Asianet News MalayalamAsianet News Malayalam

Family Day : ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം ; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യത്തെയും കുറിച്ചറിയാം

കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുക, ബോധവത്കരിക്കുക എന്നതും ഉദ്ദേശം. പുറമെ കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളെ കുറിച്ച് മനസ്സിലാക്കുക എന്നതും അന്താരാഷ്ട്ര കുടുംബദിനാചരണം മുൻനിർത്തുന്ന വിഷയമാണ്. 

international day of Family 2022 Theme History and Significance
Author
Trivandrum, First Published May 15, 2022, 1:38 PM IST

ഇന്ന് ലോകകുടുംബ ദിനം (International Day of Families). 1993 മുതലാണ് ഐക്യരാഷ്ട്രസഭ മേയ് 15 കുടുംബദിനമായി ആഘോഷിക്കുന്ന ഏർപാട് തുടങ്ങിയത്. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാനഘടകത്തിന്റെ മാഹാത്മ്യത്തെ അംഗീകരിക്കുക, ആദരിക്കുക ഇതായിരുന്നു ഉദ്ദേശം. 

കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുക, ബോധവത്കരിക്കുക എന്നതും ഉദ്ദേശം. പുറമെ കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളെ കുറിച്ച് മനസ്സിലാക്കുക എന്നതും അന്താരാഷ്ട്ര കുടുംബദിനാചരണം മുൻനിർത്തുന്ന വിഷയമാണ്. ഇക്കൊല്ലത്തെ വിഷയം കുടുംബവും നഗരവത്കരണവും എന്നതാണ്. കുടുംബസൗഹൃദമായ നഗരനയങ്ങളുടെ പരിപോഷിപ്പിക്കലിന്റെക പ്രാധാന്യമാണ് ലക്ഷ്യംവയ്ക്കുന്നത്. 

ഇന്ത്യ കുടുംബം എന്നതിനും കുടുംബബന്ധങ്ങൾക്കും കുറച്ചധികം മൂല്യം നൽകുന്ന രാജ്യമാണ്. ലോകത്തെ തന്നെ ഒരു വലിയ കുടുംബമായി കാണുന്നതാണ് ആർഷഭാരത സംസ്കാരം. (വസുധൈവകുടുംബകം). ഏറ്റവും ഉന്നതമായ വേദാന്തചിന്ത എന്നാണ് ഈ വാക്യത്തെ ഭാഗവതം വിശേഷിപ്പിക്കുന്നത്.  

സാമൂഹിക സാമ്പത്തിക സമവാക്യങ്ങളിൽ കാലാനുസൃതമായി വന്ന വലിയ മാറ്റങ്ങൾ കുടുംബബന്ധങ്ങളുടെ നിർവചനത്തിൽ ബന്ധങ്ങളുടെ ഇഴയടുപ്പത്തിൽ നിലനിർത്തലിൽ എല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അപ്പോഴും കുട്ടി, പേരക്കുട്ടി ഇത്യാദികളിൽ ചില ശീലങ്ങൾ ജനസാമാന്യത്തെ വിട്ടുപോയിട്ടുമില്ല.   

ശീലം മാറാത്തതിനും കൈകാര്യം ചെയ്യുന്ന രീതികൾ മാറിയതിനും രണ്ടിനും ഉദാഹരണമാണ് അടുത്ത കാലത്ത് വാർത്തകളിലിടം പിടിച്ച ചില കേസുകൾ. കുടുംബബന്ധത്തിൽ വന്ന ഈ ആശയസംഘർഷം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. 
സഞ്ജീവും സാധനയും മകന് എതിരെ കേസ് കൊടുത്തിരിക്കുകയാണ്. കാരണം ലളിതം. കല്യാണം കഴിഞ്ഞ് ആറുവർഷമായി. എന്നിട്ടും മകനും മരുമകളും പേരക്കുട്ടിയെ തരുന്നില്ല. മകനെ വളർത്തി വലുതാക്കി പൈലറ്റാക്കി. ഗംഭീരമായി കല്യാണം നടത്തി. അടിപൊളി മധുവിധുവിനും വിട്ടു. ഇതെല്ലാം കഴിഞ്ഞിട്ടും കുടുംബത്തിന്റെ  പേര് നിലനിർത്താൻ ഒരു കുഞ്ഞിക്കാല് വേണമെന്ന ഒരു ചിന്തയും മകനില്ല. മരുമകൾക്കുമില്ല. ഇതാണ് പരാതി. 

ഉത്തരവാദിത്തങ്ങളൊക്കെ ചെയ്തു. റിട്ടയർ ചെയ്തു. ഇനി പേരക്കുട്ടിയെ ഓമനിച്ചിരിക്കണം. അതാണ് ആഗ്രഹവും വേണ്ടതും. കുഞ്ഞിനെ ഞങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞു. എന്നിട്ടും അത് മകൻ പരിഗണിക്കുന്നില്ല. ഒരു പാട് തവണ പറഞ്ഞു, കേട്ടില്ല. പിന്നെ കേസു കൊടുത്തു. അല്ലാതെ പിന്നെ എന്ത് ചെയ്യും എന്നാണ് സഞ്ജീവും സാധനയും ചോദിക്കുന്നത്. 

ഒരു കൊല്ലത്തിനകം പേരക്കുട്ടി അല്ലെങ്കിൽ 5 കോടി രൂപ നഷ്ടപരിഹാരം (മകനെ വളർത്തിവലുതാക്കിയതിന് ചെലവാക്കിയ തുക, സമയം, സമ്മർദം etc ഇത്യാദികൾക്കുള്ള നഷ്ടപരിഹാരം). ഇതാണ് ഹർജി. വളർത്തിവലുതാക്കിയ മക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞുള്ള കേസുകൾ ഇന്നാട്ടിൽ ഇതിനു മുമ്പ് കേട്ടിട്ടുണ്ട്. ഇങ്ങനെയൊന്ന് ഇതുവരെയില്ല. 

നമ്മുടെ നാട്ടിൽ കല്യാണം (പൊതുഗതിയിൽ) രണ്ട് വ്യക്തികൾതമ്മിലുള്ള ബന്ധമല്ല. മറിച്ച് രണ്ട് കുടുംബങ്ങൾ തമ്മിലാണ്. ആ പൊതുവിചാരത്തിന്റെൽ ബാക്കി ഘടകങ്ങളാണ് ഇന്ന കാലത്തിനകം കുട്ടി, അത് കഴിഞ്ഞ് ഇത്ര കാലം രണ്ടാമത്തെ കുട്ടി, പിന്നെ ആ കുട്ടി എന്താകണം, ആകരുത് തുടങ്ങി അങ്ങനെ അങ്ങനെ നീളുന്ന പട്ടിക. ഈ പൊതുബോധത്തിന് ചേരാത്തതു കൊണ്ട് സാധനയും സഞ്ജ യും മകനെ കോടതി കയറ്റുന്നത്. 

വംശാവലി നിലനിർത്തുക കുടുംബം എന്ന സങ്കൽപത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. അത് വൈകിപ്പിക്കുന്നത് തന്നെ തെറ്റ്. വേണ്ട എന്നാണെങ്കിൽ തീർന്നു. കുട്ടി പിന്നെ പേരക്കുട്ടി ഈ ആഗ്രഹത്തിന്റെെ ആവശ്യത്തിന്റെവ പ്രസക്തിക്ക് ഇന്ത്യയിൽ നഗരഗ്രാമ ഭേദമോ ധനികദരിദ്രഭേദമോ ഇല്ല. ഒരു പക്ഷേ വേർതിരിവുകളുടെ വൈവിധ്യം ഇല്ലാത്ത ഒരേയൊരു കാര്യം. ( ആവൂ എന്ന് നെടുവീർപ്പിടുന്ന, എന്തൊരു തൊല്ലയാണ് , ഇതിപ്പോ വേണോ, കുട്ടി പിന്നെ പോരെ എന്നൊക്കെ ആലോചിക്കുന്ന. സ്ത്രീകൾ ഇല്ലെന്നല്ല. എണ്ണത്തിൽ കുറവാണ് അല്ലെങ്കിൽ പുറത്തുപറയുന്നത് കുറവാണ്. ശബ്ദം കുറേശ്ശെ ഉയർന്നു തുടങ്ങിയിട്ടുണ്ട്.അപ്പോഴും സമ്മർദം കൂടുതലായതു കൊണ്ടാണ് അനുരണനങ്ങൾ കുറയുന്നത്. ) നവവിവാഹിതരായ സ്ത്രീകൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ചോദ്യം വിശേഷമായോ, ഗുഡ് ന്യൂസ് എപ്പോ എന്നതാണ് ഇപ്പോഴും!! ഈ സാഹചര്യത്തിൽ വേണം ഈ പുതിയ കേസിനെ വിലയിരുത്താൻ. 
 
ഇതിന് മുമ്പും പാരന്റികങ്ങുമായി ബന്ധപ്പെട്ട് രസമുള്ളൊരു സംഭവമുണ്ടായിട്ടുണ്ട്. മുംബൈയിൽ ബിസിനസുകാരനായിരുന്ന റാഫേൽ സാമുവൽ ആണ് മാതാപിതാക്കളെ കോടതി കയറ്റാൻ ആലോചിച്ചത്. നമ്മുടെ സമ്മതം വാങ്ങിയിട്ടാണോ മാതാപിതാക്കൾ നമുക്ക് ജന്മം നൽകുന്നത്. അല്ല. അപ്പോൾ പിന്നെ നമ്മളെ ജീവിതകാലം മുഴുവൻ നോക്കേണ്ടതാരാ,  നമ്മുടെ ജനനത്തിന് ഉത്തരവാദികളായ മാതാപിതാക്കൾ. സംശയം ലോജിക്കലല്ലേ എന്ന് ചോദ്യം. ജനിക്കുംമുമ്പ് സമ്മതം ചോദിക്കാൻ പറ്റില്ല. ശരിയാണ്. പക്ഷേ അപ്പോഴും ജനിക്കുക എന്നത് നമ്മുടെ തീരുമാനമോ ചോയ്സോ അല്ലല്ലോ...റാഫേലിന്റെ് ചോദ്യം തേന്മാവിൻ കൊമ്പത്ത് സിനിമയിലെ കുതിരവട്ടം പപ്പുവിനെ ഓർമപ്പെടുത്തുന്നുണ്ടല്ലേ? എന്തായായും അഭിഭാഷകരായ മാതാപിതാക്കൾ രസകരമായിട്ടാണ് ചോദ്യം  കൈകാര്യം ചെയ്തത്. എങ്ങനെയായിരുന്നു സമ്മതം ചോദിക്കേണ്ടിയിരുന്നത് എന്നതിന് ഒരു വഴി പറഞ്ഞു തന്നാൽ പിഴവ് സമ്മതിക്കാമത്രേ!! ഹായ്.  

ചില ശീലങ്ങൾ മാറാതിരിക്കുക. ചില പരിഷ്കാരങ്ങൾ വരിക. ശാരീരിക സാമൂഹിക സാമ്പത്തികഘടകങ്ങളുടെ സ്വാധീനം മാറിമറിയുക. എല്ലാം കൂടി അവിയൽ പരുവത്തിലാണ്. ഇക്കുറി കുടുംബദിനം നമ്മളെ ഓർമപ്പെടുത്തേണ്ടത് അതു കൂടിയാണ്. 

Follow Us:
Download App:
  • android
  • ios