ഉയരക്കുറവിനെ തുടര്‍ന്ന് സ്‌കൂളില്‍ കൂട്ടുകാരാല്‍ കളിയാക്കപ്പെട്ടതില്‍ മനം നൊന്ത് കരയുന്ന ക്വാഡന്‍ ബെയില്‍സ് എന്ന ഒമ്പതുകാരന്റെ വീഡിയോ വൈറലായിട്ട് ദിവസങ്ങളായില്ല. പരിഹാസങ്ങള്‍ കൊണ്ട് ഒരു മനുഷ്യനെ തോല്‍പിക്കാനാവില്ലെന്ന വാദവുമായി പ്രമുഖരായ വ്യക്തിത്വങ്ങളാണ് ക്വാഡന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. അതിന് പിന്നാലെയിതാ, ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ഒരു ട്വീറ്റ്. 

വിക്കുള്ള വിദ്യാര്‍ത്ഥിയെ അപമാനിച്ച പ്രൊഫസറെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ട്വീറ്റ്. ചെറുപ്പകാലത്ത് വിക്കുണ്ടായിരുന്നതിനാല്‍ ഏറെ പരിഹാസങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്ന് ഹൃത്വിക് റോഷന്‍ പല അഭിമുഖങ്ങളിലും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പതിമൂന്ന് വയസ് മുതല്‍ വിക്ക് നിയന്ത്രിക്കാന്‍ പലതരം പരിശീലനങ്ങള്‍ ഹൃത്വിക് ചെയ്യുമായിരുന്നുവെന്ന് സഹോദരിയും പിന്നീട് പരസ്യമായി പറഞ്ഞിട്ടുണ്ട്. നടി സമീറ റെഡ്ഡിയും വിക്ക് ഒരു പ്രശ്‌നമായി വന്ന സാഹചര്യത്തില്‍ തന്നെ സഹായിച്ചത് ഹൃത്വിക് ആണെന്ന് വെളിപ്പെടുത്തിയിരുന്നു. അത്തരത്തില്‍ താന്‍ നേരിട്ട ഒരു പ്രശ്‌നമായിരുന്നതിനാലാകാം, വളരെ ശക്തമായിട്ടാണ് ഹൃത്വിക് ഈ വിഷയത്തിലും ഇടപെട്ടിരിക്കുന്നത്. 

ഒരു പേപ്പര്‍ അവതരിപ്പിക്കുന്നതിനിടെ വിക്ക് വന്നപ്പോള്‍ 'നേരെ സംസാരിക്കാനാകുന്നില്ലെങ്കില്‍ ഇതിനൊന്നും നില്‍ക്കരുത്' എന്നര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയോട് സംസാരിച്ചു എന്നതായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയുടെ ബന്ധുവാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് ഇതിന് മറുപടിയെന്നോണമാണ് ഹൃത്വിക് എഴുതിയിരിക്കുന്നത്. 

 

 

'നിങ്ങള്‍ നിങ്ങളുടെ കസിനോട് പറയണം, ആ പ്രൊഫസറും അദ്ദേഹത്തിന്റെ വാക്കുകളും ഒട്ടും പ്രാധാന്യമര്‍ഹിക്കുന്നില്ലെന്ന്. വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിന് വിക്ക് ഒരു തടസമേയല്ല. വിക്കുണ്ടായത് അവന്റെ തെറ്റ് കൊണ്ടല്ലെന്നും, അതിന്റെ പേരില്‍ ഒരിക്കലും ലജ്ജിക്കാന്‍ നില്‍ക്കരുതെന്നും അവനോട് നിങ്ങള്‍ പറയണം. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാസവുമായി വരുന്നവര്‍ തലച്ചോറില്ലാത്ത കുരങ്ങുകളെക്കാള്‍ ഒട്ടും ഭേദമല്ലാത്തവരാണെന്ന് മനസിലാക്കുക...'- ഇതായിരുന്നു ഹൃത്വികിന്റെ ട്വീറ്റ്. 

പൊതുവേ ഏത് വിഷയങ്ങളോടായാലും രമ്യമായി മാത്രം പ്രതികരിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്ന നടനാണ് ഹൃത്വിക്. എന്നാല്‍ ഇത് തന്റെ കൂടി അനുഭവമായതിനാലാകാം വൈകാരികമായി അല്‍പം പരുഷമായ ഭാഷ തന്നെ അദ്ദേഹം ഉപയോഗിച്ചത്. ശാരീരികമായ വ്യത്യാസങ്ങളുടെ പേരില്‍ വ്യക്തികളെ പരിഹസിക്കുന്നതും അതുവഴി അവരെ മാനസികമായി തളര്‍ത്തുന്നത് സമൂഹത്തില്‍ നിത്യമായി കാണുന്ന കാഴ്ചയാണ്. എന്നാല്‍ അതെത്രമാത്രം ഒരാളെ ഇല്ലാതാക്കുമെന്ന് പലപ്പോഴും നമ്മള്‍ ചിന്തിക്കാറില്ലെന്ന് മാത്രം.