91 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
റോം: ആധുനിക ഫാഷനിൽ വിപ്ലവം സൃഷ്ടിച്ച, വിഖ്യാത ഫാഷന്‍ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഹോളിവുഡിന്‍റെ ഏറെ പ്രിയപ്പെട്ട ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറാണ് ജോര്‍ജിയോ അര്‍മാനി. അര്‍മാനി എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.
അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടില്‍വെച്ചായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി. 'അങ്ങേയറ്റം ദു:ഖത്തോടെ അര്‍മാനി ഗ്രൂപ്പ് അതിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോര്‍ജിയോ അര്‍മാനിയുടെ വിയോഗം അറിയിക്കുന്നു'- അര്‍മാനി ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഭൗതികശരീരം സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ മിലാനില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നും, തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അര്‍മാനി ഗ്രൂപ്പ് അറിയിച്ചു.
കിങ് ജോര്‍ജിയോ എന്നറിയപ്പെടുന്ന അര്‍മാനി, ഡിസൈനറുടെ കഴിവിനൊപ്പം നല്ലൊരു ബിസിനസുകാരനെന്ന പേരും നിലനിര്‍ത്തി. റെഡി മെയ്ഡ് വസ്ത്രങ്ങള്‍, ഷൂസുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, മറ്റ് ഫാഷന്‍ സാധനങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ അര്‍മാനി തന്റെതായ വ്യക്തിമുദ്രപതിപ്പിച്ചു.
