Asianet News MalayalamAsianet News Malayalam

' എപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് ചിന്തിച്ചു സമയം കളയുന്നതിൽ അർത്ഥമില്ല'

നമ്മൾ ചിന്തിക്കുന്നതിന്റെയും മറ്റുള്ളവർ പറയുന്നതിന്റെയും എല്ലാ വശങ്ങളെയും അടിസ്ഥാനമാക്കിവേണം ചിന്തിക്കാൻ. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്ന ആളുകൾ ഒരു ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സ്വയം ഒരു പരാജയമാണ് എന്നത് പലപ്പോഴും തെറ്റായ ധാരണ ആയിരിക്കും.

How to Stop Negative Thoughts
Author
First Published Aug 16, 2024, 10:49 AM IST | Last Updated Aug 16, 2024, 11:34 AM IST

എപ്പോഴും നെ​ഗറ്റീവ് ചിന്തകളാണ് വരാറുള്ളതെന്ന് പലരും പറയാറുണ്ട്. നെ​ഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാനും ആ സമയത്തെ മാനസികാവസ്ഥയെ തരണം ചെയ്യാനുമെല്ലാം നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച്  ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം.

ചെറുപ്പം മുതലേ മറ്റുള്ളവർ നമ്മളെപ്പറ്റി എന്തു പറയുന്നു എന്നതിനെപ്പറ്റി നമ്മൾ വളരെ ശ്രദ്ധ നൽകുന്നവർ ആയിരിക്കും. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്കു ചുറ്റുമുള്ളവർ നമ്മളെ അനുമോദിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ഉയർത്തും. ഇത് എല്ലാ മനുഷ്യരുടെയും സ്വാഭാവികമായ ഒരു രീതിയാണ്. പക്ഷേ ചില വ്യക്തികളിൽ പൂർണ്ണമായും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിക്കുന്ന ഒരു രീതി ഉണ്ടായേക്കാം. ചില സമയങ്ങളിൽ മറ്റുള്ളവർ നമ്മളെപ്പറ്റി പോസിറ്റീവായി പറയുന്നില്ല എന്ന കാരണത്താൽ നമ്മൾ വിഷമിച്ചുപോകാം. പല കാര്യങ്ങളും ശ്രമിച്ചുനോക്കാൻ പോലും തയ്യാറാവാതെ ഇരിക്കുന്ന അവസ്ഥ ഇതുമൂലം ഉണ്ടായേക്കാം.

എന്നാൽ പലപ്പോഴും മറ്റൊരാൾ നമ്മളെപ്പറ്റി നെഗറ്റീവ് ആയി പറയാൻ കാരണം അപ്പോഴത്തെ അവരുടെ മാനസികാവസ്ഥയുടെ പ്രശ്നം കൊണ്ടാകാം. നമ്മളെക്കുറിച്ച് അവർ പറയുന്ന അഭിപ്രായങ്ങൾ നമ്മളുമായി യാതൊരുവിധ ബന്ധവുമില്ലാത്തതുമാകാം. ഉദാ: അവളെ എനിക്കിഷ്ടമല്ല എന്ന് പറയുന്ന ഒരാൾക്ക് അവളെ കാണുമ്പോൾ മുൻപ് സ്കൂളിൽ നിരന്തരം വഴക്കു പറഞ്ഞിരുന്ന ഒരു ടീച്ചറിനെ ഓർമ്മവരുന്നു എന്നതുകൊണ്ടാകാം ഇഷ്ട്ടമില്ല എന്ന് പറയുന്നത്. ഇത് അവളുടെ വ്യക്തിത്വമോ സ്വഭാവവുമായോ യാതൊരുവിധ ബന്ധവും ഉണ്ടാകുവാൻ സാധ്യതയില്ല.

പലപ്പോഴും നമ്മൾ എന്താണെന്നു നമ്മൾ തന്നെ വിചാരിക്കുന്നത് ശരിയാകണം എന്നില്ല. ഉദാ: ഒരുകൂട്ടം ആളുകളെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ ഞാൻ പരാജയപ്പെട്ടു. അതുകൊണ്ട് ഞാൻ എല്ലാരീതിയിലും ഒരു പരാജയമാണ് എന്ന് ഞാൻ ചിന്തിക്കുന്നു. പ്രാഞ്ചിയേട്ടൻ സിനിമയിലെപോലെ പ്രസംഗത്തിൽ തോറ്റുപോയപ്പോൾ താൻ എത്രമാത്രം വിജയിച്ച ബിസിനസുകാരൻ ആണെന്നത്തിന് യാതൊരു പ്രാധാന്യവും നൽകാതെ പോകുന്നു. പത്മശ്രീ നേടുന്നതും, തിരഞ്ഞെടുപ്പിൽ ജയിക്കുന്നതും, ഇംഗ്ലീഷ് ഉപയോഗിക്കാൻ കഴിയുന്നത്തിലൂടെയും ഒക്കെ മാത്രമേ മറ്റുള്ളവരുടെ  അംഗീകാരം നേടാൻ കഴിയൂ എന്ന് വിശ്വസിക്കുന്നു. അതൊന്നും നല്ലതല്ല എന്നല്ല. പക്ഷേ ഉള്ള കഴിവുകളെയും നന്മകളെയുമൊക്കെ അങ്ങേയറ്റം നിസ്സാരമായി കാണുന്നു എങ്കിൽ അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകർക്കും.

അതുപോലെതന്നെ മറ്റൊരാൾ നമ്മളെപ്പറ്റി പറയുന്നതിനെ മാത്രം അടിസ്ഥാനമാക്കി നമ്മുടെ വ്യക്തിത്വത്തെ മനസ്സിലാക്കാൻ നമുക്കു കഴിയില്ല. ഉദാ: എപ്പോഴും വഴക്കുകളും പ്രശ്നങ്ങളുമുള്ള ഒരു വീട്ടിൽ കുട്ടിയെ അമ്മ നിരന്തരം കുറ്റപ്പെടുത്തുന്നു. അവന്റെ കൈതട്ടി അറിയാതെ ഒരു ഗ്ലാസ് പൊട്ടിയാലോ പോലും അവൻ ഒരു പരാജയമാണ്, അവനെക്കൊണ്ട് എല്ലാവർക്കും ശല്യമാണ് എന്നെല്ലാം പറയുകയാണ് എന്നിരിക്കട്ടെ. അവൻ പഠനത്തിൽ മിടുക്കനും, കൂട്ടുകാരെ സഹായിക്കുന്നവയും ഒക്കെയാണ് എന്ന വസ്തുത പൂർണ്ണമായും മറന്നുകൊണ്ട് ഭർത്താവിനോടുള്ള ദേഷ്യം മകനോട് ആ അമ്മ കാണിക്കുകയാകാം. ഇത്തരം സാഹചര്യങ്ങളിൽ മറ്റൊരാൾ പറയുന്നതിനെ മാത്രം കേട്ടുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ വ്യക്തിത്വത്തെ മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ നിരന്തരം തന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റാതെപോലും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരുമ്പോൾ അതൊരു വ്യക്തിയുടെ ആത്മവിശ്വാസത്തെ വളരെ നെഗറ്റീവ് ആയി ബാധിക്കാൻ സാധ്യത അധികമാണ്.

നമ്മൾ ചിന്തിക്കുന്നതിന്റെയും മറ്റുള്ളവർ പറയുന്നതിന്റെയും എല്ലാ വശങ്ങളെയും അടിസ്ഥാനമാക്കിവേണം ചിന്തിക്കാൻ. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്ന ആളുകൾ ഒരു ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സ്വയം ഒരു പരാജയമാണ് എന്നത് പലപ്പോഴും തെറ്റായ ധാരണ ആയിരിക്കും. മുൻപ് ജീവിതത്തിൽ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഒരു സുഹൃത്തിനെ സഹായിച്ചതും, ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയ സമ്മാനത്തെക്കുറിച്ചും എല്ലാം എഴുതാൻ ശ്രമിക്കാം. എപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് ചിന്തിച്ചു സമയം കളയുന്നതിൽ അർത്ഥമില്ല. പകരം ചെറുതെങ്കിലും സ്വന്തം നന്മകളെ ഓർത്തെടുത്തു മനസ്സിൽ അല്പം സമാധാനം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. മറ്റുള്ളവർ നമ്മുടെ നന്മ തിരിച്ചയുന്നില്ല എന്ന സാഹചര്യങ്ങളിൽ സ്വന്തം നന്മ കാണാനും അവയ്ക്കു പ്രാധാന്യം നൽകാനും ശ്രമിക്കുക. 

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

'ഒറ്റപ്പെടൽ അനുഭവിക്കുന്നവരിൽ സ്മൈലിം​ഗ് ഡിപ്രെഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ'

 

Latest Videos
Follow Us:
Download App:
  • android
  • ios