പൊതുവേ താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് പല സെലിബ്രിറ്റികളും. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. ഇവരുടെ വസ്ത്രങ്ങളെല്ലാം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയാകാറുമുണ്ട്. 

അതേസമയം  ബോളിവുഡിലെ മുൻനിര താരം കങ്കണ റണൗത് അടുത്തിടെ ധരിച്ച സാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. കാരണം മറ്റൊന്നുമില്ല, വില തന്നെയാണ് വിഷയം. വെറും 600 രൂപയുടെ സാരിയുടുതാണ്  കങ്കണയെ കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോട്ടില്‍ കാണപ്പെട്ടത്. 

പീച്ച് നിറത്തിലുളള കൊല്‍ക്കത്ത കോട്ടണ്‍ സാരിയില്‍ അതീവ സുന്ദരിയായിരുന്നു കങ്കണ. സാരിയോടൊപ്പം കറുപ്പ് ജാക്കറ്റും താരം ധരിച്ചിരുന്നു. കങ്കണയുടെ സഹോദരി രങ്കോളിയാണ് 600 രൂപയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത് എന്ന് ട്വീറ്റ് ചെയ്തത്.

ഈ വിലയ്ക്ക് ഇത്ര നല്ല കോട്ടണ്‍ സാരി കിട്ടുമോ എന്ന് കങ്കണ അത്ഭുതപ്പെട്ടുവെന്നും സഹോദരി കുറിച്ചു. പിന്നാലെ കങ്കണയെ പ്രശംസിച്ചുള്ള കമന്‍റുകളുടെ പ്രവാഹമായിരുന്നു.