ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്ന കണക്കാണ് അടുത്തിടെ പുറത്തുവന്നത്. 

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നാല്‍ ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്ന കണക്കാണ് അടുത്തിടെ പുറത്തുവന്നത്. ഫിറ്റ്ബിറ്റ് എന്ന കമ്പനിയാണ് 18 രാജ്യങ്ങളിലായി ഈ പഠനം നടത്തിയത്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയാമെങ്കിലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. ഇന്ത്യക്കാരുടെ ഉറക്കമില്ലായ്മയുടെ കാരണങ്ങളില്‍ ഏറ്റവും ഒടുവില്‍ പറയുന്നത് വെബ് സീരിസുകളോടുള്ള ആസക്തിയാണെന്നാണ്.

യുവാക്കളുടെ ഇടയില്‍ നെറ്റ്ഫ്ലിക്സ് പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കാണുന്ന ശീലം കുറച്ച് നാളുകളായി വര്‍ദ്ധിച്ചിട്ടുണ്ട് . മറ്റ് ജോലികളില്‍ മുഴുകാതെ, ഭക്ഷണം പോലും കഴിക്കാതെ പലരും ഇത്തരം വെബ് സീരിസുകള്‍ കണ്ടിരിക്കുന്നു. പൊട്ടറ്റോ ചിപ്പ്സും കഴിച്ച് രാത്രി കാണുന്ന ഈ വെബ് സീരിസുകള്‍ മൂലമാണ് ഇന്ത്യക്കാരുടെ ഉറക്കം നഷ്ടപ്പെടുന്നത് എന്നാണ് ഒരു ഫിറ്റ്നസ് ആപ്പിന്‍റെ കണ്ടെത്തല്‍. ഒരു എപ്പിസോഡ് കണ്ടുതുടങ്ങുന്നയാള്‍ മറ്റ് എപ്പിസോഡുകളും ഇരുന്നുകണ്ടുപോകും. ഇതുമൂലം ഉറക്കം മാത്രമല്ല കണ്ണിനും ഉണ്ടാകുന്ന പ്രശ്നങ്ങളും മാനസിക- ആരോഗ്യ പ്രശ്നങ്ങളും വേറെ. 

ജേണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം അധിക സമയം ഇങ്ങനെ സീരിസുകള്‍ കണ്ടിരുന്നാല്‍ ഹൃദ്രോഗം, പ്രമേഹം, എന്തിന് ക്യാന്‍സര്‍ പോലും വരാനുളള സാധ്യതയുണ്ടെന്ന് പറയുന്നു. അതുപോലെ തന്നെ മണിക്കൂറുകളോളം സീരിസുകള്‍ കാണുന്നതിലൂടെ മാനസിക പിരിമുറുക്കമുണ്ടാകാം, ശരീരഭാരം കൂടാം, നടുവേദന വരാം, രക്തത്തില്‍ ഓക്സിജന്‍റെ കുറവ് ഉണ്ടാകാം.

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് നോക്കാം.

1.ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം എന്നിവയ്ക്ക് എല്ലാം ഇത് കാരണമാകുന്നു.

2. കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാൽ ശരീരഭാരം പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. പിന്നീട് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ പ്രയാസം അനുഭവിക്കേണ്ടതായി വരും.

3. രോഗപ്രതിരോധ ശേഷി ദുർബലമാവുകയും നിങ്ങളെ പെട്ടെന്ന് രോഗിയാക്കുകയും ചെയ്യും.

4. ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5. വിട്ടുമാറാത്ത ശരീര വേദന ഉണ്ടാക്കുന്നു.

6. വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.

7. ഏകാഗ്രത നഷ്ടപ്പെടാൻ കാരണമാകുന്നു. ഇതുവഴി ജോലിസ്ഥലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാം.

8. വാഹനങ്ങൾ ഓടിക്കുമ്പോൾ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട് ഇത്മൂലം ഡ്രൈവിംഗ് അപകടകരമാക്കുന്നു.