എന്തെങ്കിലും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഉടന്‍ മൊബൈല്‍ ക്യാമറയുമായി ചാടിയെത്തുന്ന ആളുകള്‍ക്ക് ഒരു താക്കീതാണ് പശ്ചിമബംഗാളിലെ ആലിപുര്‍ദ്ദാര്‍ എന്ന സ്ഥലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഒരു സംഭവം. ആലിപുര്‍ദ്ദാറിലെ ഫലാകാട്ട എന്ന സ്ഥലത്തിനടുത്തുള്ള ചായത്തോട്ടത്തിനടുത്ത് വച്ച് ഒരു പുള്ളിപ്പുലിയെ നാട്ടുകാര്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. 

അടുത്തുള്ള കാട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയ പുലി ഹൈവേ മുറിച്ചുകടക്കവേ ഏതോ വാഹനം തട്ടിയതാണ്. അപകടത്തില്‍ വലതുകാലിന് സാരമായി പരിക്കേറ്റ പുള്ളിപ്പുലി റോഡിന് സമീപം അവശനായി കിടക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് അമറുകയായിരുന്ന പുലിയെ കണ്ടതോടെ നാട്ടുകാര്‍ക്ക് കൗതുകമായി. 

പിന്നെ ചിന്തിച്ചുനിന്നില്ല. കൂട്ടം കൂടിയവരില്‍ ഓരോരുത്തരായി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് പുലിയുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്താന്‍ തുടങ്ങി. ഏറെനേരം ഇത് തുടര്‍ന്നതോടെ പുലിക്ക് അമര്‍ഷം വരാന്‍ തുടങ്ങി. അത് പലവിധത്തിലും അതിന്റെ അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും നാട്ടുകാരുടെ സംഘത്തിലെ വലിയൊരു വിഭാഗവും പിന്മാറാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. 

തുടര്‍ന്ന് രോഷാകുലനായ പുലി മൊബൈല്‍ ക്യാമറയുമായി നിന്നിരുന്ന നാട്ടുകാരുടെ ഇടയിലേക്ക് കുതിച്ചുചാടി. നാട്ടുകാരെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ ആക്രമണമായിരുന്നു അത്. നാലുദിക്കിലേക്കും പാഞ്ഞ നാട്ടുകാരുടെ പിറകെ പരിക്കും വേദനയും മറന്ന് പുലി പാഞ്ഞു. കയ്യില്‍ കിട്ടിയ ഒരാള്‍ക്ക് പുലി നല്ല തട്ട് വച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. 

പിന്നീട് ജാല്‍ദാപറ നാഷണല്‍ പാര്‍ക്ക് അധികൃതരെത്തിയ ശേഷമാണ് പുലിയെ മെരുക്കിയെടുത്തത്. പരിക്ക് ഭേദമാകും വരെ ഇനി പാര്‍ക്കില്‍ തന്നെ പുലിയെ താമസിപ്പിച്ച് ചികിത്സ നല്‍കാനാണ് ഇവരുടെ തീരുമാനം. ഇതിനിടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവം വാര്‍ത്തയായതോടെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ പുലിക്ക് ചികിത്സ ലഭ്യമാക്കാന്‍ ശ്രമിക്കാതെ ഫോട്ടോയെടുത്ത് നിന്ന നാട്ടുകാര്‍ക്ക് കിട്ടേണ്ട തിരിച്ചടി തന്നെയാണ് കിട്ടിയിരിക്കുന്നതെന്നാണ് ഇവരുടെ വാദം. ഇത്തരം പ്രവണതകള്‍ പലയിടങ്ങളിലും കണ്ടുവരുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.