പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മകാന്തി വർധിപ്പിക്കാനും ചർമ്മം തിളങ്ങാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

മുഖം തിളങ്ങാനും മൃദുലമാകാനും നമ്മള്‍ പല കുറുക്കുവഴികളും തേടാറുണ്ട്. എന്നാല്‍ പലതും ഫലം കണ്ടുകാണില്ല. ചർമ്മത്തിന്‍റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ സഹായകരമായ നിരവധി വസ്തുക്കൾ പ്രകൃതിയിലുണ്ട്.

പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മ്മകാന്തി വർധിപ്പിക്കാനും ചർമ്മം തിളങ്ങാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ചർമ്മം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും കറുത്ത പാടുകളെ അകറ്റാനും മഞ്ഞളുപയോഗിക്കുന്നത് അത്യുത്തമമാണ്. ഇതിനായി ഒരു നുള്ള് മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂണ്‍ പാലിൽ മിക്സ് ചെയ്ത് ഫേസ് പാക്കായി ഉപയോഗിക്കാം. അതുപോലെ മഞ്ഞൾപ്പൊടിയിൽ ഒരു സ്പൂൺ കടലമാവും തേനും രണ്ട് സ്പൂൺ പാലും യോജിപ്പിച്ച് ഉപയോഗിക്കുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

രണ്ട്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാർവാഴ ചർമ്മത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ഇതിനായി ഒരു സ്പൂൺ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അരസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്തും മുഖത്ത് പുരട്ടാം.

മൂന്ന്...

തേനും സൗന്ദര്യ സംരക്ഷണത്തിൽ അവിഭാജ്യ ഘടകമാണ്. ധാരാളം ആന്‍റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കറുത്തപാടുകൾ, മുഖക്കുരു എന്നിവയ്ക്കുള്ള പ്രതിവിധിയാണ് തേന്‍. ഇതിനായി ഒരു സ്പൂൺ തേൻ, കറ്റാർവാഴ ജെൽ, ചെറുനാരങ്ങാ നീര് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകാം. 

നാല്...

നിരവധി ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. പപ്പായ ചര്‍മ്മ സംരക്ഷണത്തിനും ഏറേ നല്ലതാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ പപ്പായ പൾപ്പിലേയ്ക്ക് ഒരു സ്പൂൺ തേൻ, ഒരു സ്പൂൺ ഓട്സ്, ആവശ്യത്തിന് തണുത്ത പാൽ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്തിടാം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

Also Read: നിങ്ങളുടേത് ഏത് തരം ചർമ്മമാണ്? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...