ലോക പ്രശസ്ത മോഡലുകളുടെ വേഷം സ്വയം തുന്നിയെടുത്ത വൈറല്‍ ഫാഷന്‍ ഡിസൈനറാണ് കൃഷ്ണ പ്രിയ. കൃഷ്ണ പ്രിയയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം. 

കുട്ടിക്കാലത്ത് പല പെണ്‍കുട്ടികളും ആഗ്രഹിച്ചിരുന്നത് സിൻഡ്രെല്ലയെ പോലെയുള്ള വസ്ത്രം ധരിക്കണമെന്നായിരിക്കാം. അത്തരത്തില്‍ ആരും കൊതിക്കുന്ന ഗൗണുകള്‍ തുന്നിയെടുത്ത, ഗൗണുകളുടെ രാജകുമാരിയാണ് ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍‌ സ്വദേശിനി കൃഷ്ണപ്രിയ. ലോക പ്രശസ്ത മോഡലുകളുടെ വേഷം സ്വയം തുന്നിയെടുത്ത് വൈറലായ ഫാഷന്‍ ഡിസൈനറാണ് ഈ 21കാരി. കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോയ മിടുക്കി. മതിയായ സൗകര്യങ്ങളില്ലാത്ത ഷീറ്റിട്ട വീടിന് പുറത്ത് സൂര്യപ്രകാശമുള്ള ഭാഗത്ത് രണ്ട് വാതിലും പഴയ വെള്ളമുണ്ടും ഉപയോഗിച്ച് സെറ്റിട്ടാണ് മിന്നു എന്ന കൃഷ്ണപ്രിയ അന്ന് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നത്.

ഗൗണുകളോടുള്ള ഇഷ്ടം

പതിനഞ്ചാം വയസ് മുതലേ ഗൗണുകളോടായിരുന്നു കൃഷ്ണ പ്രിയക്ക് പ്രിയം. കൊവിഡ് കാലത്ത് അമ്മയുടെ പഴയ സാരികള്‍ ഉപയോഗിച്ച് പല തരം കുപ്പായങ്ങള്‍ അവള്‍ തുന്നുമായിരുന്നു. ആ സമയത്ത് സഹോദരിയുടെ വിവാഹദിനത്തില്‍ ഗൗണ്‍ ധരിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. സിനിമകളില്‍ മാത്രം കണ്ടിരുന്ന അത്തരം ബോള്‍ ഗൗണുകള്‍ വാങ്ങാന്‍ ഒരുപാട് പണം ആവശ്യമായിരുന്നു. കലാകാരനായ അച്ഛന്‍റെ വരുമാനം അതിന് മതിയാവില്ലായിരുന്നു. അങ്ങനെ സ്വയം ഗൗണ്‍ തുന്നാന്‍ മിന്നു തീരുമാനിക്കുകയായിരുന്നു. ചിത്രങ്ങള്‍ വരയ്ക്കാനുള്ള കഴിവ് തയ്യല്‍ പഠിക്കാനും അവള്‍ക്ക് പ്രചോദനമായി. അങ്ങനെ യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം തയ്യല്‍ പഠിച്ചു. ആദ്യമെല്ലാം നൂലും സൂചിയും ഉപയോഗിച്ച് കൈകൊണ്ട് തുന്നി. പിന്നീട് പഴയ തയ്യല്‍ മെഷീനില്‍ വസ്ത്രങ്ങള്‍ തയ്ക്കാന്‍ തുടങ്ങി. ആദ്യം സ്‌കേര്‍ട്ടും തുടര്‍ന്ന് ഡ്രസും ഗൗണുകളുമൊക്കെ അവള്‍ തുന്നിയെടുത്തു.

ഫാഷന്‍ ഡിസൈനിങ്

ചേച്ചിയുടെ വിവാഹത്തിനു തയ്ച്ച സ്‌കേര്‍ട്ടിനും ടോപ്പിനും നല്ല അഭിപ്രായം ലഭിച്ചതോടെ കൃഷ്ണ പ്രിയയെ ഫാഷന്‍ ഡിസൈനിങ്ങ് പഠിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ലോമ കോഴ്‌സിനു ചേര്‍ന്നു. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ന് തിരക്കുള്ള ഫാഷന്‍ ഡിസൈനറാണ് ഈ 21കാരി.

അച്ഛനാണ് ഏറ്റവും വലിയ സപ്പോർട്ട് 

കലാകാരനായ അച്ഛന്‍ തന്നെയാണ് കൃഷ്ണപ്രിയയുടെ ഏറ്റവും വലിയ സപ്പോർട്ടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മകളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി തനിക്ക് പറ്റാവുന്ന പോലെയെല്ലാം അച്ഛന്‍ അവള്‍ക്കൊപ്പം നിന്നു. അച്ഛനെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന ചോദ്യം പോലും അവള്‍ പലരില്‍ നിന്നും കേട്ടു. അപ്പോഴും അവളെ ചേര്‍ത്തു പിടിച്ചത് അവളുടെ അച്ഛനും അമ്മയും തന്നെയായിരുന്നു.

പഴയ മുണ്ടും വാതിലും കൊണ്ടുള്ള സെറ്റ്

മതിയായ സൗകര്യങ്ങളില്ലാത്ത ഷീറ്റിട്ട വീടിന് പുറത്ത് സൂര്യപ്രകാശമുള്ള ഭാഗത്ത് ഒരു വാതിലും പഴയ വെള്ളമുണ്ടും ഉപയോഗിച്ച് സെറ്റിട്ടാണ് വീഡിയോകള്‍ ഷൂട്ട് ചെയ്തിരുന്നത്. താന്‍ സ്വയം തുന്നിയെടുത്ത വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകളെ പോലെ അവള്‍ പോസ് ചെയ്തു. വിലകുറഞ്ഞ ഫോണില്‍ നിന്നെടുക്കുന്ന ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടി തുടങ്ങി.

View post on Instagram

വൈറലായ അരിയാനയുടെ ഗൗണ്‍

അവള്‍ തുന്നിയെടുത്ത കുപ്പായങ്ങളുടെയെല്ലാം വീഡിയോകള്‍ യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വൈറലായിരുന്നു. അതില്‍ അമേരിക്കന്‍ ഗായികയും നടിയുമായ അരിയാന ഗ്രാന്‍ഡെ ഒരു അവാര്‍ഡ് വേദിയില്‍ ധരിച്ച ഗ്രേ നിറത്തിലുള്ള ഗൗണിനു സമാനമായ ഗൗണ്‍ ഡിസൈന്‍ ചെയ്തതിന്‍റെ വീഡിയോ ശരിക്കും ഹിറ്റാവുകയായിരുന്നു. ആ വസ്ത്രം പകുതി തയ്ച്ചപ്പോഴാണ് മെഷീന്‍ കേടായത്. പിന്നീട് പകുതിയോളം കൈകൊണ്ട് തുന്നിയെടുക്കുകയായിരുന്നു. അതിന് നിരവധി നല്ല കമന്‍റുകളാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ് കൃഷ്ണ പ്രിയ. ഒരു സിനിമയിലെ കുട്ടി താരത്തിന് വേണ്ടിയും കൃഷ്ണ പ്രിയ വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നു.

View post on Instagram

ഇന്നും ബോഡി ഷെയിമിങ്

തനിക്ക് മോഡലിങ് ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്, പക്ഷേ ഇന്നും ബോഡി ഷെയിമിങ് നേരിടുന്ന ആളാണ് താന്‍ എന്നും വണ്ണം ഇല്ലാത്തതിന്‍റെ പേരിലും, നിറത്തിന്‍റെ പേരിലും ഇന്നും പരിഹാസങ്ങള്‍ നേരിടുന്നുണ്ട് എന്നും കൃഷ്ണ പ്രിയ വേദനയോടെ പറയുന്നു.

ഫാഷന്‍ ഷോയിലെ മോശം അനുഭവം

റാംപ് വാക്ക് ചെയ്യണമെന്ന ഏറെ നാളത്തെ ആഗ്രഹത്തിന്‍റെ പേരില്‍, ഇല്ലാത്ത പണം കൊടുത്താണ് കലൂര്‍ വെച്ച് നടന്ന ഫാഷന്‍ ഷോയില്‍ അവള്‍ പങ്കെടുത്തത്. മേക്കപ്പ്, ഫോട്ടോ എന്നിവയ്ക്കുള്‍പ്പടെ 7000 രൂപയാണ് അവര്‍ വാങ്ങിയത്. ആ പൈസ സമാഹരിക്കാനായി താന്‍ എല്ലാ തയ്യൽ ഓർഡറുകളും എടുത്തു, ക്ലാസില്‍ പോലും പോകാതെ, രാത്രി ഉറങ്ങാതിരുന്ന് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. അങ്ങനെ ഉറക്കമില്ലാതെ തുന്നിയ വസ്ത്രങ്ങള്‍ക്ക് ലഭിച്ച കൂലിയാണ് അവര്‍ക്ക് നല്‍കിയത്. എന്നിട്ടോ അവിടെ നിന്നും ഏറെ വിവേചനം നേരിടുകയാണ് ഉണ്ടായതെന്നും മിന്നു പറയുന്നു. ചിത്രങ്ങള്‍ പോലും കൊടുക്കാന്‍ അവര്‍ ആദ്യം തയ്യാറായില്ല. തന്‍റെ ഫോട്ടോ ഒരു ഫോട്ടോഗ്രാഫര്‍ ഒഴികെ മറ്റാരും പകര്‍ത്തിയില്ലെന്നും കൃഷ്ണ പ്രിയ പറയുന്നു. തന്‍റെ ചിത്രമെടുത്തയാള്‍ ബാക്കിയുള്ള മോഡലുകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടും തന്‍റെ ചിത്രം മാത്രം ഒഴിവാക്കി. അയാളുടെ പുറകെ നടന്നാണ് ഫോട്ടോയെങ്കിലും ലഭിച്ചതെന്നും മിന്നു പറയുന്നു. എന്നാല്‍ താന്‍ വൈറലായതിന് ശേഷം ഇപ്പോള്‍ ആ ഫ്രോട്ടോഗ്രാഫര്‍ തന്‍റെ ചിത്രമെടുക്കാന്‍ ഇങ്ങോട്ട് സമീപിച്ചിട്ടുണ്ടെന്നും കൃഷ്ണ പ്രിയ കൂട്ടിച്ചേര്‍ത്തു.

സ്വന്തമായൊരു വീട്

ഇപ്പോള്‍ സ്വന്തമായൊരു വീട് പണിയുന്നതിന്‍റെ സന്തോഷത്തിലാണ് കൃഷ്ണ പ്രിയ. ഷീറ്റിട്ട, മതിയായ സൗകര്യങ്ങളില്ലാത്ത വീട്ടില്‍ നിന്നും സ്വയം സമ്പാദിച്ച പണം സ്വരുക്കൂട്ടി പണിയുന്ന വീട് എന്നത് ഏറെ അഭിമാനത്തോടെയാണ് കൃഷ്ണ പ്രിയ കാണുന്നത്.

മാറിയ മുഖങ്ങള്‍

മുമ്പ് കണ്ടാല്‍ ചിരിക്കാത്തവര്‍ പോലും ഇന്ന് അച്ഛനോട് ഇങ്ങോട്ട് വന്ന് തന്നെ കുറിച്ച് സംസാരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന് കൃഷ്ണ പ്രിയ പറയുന്നു. പണം ഇല്ലാതിരുന്ന സമയത്തെ മുഖങ്ങള്‍ അല്ല ഇപ്പോള്‍ പലര്‍ക്കുമെന്നും കൃഷ്ണ പ്രിയ തിരിച്ചറിയുന്നു. അന്ന് താന്‍ ഈ പ്രൊഫഷന്‍ തിര‍ഞ്ഞെടുത്തതിന് പരിഹസിച്ച കൂട്ടുകാരും ബന്ധുക്കളും ഇന്ന് തന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നും മിന്നു പറയുന്നു.

വര്‍ക്കുകളുടെ തിരക്കില്‍

വര്‍ക്കുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും പറയുന്ന സമയത്ത് ചെയ്തു തീര്‍ക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. കുറഞ്ഞത് മൂന്ന്- നാല് ദിവസം വേണം ഒരു വര്‍ക്ക് ചെയ്തു തീര്‍ക്കാന്‍. അതുകൊണ്ട് മാസത്തില്‍ അഞ്ചോ ആറോ വര്‍ക്കുകളെ ഇപ്പോള്‍ എടുക്കാറുള്ളൂ എന്നും കൃഷ്ണ പ്രിയ പറയുന്നു. മറ്റ് ഡിസൈനര്‍മാരെക്കാള്‍ ബജറ്റ് ഫ്രെഡ്ലിയായാണ് കൃഷ്ണ പ്രിയ വസ്ത്രങ്ങള്‍ ചെയ്യുന്നത്. മാസം ഏറ്റവും കുറഞ്ഞത് 30,000 രൂപയുടെ വരുമാനം വരെയുണ്ട് ഈ മിടുക്കിക്ക്. ഇടയ്ക്ക് യൂട്യൂബില്‍ നിന്നും പണം ലഭിക്കുന്നതും സന്തോഷമുള്ള കാര്യമാണെന്നും മിന്നു പറയുന്നു.

ബിസിനസിലെ കബിളിപ്പിക്കൽ

ബിസിനസിന്‍റെ തുടക്ക കാലത്ത് ഒരുപാട് കബിളിപ്പിക്കലുകളില്‍ പെട്ടിട്ടുണ്ട്. ചിലര്‍ താന്‍ അയച്ചു കൊടുത്ത വസ്ത്രം കിട്ടിയില്ല എന്ന് പറയുമ്പോള്‍ രണ്ടാമതും അയച്ചു കൊടുക്കാറുണ്ടായിരുന്നുവത്രേ. മറ്റു ചിലര്‍ വര്‍ക്ക് പൂര്‍ത്തിയാകുമ്പോഴേക്കും പണം തരാതെ ബ്ലോക്ക് ചെയ്തു പോകും. ഇപ്പോള്‍ അങ്ങനെയുള്ള പറ്റിക്കലുകളുകളില്‍ പെടാറില്ലെന്നും കൃഷ്ണ പ്രിയ പറയുന്നു.

പുതിയ ഐ ഫോണ്‍

പണ്ട് അച്ഛന്‍‌ തന്ന 7000 രൂപയ്ക്ക് വാങ്ങിയ ഫോണിലാണ് വീഡിയോകളൊക്കെ എടുത്തിരുന്നതും പോസ്റ്റ് ചെയ്തിരുന്നതും. അന്ന് തന്‍റെ ഫോണിനെ കളിയാക്കിവരുടെ മുന്നില്‍ ഇന്ന് ഐ ഫോണുമായി പോകുമ്പോള്‍ മനസില്‍ ഒരു പ്രത്യേക സന്തോഷവും അഭിമാനവുമൊക്കെ തോന്നാറുണ്ടെന്നും മിന്നു പറയുന്നു.

സ്വപ്നങ്ങള്‍

ഒരു വെബ്സൈറ്റ് തുടങ്ങുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ കൃഷ്ണ പ്രിയ. അതുപോലെ ഭാവിയില്‍ ഒരു ബുട്ടീക് തുടങ്ങണം എന്നൊരു ആഗ്രഹവുമുണ്ടെന്നും കൃഷ്ണ പ്രിയ കൂട്ടിച്ചേര്‍ത്തു.