പതിനെട്ട് വയസിന് താഴെയുള്ള ചെറുപ്പക്കാരോ കുട്ടികളോ മദ്യപിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല, അല്ലേ? എന്നാല്‍ അഞ്ച് വയസുകാരനും മദ്യപിക്കാവുന്ന ഒരു നാടുണ്ട്. നിയമപരമായി അതിന് അനുവാദമുള്ള സ്ഥലം. ഏതാണെന്നല്ലേ? 

ലോകത്തിലേക്ക് വച്ച് തന്നെ ഏറ്റവുമധികം മദ്യം പ്രതിവര്‍ഷം ഒഴുകുന്ന നാടാണ് ഇന്ത്യ. പക്ഷേ മദ്യപാനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിലെ നിയമങ്ങളൊക്കെ അതിശക്തമാണ്. പതിനെട്ട് വയസിന് താഴെയുള്ള ചെറുപ്പക്കാരോ കുട്ടികളോ മദ്യപിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല, അല്ലേ?

എന്നാല്‍ അഞ്ച് വയസുകാരനും മദ്യപിക്കാവുന്ന ഒരു നാടുണ്ട്. നിയമപരമായി അതിന് അനുവാദമുള്ള സ്ഥലം. ഏതാണെന്നല്ലേ? യുകെയിലാണ് ഈ വിചിത്രമായ നിയമമുള്ളത്. മദ്യപാനവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമങ്ങള്‍ ഇവിടെയുമുണ്ട്. പക്ഷേ ആ നിയമങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് നോക്കുമ്പോള്‍ തെല്ല് അതിശയം എന്ന് തന്നെ പറയേണ്ടിവരും.

18 വയസ് തികയാത്ത ആര്‍ക്കും മദ്യം നിയമപരമായി വില്‍പന നടത്താന്‍ യുകെയില്‍ അനുവാദമില്ല. മദ്യം വാങ്ങിക്കാനും അധികാരമില്ല. എന്നാല്‍ 16 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് ബിയറോ വൈനോ സൈഡറോ വാങ്ങിക്കഴിക്കാം. അതും ലൈസന്‍സുള്ള സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവിടെത്തന്നെയിരുന്ന് കഴിക്കാന്‍. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് ശിക്ഷാര്‍ഹമാണ്, അതേസമയം അഞ്ച് വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് മദ്യം കഴിക്കാം. വീട്ടിലോ, ലൈസന്‍സ്ഡ് ആയ സ്ഥലങ്ങളിലോ ആകാം ഇത്. ഇതിന് നിയമത്തിന്റെ വിലങ്ങില്ലെന്ന് സാരം.

പതിനെട്ട് വയസ് വരെയുള്ള പ്രായക്കാരെ ഒരു തരത്തില്‍ പറഞ്ഞാല്‍ കുട്ടികളായിത്തന്നെ കണക്കാക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്. അതില്‍ത്തന്നെ പതിനഞ്ച് വയസിന് താഴെ പ്രായമുള്ളവരെല്ലാം തന്നെ തീര്‍ച്ചയായും കുട്ടികള്‍ എന്ന പട്ടികയില്‍ മാത്രം ഒതുങ്ങുന്നവരാണ്. വളര്‍ച്ചയുടെ നല്ല ഘട്ടങ്ങള്‍ എന്ന് പറയാവുന്ന ഈ സമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ ഏതെല്ലാം തരത്തില്‍ സ്വാധീനിക്കുമോ, അത്തരത്തിലെല്ലാം സ്വാധീനിച്ചേക്കും.

യുകെയിലെ ഈ നിയമത്തിനെതിരെ അവിടെ നിന്ന് തന്നെ ധാരാളം പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ നിന്നാണ് ഈ പ്രതിഷേധങ്ങളത്രയും ഉണ്ടായിട്ടുള്ളത്. യുകെയുടെ ചീഫ് മെഡിക്കല്‍ ഓഫീസറും സമാനമായ അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്. 'ആല്‍ക്കഹോള്‍ ഫ്രീ' ആയ ബാല്യമാണ് കുട്ടികള്‍ക്ക് വേണ്ടതെന്നും അതാണ് ആരോഗ്യകരമെന്നും ഇവര്‍ വാദിക്കുന്നു.