ലൈംഗികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സെക്സോളജിസ്റ്റായ ഡോ കെ പ്രമോദ് എഴുതുന്നു. sexual health importance 

മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ലൈംഗികാരോഗ്യം. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമാകാൻ ആവശ്യമായ ഘടകമാണ് ഇത്. എങ്കിലും ഇന്നും “സെക്ഷ്വൽ ഹെൽത്ത്” എന്ന പദം കേൾക്കുമ്പോൾ പലർക്കും ലജ്ജയോ ഭയമോ തോന്നുന്നു. വിദ്യാഭ്യാസം, മെഡിക്കൽ പുരോഗതി, സോഷ്യൽ മീഡിയയിലെ തുറന്ന ചർച്ചകൾ എല്ലാം ഉണ്ടായിട്ടും ലൈംഗികാരോഗ്യത്തെപ്പറ്റി തുറന്നു പറയാൻ സമൂഹം ഇപ്പോഴും പിറകോട്ടാണ്.

ലൈംഗികാരോഗ്യം: ശാരീരിക-മാനസികാരോഗ്യത്തിന്റെ അവിഭാജ്യ ഘടകം

ലൈംഗികാരോഗ്യം വെറും ലൈംഗിക ബന്ധത്തെപ്പറ്റിയുള്ള അറിവ് മാത്രമല്ല. ശരീരത്തിലെ ഹോർമോണുകളുടെ സംതുലിതാവസ്ഥ, മാനസിക സമ്മർദ്ദം, ആത്മവിശ്വാസം, ബന്ധങ്ങൾ എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗികാരോഗ്യം സംരക്ഷിക്കുന്നത് വ്യക്തിയുടെ സമഗ്ര ആരോഗ്യം ഉറപ്പാക്കാനുള്ള മാർഗമാണ്.

ലൈംഗിക സാംക്രമിക രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കേണ്ടതും അത്തരം അസുഖങ്ങൾ പിടിപെട്ടാലോ അഥവാ പിടിപെട്ടുവെന്ന സംശയമോ ഉണ്ടെങ്കിൽ ആവശ്യമുള്ള പരിശോധനകൾ നടത്തി രോഗം നേരത്തെ തന്നെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാം. അതുപോലെ തന്നെ ഹോർമോൺ അസന്തുലിതാവസ്ഥ, ലൈംഗിക ആഗ്രഹത്തിലെ മാറ്റം, ഉദ്ധാരണക്കുറവ്,സ്ത്രീ- പുരുഷ പ്രജനനപ്രശ്നങ്ങൾ എന്നിവയും വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ വിജയകരമായി പരിഹരിക്കാവുന്നതാണ്.

തുറന്നുപറയാൻ മടിയ്ക്കുന്ന സമൂഹം

പലരും ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറയാൻ മടിക്കുന്നത് “സമൂഹം എന്ത് ചിന്തിക്കും” എന്ന ഭയം കൊണ്ടാണ്. വീട്ടിൽ, സ്കൂളിൽ, അഥവാ പൊതുസമൂഹത്തിൽ ഈ വിഷയങ്ങളെപ്പറ്റി തുറന്ന ചർച്ചകൾ നടക്കാത്തത് പ്രശ്നം വലുതാക്കുന്നു.

കൂടാതെ, ലൈംഗികാരോഗ്യ പ്രശ്നങ്ങളെയും രോഗങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും ആളുകൾ ചികിത്സ തേടാൻ മടിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളിലോ നിന്നും കിട്ടുന്ന തെറ്റായ നിർദേശങ്ങൾ അനുസരിച്ച് സ്വയം മരുന്ന് കഴിക്കുന്നവരും ഉണ്ട് — ഇത് പ്രശ്‌നം കൂടുതൽ വഷളാക്കും.

എപ്പോഴാണ് സെക്സോളജിസ്റ്റിനെ കാണേണ്ടത്?

ഒരു സെക്സോളജിസ്റ്റ് (Sexologist) ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കും ശാസ്ത്രീയമായ മാർഗനിർദേശവും ചികിത്സയും നൽകുന്ന വിദഗ്ധനാണ്. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉടൻ സെക്സോളജിസ്റ്റിനെ കാണേണ്ടതാണ്:

1. താൻ ആഗ്രഹിക്കുന്ന വിധത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാനോ അതു പൂർത്തിയാക്കാനോ കഴിയാത്ത അവസ്ഥ

2. ലൈംഗികബന്ധത്തിനിടയിൽ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ

3. ലൈംഗിക ആഗ്രഹം കുറയുകയോ അസാധാരണമാകുകയോ ചെയ്യുമ്പോൾ

4. ലൈംഗികതയെക്കുറിച്ചുള്ള ഭയം, ആശങ്ക, കുറ്റബോധം എന്നിവ അനുഭവപ്പെടുമ്പോൾ

5. തന്റെ സ്വന്തം ഇഷ്ടപ്രകാരം സ്ഖലനം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ

6 . ലൈംഗിക പ്രശ്‍നങ്ങളും ലൈംഗിക രോഗങ്ങളും (അസാധാരണ സ്രാവം, പാടുകൾ, കുരു മുതലായവ) അനുഭവപ്പെടുമ്പോൾ

7. പ്രജനന പ്രശ്നങ്ങൾ/വന്ധത്യത (Infertility) അനുഭവപ്പെടുമ്പോൾ

തുറന്ന ചർച്ചകൾക്ക് സമയമായി

സെക്സോളജിസ്റ്റിനെ കാണുന്നത് ഒരിക്കലും “ലജ്ജാകരമായ” കാര്യം അല്ല. അത് ശരീരത്തെയും മനസ്സിനെയും ആരോഗ്യമാക്കാനുള്ള ഉത്തരവാദിത്വമായ തീരുമാനമാണ്.

സമൂഹം ഈ വിഷയങ്ങൾ തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണ്. സ്‌കൂളുകളിലും കോളേജുകളിലും ലൈംഗികാരോഗ്യ വിദ്യാഭ്യാസം ഉൾപ്പെടുത്തുക, ഡോക്ടർമാരുടെ മാർഗനിർദേശത്തിൽ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാക്കുക, മാധ്യമങ്ങൾ വഴി തെറ്റായ ധാരണകൾ നീക്കുക —തുടങ്ങിയവയെല്ലാം ഒരു മാറ്റത്തിന് സഹായകരമാകും. സെക്ഷ്വൽ ഹെൽത്ത് ശരീരത്തിൻറെ മാത്രം കാര്യമല്ല — അത് ആത്മവിശ്വാസത്തിന്റെയും, മാനസിക സമാധാനത്തിന്റെയും, നല്ല ബന്ധങ്ങളുടെയും ആരോഗ്യത്തിന്റെയും അടിത്തറയാണ്. ആരോഗ്യം എന്നത് വെറും രോഗമില്ലായ്മയല്ല. ശാരീരികം, മാനസികം, സാമൂഹികം, ലൈംഗികം — എല്ലാം ചേർന്നുള്ള സമഗ്ര ക്ഷേമമാണ് യഥാർത്ഥ ആരോഗ്യം.

എഴുതിയത്: 

ഡോ കെ പ്രമോദ്, (DR. K Pramodu)

സെക്സോളജിസ്റ്റ്,

ഡോ പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മരിറ്റൽ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് (NABH അക്രെഡിറ്റഡ് ഹോസ്പിറ്റൽ)