കൊറോണയുടെ വരവുമൂലം ലോകത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതൊന്നുമല്ല. സാമൂഹിക അകലം പാലിച്ചും മാക്സും ധരിച്ചുമാണ് നാം ഇന്ന് ജീവിക്കുന്നത്. കൊവിഡിനെതിരായ സുരക്ഷാ മാര്‍ഗങ്ങളില്‍ പ്രധാനിയായ മാസ്കിനെ സ്മാര്‍ട്ടാക്കി അവതരിപ്പിക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. മുഖം മൂടുന്നതിലുപരി ഇതുപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറാനും ജാപ്പനീസ് ഭാഷയില്‍ നിന്ന് മറ്റ് എട്ട് ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും കഴിയും. ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാര്‍ട്ട് മാസ്‌ക് ബന്ധിപ്പിക്കാം. 

 

'ഡോനട്ട് റോബോട്ടിക്‌സ്' എന്ന റോബോട്ടിക് കമ്പനിയാണ് സ്മാര്‍ട്ട് മാസ്‌കിന് പിന്നില്‍. റോബോട്ടുകളുടെ നിര്‍മ്മാണമായിരുന്നു ലക്ഷ്യമെങ്കിലും ഈ കൊവിഡ് കാലത്തിന്‍റെ  ആവശ്യം തിരിച്ചറിഞ്ഞ് റോബോട്ടിക്‌സിലെ ചില സാങ്കേതികവിദ്യകള്‍ മാസ്‌കിലേക്ക് കൂട്ടിയിണക്കിയിരിക്കുകയാണ് ഇവര്‍. 'സി മാസ്‌ക്' എന്ന് പേരിട്ടിരിക്കുന്ന മാസ്‌ക് വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ഈ സ്മാര്‍ട്ട് മാസ്‌ക് ബന്ധിപ്പിച്ച് സംസാരത്തെ ടെക്സ്റ്റാക്കി മാറ്റാനും സാധിക്കും. മെസേജുകള്‍ അയക്കാനും ജാപ്പനീസില്‍ നിന്നും എട്ട് ഭാഷയിലേക്ക് വരെ തര്‍ജ്ജമ ചെയ്യാനും സി മാസ്‌കിനാകും. ജാപ്പനീസ്, ചൈനീസ്, കൊറിയന്‍, വിയറ്റ്നാമീസ്, ഇന്തോനേഷ്യന്‍, ഇംഗ്ലീഷ് , സ്പാനീഷ്, ഫ്രെഞ്ച് എന്നീ ഭാഷകളിലേയ്ക്കാണ് തര്‍ജ്ജമ ചെയ്യുന്നത്. ഇതുവഴി ഈ പറഞ്ഞ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഈ മാസ്ക് സഹായിക്കും. മാസ്‌ക് ധരിച്ചയാളുടെ ശബ്ദം കൂട്ടാനും സി മാസ്‌കിനാകും. സാധാരണ ധരിക്കുന്ന മാസ്‌കിന് മുകളിലും സി മാസ്‌ക് ധരിക്കാം. 

 

നാല്‍പത് ഡോളറാണ് (ഏകദേശം 3000 രൂപ) സി മാസ്‌കിന്‍റെ വില. സെപ്റ്റംബര്‍ തുടക്കത്തോടെ 5000 മാസ്‌കുകള്‍ ആദ്യ ഘട്ടത്തില്‍ ജപ്പാനില്‍ ഇറക്കും. പിന്നീട് സി മാസ്‌ക് ചൈന, യൂറോപ്, അമേരിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനും പദ്ധതിയുണ്ട് എന്ന് കമ്പനിയുടെ സിഇഒ ടൈസുകെ ഓനോ വ്യക്തമാക്കി. 

Also Read: ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്; വിപണി കീഴടക്കി പുത്തന്‍ ഫാഷനിലുള്ള മാസ്കുകള്‍...