ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും  ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. 

കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. 

ഒന്ന്...

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകും. 

രണ്ട്...

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയർ കൂട്ടും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. 

മൂന്ന്...

ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക.

നാല്...

 ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും.

അഞ്ച്...

വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപെ വെള്ളം കുടിച്ചാൽ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും.

ആറ്...

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യനാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞതായും തോന്നിപ്പിക്കും.