മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ആദ്യപടിയായി അവരവരുടെ ചർമ്മത്തിന്‍റെ സ്വഭാവം അറിയണം. ചിലര്‍ക്ക് മുഖക്കുരു, കറുത്തപാട്, എണ്ണമയം എന്നിങ്ങനെയുള്ള ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാം. അതില്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. 

മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുഖക്കുരുവിന്‍റെ പാടുകള്‍ ഉളള ഭാഗത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. 

രണ്ട്...

ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാസ്‌ക് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം. 

മൂന്ന്...

ഉള്ളി സത്ത് ചർമ്മത്തിലെ പാടുകൾ കുറയ്ക്കുകയും മയപ്പെടുത്തുകയും ചെയ്യും. ഇതിനായി അല്പം ഉള്ളിനീര് പാടുകളുടെ മുകളിൽ പുരട്ടി അൽപനേരം കഴിഞ്ഞ് കഴുകി വൃത്തിയാക്കാം.

നാല്...

കറ്റാർവാഴ ചര്‍മ്മസംരക്ഷണത്തിന് മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

മുഖക്കുരുവിനെ തടയാനും പിഗ്മെന്റേഷനെ കുറച്ചുകൊണ്ട് പാടുകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. നനച്ച ഗ്രീൻ ടീ ഇലകൾ തേനിൽ കലർത്തി ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. 

ആറ്...

മുഖക്കുരുവിന്റെ പാടുകളെ നീക്കം ചെയ്യുന്നതിനായി ഏറ്റവും പഴക്കമേറിയതും ഫലപ്രദവുമായ മാർഗ്ഗമാണ് മഞ്ഞൾ. ഇതിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖക്കുരുവിനെയും അതിന്റെ പാടുകളെയും അകറ്റാന്‍ സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ നാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖക്കുരുവിലും പാടുകളുള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നുവോ? ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...