ചുണ്ടുകളിലെ കറുപ്പ് നിറം നിങ്ങളുടെ പുഞ്ചിരിക്ക് മങ്ങലേൽപ്പിക്കുന്നുണ്ടോ ? ലിപ് ബാം തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ വരുത്തുന്ന തെറ്റുകളാകാം ഇതിന് കാരണം. പിഗ്മെന്റഡ് ചുണ്ടുകൾക്ക് പ്രത്യേക പരിചരണവും കൃത്യമായ ചേരുവകളുള്ള ലിപ് ബാമുകളും അത്യാവശ്യമാണ്. 

ചുണ്ടുകളിലെ കറുപ്പ് നിറം അഥവാ പിഗ്മെന്റേഷൻ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വെയിൽ ഏൽക്കുന്നത് മുതൽ പാരമ്പര്യം വരെ ഇതിന് കാരണമാകാം. എന്നാൽ ശരിയായ ലിപ് ബാം തിരഞ്ഞെടുക്കുന്നതിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും. ലിപ് ബാം വാങ്ങുമ്പോൾ വെറുതെ മണമോ പാക്കിംഗോ നോക്കി വാങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. പിഗ്മെന്റഡ് ചുണ്ടുകൾ ഉള്ളവർ ലിപ് ബാം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം..

1. എസ്‌പിഎഫ് നിർബന്ധം

സൂര്യപ്രകാശത്തിലെ യുവി രശ്മികൾ ചുണ്ടുകളിലെ മെലാനിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും നിറം മാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ കുറഞ്ഞത് SPF 15 എങ്കിലും ഉള്ള ലിപ് ബാം തിരഞ്ഞെടുക്കുക. പുറത്തിറങ്ങുമ്പോൾ മാത്രമല്ല, വീടിനുള്ളിൽ ഇരിക്കുമ്പോഴും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.

2. ഘടകങ്ങൾ പരിശോധിക്കാം

ചുണ്ടിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്ന ചില പ്രത്യേക ഘടകങ്ങൾ അടങ്ങിയ ലിപ് ബാം നോക്കി വാങ്ങണം:

  • വിറ്റാമിൻ സി : ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ വിറ്റാമിൻ സി ചുണ്ടിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും.
  • വിറ്റാമിൻ ഇ : ഇത് ചുണ്ടുകൾക്ക് പോഷണം നൽകുകയും സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
  • ലിക്വിറൈസ് എക്സ്ട്രാക്റ്റ് : പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു പ്രകൃതിദത്ത ഘടകമാണിത്.
  • ഷിയ ബട്ടർ / കൊക്കോ ബട്ടർ: ഇവ ചുണ്ടുകൾക്ക് ആഴത്തിലുള്ള ഈർപ്പം നൽകുന്നു.

3. ഒഴിവാക്കേണ്ടവ

നിങ്ങളുടെ ചുണ്ടുകൾക്ക് നിറം മാറ്റമുണ്ടെങ്കിൽ താഴെ പറയുന്നവ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക:

  • മെന്തോൾ അല്ലെങ്കിൽ ഫിനോൾ (Menthol/Phenol): ഇവ താൽക്കാലികമായി കുളിർമ നൽകുമെങ്കിലും ചുണ്ടുകൾ കൂടുതൽ വരണ്ടതാക്കാൻ കാരണമാകും.
  • അമിതമായ പെർഫ്യൂം: കൃത്രിമ ഗന്ധങ്ങൾ അടങ്ങിയ ലിപ് ബാമുകൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കാനും കറുപ്പ് വർദ്ധിപ്പിക്കാനും ഇടയാക്കും.
  • പാരാബെൻസ്: ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന പ്രിസർവേറ്റീവുകൾ ഇല്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

4. ടിന്റഡ് ലിപ് ബാം

ചുണ്ടിലെ നിറവ്യത്യാസം താൽക്കാലികമായി മറയ്ക്കാൻ നേരിയ നിറമുള്ള ലിപ് ബാമുകൾ ഉപയോഗിക്കാം. ഇത് ചുണ്ടുകൾക്ക് നൈസർഗ്ഗികമായ ഭംഗി നൽകുന്നതിനൊപ്പം ഈർപ്പവും ഉറപ്പാക്കുന്നു.

5. രാത്രികാല പരിചരണം

രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഗ്ലിസറിനോ അല്ലെങ്കിൽ ലാനോലിൻ അടങ്ങിയ കട്ടിയുള്ള ലിപ് ബാമുകളോ ഉപയോഗിക്കുന്നത് പിഗ്മെന്റേഷൻ വേഗത്തിൽ കുറയ്ക്കാൻ സഹായിക്കും.

ടിപ്പ്: ലിപ് ബാം ഉപയോഗിക്കുന്നതിന് മുൻപായി ആഴ്ചയിൽ രണ്ടുതവണ മൃദുവായ ലിപ് സ്‌ക്രബ് ഉപയോഗിച്ച് ചുണ്ടുകളിലെ മൃതകോശങ്ങൾ നീക്കം യ്യുന്നത് ലിപ് ബാം ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കും.

ശരിയായ ലിപ് ബാം തിരഞ്ഞെടുക്കുന്നതിലൂടെ ചുണ്ടുകളുടെ ആരോഗ്യം സംരക്ഷിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സാധിക്കും.