സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും താരം മുന്നിലാണ്. എങ്കിലും തന്‍റെ ചര്‍മ്മത്തിലും പുള്ളികളും മറുകുകളും ഉണ്ടെന്ന് ജാക്വിലിൻ  തന്നെ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു ബ്ലാക്ക് ആന്‍റ്  വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്താണ് താരം ഇക്കാര്യം പറഞ്ഞത്.

തുടര്‍ന്ന് തന്‍റെ സൗന്ദര്യരഹസ്യവും കമന്‍റ് സെക്ഷനില്‍ ജാക്വിലിൻ വെളിപ്പെടുത്തി. 'എന്‍റെ വളരെ എണ്ണമയമുളള ചര്‍മ്മമാണ്. അതുകൊണ്ട് മുഖം രണ്ട് നേരം എങ്കിലും വൃത്തിയാക്കും. മോയ്‌സ്ചുറൈസർ പുരട്ടുകയും ചെയ്യും'- ജാക്വിലിൻ പറഞ്ഞു. ദിവസവും നന്നായി വെള്ളം കുടിക്കുന്നതും യോഗ ചെയ്യുന്നതുമാണ് തന്‍റെ സൗന്ദര്യരഹസ്യമെന്നും താരം കുറിച്ചു. 

പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ പുരട്ടും. മുഖക്കുരു വരുമ്പോള്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ആണ് പുരട്ടുന്നതെന്നും ജാക്വിലിൻ പറഞ്ഞു. മുഖത്തെ സുഷിരം അല്ലെങ്കില്‍ ദ്വാരം അടയാന്‍ ഐസ് ക്യൂമ്പ് വെയ്ക്കുന്നത് നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണെന്ന് താരം പറയുന്നു.