കാണാതെ പോയ ആഭരണം തപ്പുന്നതിനിടെ ഒരു കുടുംബത്തിന് ഇതുപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലോക്കറ്റുകളും മറ്റും ലഭിച്ചിരിക്കുകയാണ്. 

ചരിത്രപ്രാധാന്യമുള്ള പലയിടങ്ങളിലും ഇപ്പോഴും മരങ്ങള്‍ക്കും മണ്ണിനുമടിയില്‍ സ്വര്‍ണവും രത്നവുമൊക്കെയായി നിധികളൊളിഞ്ഞിരിക്കുന്നുണ്ടെന്നാണല്ലോ പറഞ്ഞുകേള്‍ക്കാറ്. എന്നാല്‍ മിക്കവര്‍ക്കും ഇപ്പറയുന്ന 'നിധി'യിലൊന്നും വിശ്വാസമില്ല എന്നതാണ് സത്യം. 

പക്ഷേ നിധികള്‍ ഉള്ളത് തന്നെയാണെന്നതാണ് സത്യം. പലപ്പോഴും നിധികളുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന കഥകളായിരിക്കും അവിശ്വസനീയവും കള്ളവും. 

നൂറ്റാണ്ടുകള്‍ക്ക് അപ്പുറം തൊട്ട് ഓരോ കാലത്തിലും ഓരോ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യത്തിലും ഒളിപ്പിക്കപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ സംസ്കരിക്കപ്പെട്ടതോ ആയ വില കൂടിയ ആഭരണങ്ങള്‍, കല്ലുകള്‍, ഉപകരണങ്ങള്‍, നാണയങ്ങള്‍, കലാസൃഷ്ടികള്‍. ചരിത്രപ്രാധാന്യമുള്ള രേഖകള്‍ എല്ലാം 'നിധി' തന്നെ. ഇവയുടെ പഴക്കവും പ്രാധാന്യവുമാണ് ഇവയുടെ മൂല്യം നിശ്ചയിക്കുന്നത്. 

എങ്കിലും സ്വര്‍ണവും നാണയങ്ങളും ആഭരണങ്ങളും കല്ലുകളുമെല്ലാമാണ് ശരിക്കും ആളുകള്‍ നിധിയായി കണക്കാക്കുന്നത്. ഇത്തരത്തിലൊരു നിധിശേഖരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നോര്‍വേയില്‍ ഒരു അമ്പത്തിയൊന്നുകാരന് ലഭിച്ചിരുന്നു. എര്‍ലൻഡ് ബോര്‍ എന്ന മനുഷ്യൻ ഒരു ഹോബി എന്ന നിലയില്‍ മെറ്റല്‍ ഡിറ്റക്ടറുമായി വീടിനുചുറ്റുമുള്ള പ്രദേശത്തുകൂടി നടക്കുന്നത് പതിവാണത്രേ.

കുട്ടിക്കാലത്ത് പുരാവസ്തു ശാസ്ത്രജ്ഞൻ ആകാനായിരുന്നുവത്രേ ബോറിന്‍റെ ആഗ്രഹം. ഇങ്ങനെയൊരാഗ്രഹമുണ്ടായിരുന്നതിനാലാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ധാരാളം നടക്കണമെന്നും വീട്ടിനുള്ളില്‍ തന്നെയിരിക്കരുതെന്നും ഡോക്ടര്‍ നിര്‍ദേശിച്ചപ്പോള്‍ മെറ്റല്‍ ഡിറ്റക്ടറുമായി ഇറങ്ങാൻ ബോര്‍ തീരുമാനിച്ചത്.

ഏതായാലും അതിന് ഗുണമുണ്ടായി. സ്വര്‍ണവും രത്നവുമെല്ലാം അടക്കം മൂല്യമേറിയൊരു നിധിശേഖരം തന്നെയാണ് ബോര്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്കരിക്കപ്പെട്ടതായിരുന്നു ഇത്. 

ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി നോര്‍വേയില്‍ നിന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കാണാതെ പോയ ആഭരണം തപ്പുന്നതിനിടെ ഒരു കുടുംബത്തിന് ഇതുപോലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലോക്കറ്റുകളും മറ്റും ലഭിച്ചിരിക്കുകയാണ്. 

മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് കാണാതെ പോയ ആഭരണം തിരയുകയായിരുന്നുവത്രേ കുടുംബാംഗങ്ങള്‍. ഇതിനിടെ മണ്ണിനടിയില്‍ ലോഹമുണ്ടെന്ന സൂചന മെറ്റല്‍ ഡിറ്റക്ടര്‍ നല്‍കി. ഇവിടെ കുഴിച്ചുനോക്കിയപ്പോള്‍ പക്ഷേ കണ്ടെത്തിയത് പുരാതനമായ ആഭരണങ്ങളുടെ അവശേഷിപ്പുകള്‍. 

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീകളുപയോഗിച്ചിരുന്ന ആഭരണത്തിന്‍റെ അവശിഷ്ടവും തിരിച്ചറിയാനാകാത്ത മറ്റൊരു വസ്തുവുമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്. ഒരു സ്ത്രീയെ അടക്കം ചെയ്ത സ്ഥലമാണിതെന്നാണ് കരുതപ്പെടുന്നത്. അവരോടൊപ്പം തന്നെ അവരുപയോഗിച്ചിരുന്ന ആഭരണങ്ങളും മറ്റും സംസ്കരിച്ചതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും സംഭവം വലിയ രീതിയിലാണ് ശ്രദ്ധ നേടിയിരിക്കുന്നത്. കണ്ടെത്തിയവ പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. 

Also Read:- കാറിന്‍റെ മുകളില്‍ കയറി ഫ്രീ റൈഡ് പോകാൻ എലി; രസകരമായ വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo