ടൈലുകളുടെ വിവിധ ഓപ്‌ഷനുകളിൽ നിങ്ങളുടെ വീടിനകം മനസ്സിൽ സങ്കല്പിച്ചുനോക്കണം. എന്നിട്ട് അതിൽ ഏറ്റവും നല്ലതെന്നു നിങ്ങൾക്ക് തോന്നുന്ന ഒന്ന് ഉറപ്പിക്കണം.
ഇന്ന് വിപണിയിൽ നിരവധി ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനുള്ളിൽ പതിപ്പിക്കേണ്ട ടൈലുകൾ തെരഞ്ഞെടുക്കുക എന്നത് ഏറെ ക്ലേശകരമായ ഒരു ദൗത്യമാകും.
ഏത് തരത്തിലുള്ള ടൈൽ വേണം, ഏത് ഡിസൈൻ തെരഞ്ഞെടുക്കണം? എത്ര വലുതാവണം അത്? ഇന്റീരിയറിന്റെ ഡിസൈനുമായി ടൈൽ ഡിസൈൻ പൊരുത്തപ്പെടുമോ തുടങ്ങി പലതുമുണ്ട് ചിന്തിച്ചുറപ്പിക്കാൻ. നിങ്ങളുടെ വീടിനുവേണ്ട ടൈൽ തിരഞ്ഞെടുക്കുമ്പോഴും മേല്പറഞ്ഞതൊക്കെയും ആലോചിക്കേണ്ടതുണ്ട്. ഷോറൂമിൽ ചെല്ലുമ്പോൾ ആദ്യം കാണുന്ന ടൈലുകളിൽ ഏതെങ്കിലുമൊന്ന് ധൃതിപ്പെട്ടങ്ങ് തെരഞ്ഞെടുത്തേക്കരുത്. വിവിധ ഓപ്‌ഷനുകളിൽ നിങ്ങളുടെ വീടിനകം മനസ്സിൽ സങ്കല്പിച്ചുനോക്കണം. എന്നിട്ട് അതിൽ ഏറ്റവും നല്ലതെന്നു നിങ്ങൾക്ക് തോന്നുന്ന ഒന്ന് ഉറപ്പിക്കണം.

തെരഞ്ഞെടുക്കുന്ന ടൈലുകൾ, അതിനി ശുചിമുറിയുടേതായാലും, അടുക്കളയുടേതായാലും, അല്ല തുറസ്സായിടത്ത് ഇടുന്നതായാലും ശരി, പലതും ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം എളുപ്പം വറ്റുന്നതാണോ, വഴുക്കാതെ ഗ്രിപ്പ് വേണ്ടത്ര കിട്ടുന്നതാണോ? അങ്ങനെ പലതും.
നിങ്ങൾക്ക് ഫാൻസി ഡിസൈനുകൾ ആലോചിച്ച് തലപുണ്ണാക്കാൻ മനസ്സില്ല എങ്കിൽ, ബജറ്റ് ഡിസൈനുകളിലുള്ള ഇന്റീരിയർ പ്ലാൻ നിങ്ങളുടെ വീടിനു തെരഞ്ഞെടുക്കുക. അതാകുമ്പോൾ ലളിതമായ ഡിസൈനിലുള്ള ഈടുനിൽക്കുന്നയിനം ടൈലുകൾ എളുപ്പത്തിൽ തെരഞ്ഞെടുക്കാം.
ഇന്ത്യയിലെ ഷോറൂമുകളിൽ ടൈലുകൾ തെരഞ്ഞെടുക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രാഥമികമായ കാര്യങ്ങളെപ്പറ്റി പറയാം.
1. ടൈലിടാൻ പോകുന്ന സ്ഥലത്തെപ്പറ്റി മനസ്സിൽ കൃത്യമായ ഒരു ധാരണയുണ്ടാക്കുക
ടൈലിട്ടുകഴിഞ്ഞ സ്ഥലത്തുകൂടി എത്രമാത്രം ആളുകൾ അങ്ങോട്ടുമിങ്ങോട്ടും വന്നുപോകും എന്ന് നല്ല ധാരണവേണം. ഇടാൻ പോകുന്നത് ചുവരിലാണോ അതോ നിലത്തോ? നല്ല ജനസഞ്ചാരമുണ്ടാകാൻ സാധ്യതയുള്ള നിലമാണോ? അകത്താണോ ടൈലിടേണ്ടത് അതോ ഈർപ്പമുണ്ടാകാൻ സാധ്യതയുള്ള പുറം ഭാഗങ്ങളിൽ ആണോ? ഇങ്ങനെ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ പലതുണ്ട്.
അടുക്കളയിലെ നിലത്താണ് ടൈൽ ഇടാൻ പോകുന്നത് എങ്കിൽ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഈടുനിൽക്കുന ടൈലുകളാകണം ഇടുന്നത്. എളുപ്പത്തിൽ പോറലുകൾ വീഴാൻ പാടില്ല. കറകൾ വീഴാൻ സാധ്യതകളുണ്ട്, അവ എളുപ്പത്തിൽ എടുത്ത് കാണിക്കാൻ പാടില്ല.

