മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. ഒപ്പം ചിട്ടയായ ജീവിതശൈലിയും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രാവിലെ വെറും വയറ്റില്‍ ചെറുചൂടു വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ നല്ലതാണ്. ചെറുചൂടു വെള്ളത്തില്‍ നാരങ്ങാനീരും തേനും  ചേർത്ത് കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

2. രാവിലെ കുറച്ച് സമയം വ്യായാമം ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നടത്തം, യോഗ തുടങ്ങിയ എന്തു വ്യായാമവും ചെയ്യാം.

3. ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. മാത്രവുമല്ല, ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി ശരീരഭാരം കൂടാനും കാരണമാകും. 

4. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗമാണ് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ ഉപേക്ഷിച്ച് പോഷകങ്ങളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍  സഹായിക്കും. 

5. പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരം, എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തെ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെയും ക്ഷണിച്ചുവരുത്തും. കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറച്ച് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. 

6. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

7. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും  നല്ലതാണ്.  

8. സ്ട്രെസ് മൂലവും ചിലരില്‍ വണ്ണം ഉണ്ടാകാം. അതിനാല്‍ സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

9. ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ  വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. 

Also Read: ശരീരഭാരം കുറയ്ക്കണോ...? ബ്രേക്ക്ഫാസ്റ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ...