ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെയും അദ്ദേഹത്തെ അനുഗമിച്ച കുടുംബത്തിന്‍റെയും വസ്ത്രധാരണം സാമൂഹിക മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപിന്‍റെ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്.  ഇത് രണ്ടാം തവണയാണ് ഇവാങ്ക ഇതേ വസ്ത്രമണിഞ്ഞ് ഒരു രാജ്യം സന്ദര്‍ശിക്കുന്നത് എന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

കഴിഞ്ഞ വര്‍ഷം അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് ഇവാങ്ക ഇന്ത്യാ സന്ദര്‍ശനത്തിനും ധരിച്ചത്. പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിലുള്ള 1.7 ലക്ഷം രൂപയുടെ മിഡി ഫ്ലോറല്‍ പ്രിന്‍റഡ് വസ്ത്രമാണ് ഇന്ത്യാ സന്ദര്‍ശനത്തിന് ഇവാങ്ക തെരഞ്ഞെടുത്തത്. അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ഈ വസ്ത്രത്തിനൊപ്പം ബേബി ബ്ലൂ സ്യൂഡ് ഷൂസാണ് ഇവാങ്ക ധരിച്ചത്. 

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം ധരിച്ച് പിന്നീട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത പതിവ് നിലനില്‍ക്കെ  ഇവാങ്കയുടെ വസ്ത്രധാരണ രീതി ശക്തമായ ഒരു ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ആയി മാറുകയാണ്.