന്നതിന്റെ 'റിയാലിറ്റി'യെ കുറിച്ച് ഇത്രയ്‌ക്കൊന്നും ചിന്തിക്കാതെ എളുപ്പത്തില്‍ തന്നെ സിനിമകളിലെയോ പോണ്‍ ക്ലിപ്പുകളിലേയോ പുരുഷ ഫാന്റസിയോട് നമ്മള്‍ താദാത്മ്യപ്പെടുകയാണ്. റെയ്പുമായി ബന്ധപ്പെട്ട തമാശ പറയുമ്പോള്‍ പോലും, അതിന്റെ ഗൗരവത്തെക്കുറിച്ച് ഒട്ടും ബോധ്യത്തിലാകുന്നില്ല. 

മറ്റൊരാളെ കൊല്ലുന്നതുമായി ബന്ധപ്പെട്ടോ, മറ്റൊരാളുടെ സ്വത്തോ പണമോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ടോ, മറ്റൊരാളെ കായികമായി ആക്രമിക്കുന്നതുമായി ബന്ധപ്പെട്ടോ നമ്മള്‍ തമാശ പറയുന്നില്ല. പക്ഷേ റെയ്പ് നമുക്ക് തമാശയായി തുടരുകയും ചെയ്യുന്നു. ഇവിടെയാണ് ഒരു മനശാസ്ത്രപരമായ പരിശോധനയുടെ പ്രാധാന്യം...

നമ്മള്‍ ആരാണ്? നമ്മളെങ്ങനെ നമ്മളായി?

മുമ്പൊരിക്കല്‍ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തെ പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് റെയ്പ് വച്ച് വിശകലനം ചെയ്യാന്‍ ശ്രമിച്ചു. എന്നെ റെയ്പ് ചെയ്തവര്‍ക്ക് ഇവിടെ ശിക്ഷയൊന്നുമില്ലേയെന്ന് രൂപ ചോദിക്കുന്നുവെന്നായിരുന്നു ചേതന്‍ ഭഗതിന്റെ ട്വീറ്റ്. 

ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഒരെഴുത്തുകാരന്‍ ഇത്തരത്തില്‍ സംസാരിക്കാമോയെന്നതായിരുന്നു അന്ന് ഉയര്‍ന്ന് ഒരു പ്രധാന ചോദ്യം. സമൂഹത്തിലെ ഉന്നതമായ സ്ഥാനങ്ങളോ, മാതൃകാപരമായ പ്രതിച്ഛായയോ, അധികാരമോ, വിദ്യാഭ്യാസമോ, പ്രശസ്തിയോ ഒന്നും തന്നെ മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ വലിയ മാറ്റം വരുത്തുന്നില്ല എന്നതാണ് സത്യം. കൗണ്‍സിലിംഗ് സൈക്യാട്രിസ്റ്റായ ഡോ. അബ്ദുള്‍ സാദിഖ് എന്‍ കെ പറയുന്നത് കേള്‍ക്കൂ...

'വിദ്യാഭ്യാസമുള്ളവര്‍ അല്ലെങ്കില്‍ സമൂഹത്തില്‍ സ്ഥാനമാനമുള്ളവരൊന്നും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യില്ല എന്ന് നമ്മളെപ്പോഴും കരുതുന്നുണ്ട്. അത് തെറ്റിദ്ധാരണയാണ്. ഇപ്പോ, റെയ്പ് ജോക്കിനെ പറ്റി പറയുകയാണെങ്കില്‍ അതൊരു പെര്‍വേര്‍ട്ടഡ് ചിന്ത മാത്രമാണ്. അതിനെയൊരു വൈകല്യമായൊന്നും കണക്കാക്കാന്‍ പറ്റില്ല. അതേസമയം അത് ആരോഗ്യകരമാണെന്ന് പറയാനും കഴിയില്ല...

...നമ്മള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, നമ്മളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അത് സിനിമയാകട്ടെ, മറ്റ് മാധ്യമങ്ങളാകട്ടെ, വായനയാകട്ടെ എന്തുമാകട്ടെ അതില്‍ നിന്നാണ് ചിന്തകള്‍ ഉരുത്തിരിഞ്ഞ് വരുന്നത്. ആ അര്‍ത്ഥത്തില്‍ നമുക്കൊക്കെ കിട്ടിയ ശിക്ഷണത്തില്‍ പാളിച്ചകളുണ്ട്. അനാരോഗ്യകരമായ ചിന്തകളോടെ ഒരു നിശ്ചിത വിഭാഗം സമൂഹത്തില്‍ ജീവിക്കുന്നു. അവര്‍ക്ക് അംഗീകാരവും കിട്ടുന്നു. ചിലര്‍ ഈ ചിന്തകളൊക്കെ പ്രകടിപ്പിക്കുന്നു. മറ്റ് ചിലരാകട്ടെ, എല്ലാം ഉള്ളിലൊളിപ്പിക്കുന്നു..'

ഡോ. അബ്ദുള്‍ സാദിഖിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് വേണം മനസിലാക്കാന്‍. ഒരു വലിയ വിഭാഗം ആളുകള്‍ ഒരു കുറ്റകൃത്യത്തെ തമാശയായി ഉള്‍ക്കൊണ്ടിരിക്കുന്നു. ആത്മാര്‍ത്ഥമായും അതിന്റെ ശരികേടുകളെക്കുറിച്ച് അവര്‍ക്ക് ചിന്തയുമില്ല. അപ്പോള്‍ എവിടെയോ വച്ച്, ചില വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ നമുക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും അതേ പിഴവുകള്‍ തിരിച്ചറിയാതെ തുടരുകയും ചെയ്യുകയാണ്. എവിടെ വച്ചാണ് ഇനിയവ തിരിച്ചറിയുകയെന്നോ, എവിടം തൊട്ടതിനെ തിരുത്താമെന്നോ അറിവില്ല. എങ്കിലും മറ്റൊരാളെ മുറിപ്പെടുത്തുന്ന തമാശകള്‍ രാഷ്ട്രീയ ശരികളുടെ പേരിലെങ്കിലും പിടിച്ചുവയ്ക്കുന്നത് ഭാവിയില്‍ പുതിയൊരു ശീലത്തിന് തുടക്കമിട്ടാലോ. ഇങ്ങനെയെല്ലാം നമ്മള്‍ ശീലിച്ചുപോന്നത് തന്നെയല്ലേ ഈ തമാശകളും. അതുവരെയും വില്ലന്‍ നായികയെ 'റെയ്പ്' ചെയ്യുകയും മറ്റ് മാര്‍ഗമില്ലാതെ നായിക അത് 'ആസ്വദിക്കുകയും' ചെയ്യേണ്ടിവരും. തിരശ്ശീലയ്ക്കകത്തും അതിന് പുറത്തും...

Follow Us:
Download App:
  • android
  • ios