പഞ്ചസാരയുടെ അടുത്ത ബന്ധുവായ ശർക്കര ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യവർദ്ധക ഉൽ‌പന്നമായും ഉപയോഗിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര കഴിക്കുക മാത്രമല്ല ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകളും ഉപയോഗിക്കാവുന്നതാണ് എന്നാണ് ബംഗ്ലൂരുവില്‍ നിന്നുള്ള ചര്‍മ്മ വിദഗ്ധയായ ഡോ. പ്രിയങ്ക റെഡ്ഡി പറയുന്നത്. 

ചര്‍മ്മത്തിലെ കറുത്ത പാടുകൾ, മുഖക്കുരുവിന്റെ പാടുകൾ എന്നിവ തടയാനും യുവത്വം നിലനിര്‍ത്താനും ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. വീട്ടില്‍ ഉണ്ടാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതിലേയ്ക്ക്  ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റാനും ചര്‍മ്മം മൃദുലമാകാനും സഹായിക്കും. 

 

രണ്ട്...

ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചത്, ഒരു ടീസ്പൂണ്‍ തക്കാളി നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടാം. 10-15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ചെയ്യാം. 

മൂന്ന്...

ഒരു ടീസ്പൂണ്‍ മുന്തിരി നീരും ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതും മിശ്രിതമാക്കുക. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും റോസ് വാട്ടറും കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് ചര്‍മ്മം തൂങ്ങാതിരിക്കാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും. 

Also Read: മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് എളുപ്പം അകറ്റാം; ഉപ്പ് കൊണ്ടുള്ള മൂന്ന് വഴികൾ...