ഒരു വാക്കിൽ പ്രണയബന്ധത്തിൻ്റെ ആഴം അളക്കാൻ ജെൻ സി ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ട്രെൻഡാണ് 'ബേർഡ് തിയറി'. പങ്കാളിക്ക് നിങ്ങളോടുള്ള ശ്രദ്ധയും സ്നേഹവും എത്രത്തോളമുണ്ടെന്ന് വിലയിരുത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് എത്രത്തോളം ശ്രദ്ധയുണ്ട്? നിങ്ങൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും അവർ കേൾക്കുന്നുണ്ടോ? ഉത്തരം തേടി ഇനി എവിടെയും പോകേണ്ട, സോഷ്യൽ മീഡിയയുടെ ലോകത്ത് ഓരോ ദിവസവും പുതിയ ട്രെൻഡുകൾ പിറവിയെടുക്കാറുണ്ട്. എന്നാൽ, പ്രണയബന്ധങ്ങളെ അളക്കുന്ന ഒരു പുതിയ 'ടെസ്റ്റ്' ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്: അതാണ് ‘ബേർഡ് തിയറി’. നിസ്സാരമെന്ന് തോന്നുന്ന ഒരു വാക്കിലൂടെ നിങ്ങളുടെ പങ്കാളിയുടെ ശ്രദ്ധയും സ്നേഹവും എത്രത്തോളമുണ്ടെന്ന് ഈ സിദ്ധാന്തം വെളിപ്പെടുത്തും.

ഈ ട്രെൻഡിന് പിന്നിൽ വെറും രസകരമായ ഒരു കളിയല്ല, മറിച്ച് ദൃഢമായ ഒരു മനഃശാസ്ത്രം ഉണ്ട്.

എന്താണ് ബേർഡ് തിയറി ?

ഈ ട്രെൻഡ് വളരെ ലളിതമാണ്. പങ്കാളിയോടുള്ള ബന്ധത്തിൻ്റെ ആഴം അളക്കാൻ നിങ്ങൾ യാദൃച്ഛികമായി, നിസ്സാരമെന്ന് തോന്നുന്ന ഒരു വിഷയം അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്: “ഹേയ്, ഞാൻ ഇന്ന് ഒരു കിളിയെ കണ്ടു”.

പങ്കാളി ഉടൻ ശ്രദ്ധിക്കുകയും, "ഓഹോ, എവിടെ വെച്ച്?", "ഏത് കിളിയായിരുന്നു?" എന്നിങ്ങനെ കൗതുകത്തോടെ പ്രതികരിക്കുകയും ചെയ്താൽ, അത് ബന്ധത്തിലെ വൈകാരികമായ അടുപ്പത്തിൻ്റെയും പരസ്പര ശ്രദ്ധയുടെയും ലക്ഷണമായി കണക്കാക്കുന്നു.

പങ്കാളി ആ സംഭാഷണം അവഗണിക്കുകയോ, "മ്മ്", "എന്നിട്ട്?" എന്ന് പറഞ്ഞ് തള്ളിക്കളയുകയോ ചെയ്താൽ, അത് ബന്ധത്തിലെ വൈകാരിക അകലത്തെ സൂചിപ്പിക്കുന്നു.

'ബിഡ്‌സ് ഫോർ കണക്ഷൻ'; ഡോ. ജോൺ ഗോട്ട്മാൻ

'ബേർഡ് തിയറി' കേവലം ഒരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമല്ല ,മറിച്ച് പ്രശസ്ത അമേരിക്കൻ സൈക്കോളജിസ്റ്റ് ഡോ. ജോൺ ഗോട്ട്മാൻ മുന്നോട്ട് വെച്ച "ബിഡ്‌സ് ഫോർ കണക്ഷൻ" എന്ന മനഃശാസ്ത്രത്തിൽ അധിഷ്ഠിതമാണ്.

ഒരാൾ തൻ്റെ പങ്കാളിയുടെ ശ്രദ്ധയോ സ്നേഹമോ ആകർഷിക്കാൻ ശ്രമിക്കുന്ന ചെറു നിമിഷങ്ങളാണിവ. ഇത് ഒരു തമാശയാവാം, ഒരു നിസ്സാര നിരീക്ഷണമാവാം, അല്ലെങ്കിൽ ഒരു ചെറിയ സഹായം ചോദിക്കലാവാം.

ഗോട്ട്മാൻ്റെ ദീർഘകാല പഠനങ്ങൾ അനുസരിച്ച്, ദീർഘകാലം വിജയകരമായി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികൾ, പങ്കാളിയുടെ ഈ 'ബിഡുകളോട്' 86% സമയവും അനുകൂലമായി പ്രതികരിക്കുന്നവരാണ്. അതായത്, ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള ഈ ചെറിയ ശ്രമങ്ങൾക്ക് മറുപടി നൽകുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കുന്നു.

എന്തുകൊണ്ട് ഇത് വൈറലായി?

സാമൂഹിക ജീവിതത്തിൽ ശ്രദ്ധയും പരിഗണനയും കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ, 'ബേർഡ് തിയറി'ക്ക് വലിയ പ്രസക്തിയുണ്ട്.

പങ്കാളി തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും താൻ പറയുന്ന ചെറിയ കാര്യങ്ങൾ പോലും വിലമതിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ആളുകൾ ആഗ്രഹിക്കുന്നു. 'ബേർഡ് തിയറി' ബന്ധത്തിലെ വൈകാരികമായ അടുപ്പം അളക്കാനുള്ള ഒരു മികച്ച ഉപകരണമാണ്. എന്നാൽ ഒരു പ്രതികരണം വെച്ച് മാത്രം ബന്ധം തകർന്നു എന്ന് തീരുമാനിക്കുന്നത് ശരിയല്ല എന്ന് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

അതുകൊണ്ട്, നിങ്ങളുടെ പങ്കാളി ഒരു ദിവസം 'കിളിയെ' ശ്രദ്ധിച്ചില്ലെങ്കിൽ, ഉടൻ കലഹിക്കാതെ, വിഷയം തുറന്നു സംസാരിക്കുക. പ്രണയബന്ധം വളരുന്നത് തുടർച്ചയായ ശ്രദ്ധ നൽകുന്നതിലൂടെയും തുറന്ന ആശയവിനിമയത്തിലൂടെയുമാണ്.

View post on Instagram