ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. ഒടുവില്‍ വിജയിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വനിത. 

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമലാ. അതും ഒരു ഇന്ത്യക്കാരിയാണെന്നത് നമ്മളെ സംബന്ധിച്ച് ഏറെ അഭിമാനകരം തന്നെയാണ്. 

ഇന്ത്യന്‍ വംശജയായ താന്‍ സ്ത്രീകള്‍ക്കൊപ്പം കറുത്ത വര്‍ഗക്കാരെ കൂടി പ്രതിനിധീകരിക്കുന്നുവെന്നാണ് കമലാ ഹാരിസ് പറയുന്നത്. ഇത്രമാത്രം രാഷ്ട്രീയ വ്യക്തത കാത്തുസൂക്ഷിക്കുന്ന കമലയുടെ ഏറ്റവും വലിയ പിന്തുണയാണ് ഭര്‍ത്താവ് ഡഗ്ലസ് എമോഫ്. 

തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം കമലയെ അഭിനന്ദിച്ചുകൊണ്ട് എമോഫ് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയെ അത്യന്തം സ്‌നേഹപൂര്‍വ്വം ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തോടൊപ്പം 'ഒരുപാട് അഭിമാനം തോന്നുന്നു നിന്നെക്കുറിച്ച്' എന്ന ഒരേയൊരു വാക്യവും. 

 

 
 
 
 
 
 
 
 
 
 
 
 
 

So proud of you. ❤️❤️🇺🇸🇺🇸

A post shared by Doug Emhoff (@douglasemhoff) on Nov 7, 2020 at 9:18am PST

 

കമലയും എമോഫും തമ്മിലുള്ള ഗാഢമായ ബന്ധത്തെ വരച്ചുകാട്ടുന്നതായിരുന്നു ഈ ചിത്രം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് ജയത്തെ തുടര്‍ന്നുള്ള ആദ്യ പ്രസംഗം നടത്തിയ രാത്രിയില്‍ എമോഫിനൊപ്പം എടുത്തൊരു ചിത്രം കമലയും ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കുകയുണ്ടായി. 

'ഇതാ എന്റെ പ്രണയം...' എന്ന അടിക്കുറിപ്പില്‍ കമല പോസ്റ്റ് ചെയ്ത ആ ചിത്രവും ഇരുവര്‍ക്കുമിടയിലെ ആത്മബന്ധത്തെ തുറന്നുകാട്ടുന്നതായിരുന്നു. നൂറ് ശതമാനം ആത്മവിശ്വാസം പ്രകടമാകുന്ന കമലയുടെ ചിരിക്ക് പിന്നില്‍ തീര്‍ച്ചയായും എമോഫിന്റെ സാന്നിധ്യമുണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. 

വളരെ വൈകിയ വിവാഹമായിരുന്ന കമലയുടേത്. അമ്പതാം വയസില്‍ ഒരു പ്രണയം. സുഹൃത്തുക്കള്‍ കൂടി തീരുമാനിച്ചായിരുന്നു കമലയും എമോഫും ആദ്യമായി കണ്ടുമുട്ടിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Meet the love of my life, @DouglasEmhoff.

A post shared by Kamala Harris (@kamalaharris) on Nov 9, 2020 at 1:46pm PST

 

'ഞങ്ങള്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പ്രണയബദ്ധരായിരുന്നു'വെന്നാണ് പിന്നീട് ഇതെക്കുറിച്ച് എമോഫ് പറഞ്ഞിട്ടുള്ളത്. 2014ല്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞു. കമലയുടെ ആദ്യവിവാഹവും എമോഫിന്റെ രണ്ടാം വിവാഹവുമായിരുന്നു അത്. ഇപ്പോള്‍ അമ്പത്തിയാറാം വയസിലും തങ്ങളുടെ പ്രണയം ചോരാതെ കാത്തുവയ്ക്കുകയാണ് ഇവര്‍. 

മികച്ച വ്യക്തിത്വമായി നിലകൊള്ളാന്‍ ഒരാളെ പ്രാപ്തമാക്കുന്നത് ജീവിതത്തിലെ സ്വകാര്യമായ സന്തോഷങ്ങള്‍ കൂടിയാണ്. കമലയുടെ വിജയവും നമ്മോട് നിശബ്ദമായി സംവദിക്കുന്നത് ഇവയെല്ലാമാണ്. ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഇനി ഭരണരംഗത്തെ മികവില്‍ കൂടി പ്രതിഭ തെളിയിച്ച് ചരിത്രത്തില്‍ സുശക്തമായ അടയാളപ്പെടുത്തലായി കമലാ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അപ്പോഴൊക്കെയും അവര്‍ക്ക് ആത്മവിശ്വാസം പകരാനായി എമോഫിന്റെ സ്‌നേഹസാന്നിധ്യം കൂടെയുണ്ടാകട്ടെയെന്നും ഏവരും ആശംസിക്കുന്നു.

Also Read:- കമല ഇനി മുതൽ താമസിക്കാൻ പോകുന്നത് ഇവിടെയാണ്; മൂന്ന് നിലകളുള്ള ഈ ആഢംബര കൊട്ടാരത്തിന് ചില പ്രത്യേകതകളുണ്ട്...