വിവാഹ ദിവസം ധരിക്കുന്ന വസ്ത്രത്തെപ്പറ്റി എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപൂറും താന്‍ ധരിച്ച വിവാഹ വസ്ത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. പട്ടൗഡി രാജകുടുംബം പരമ്പരാ​ഗതമായി കൈമാറിവന്ന  ആഡംബര വസ്ത്രമാണ് കരീന വിവാഹത്തിന് ധരിച്ചത്. 

പതിനെട്ടു കാരറ്റ് ​ഗോൾഡ് വര്‍ക്കുള്ള ആ വസ്ത്രമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും കഴിഞ്ഞ ദിവസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തില്‍ കരീന പറഞ്ഞു. സ്വർണത്താൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് ഇതിലെ പ്രധാന ആകർഷണം. 'വിവാഹത്തിന് ഞാന്‍ ധരിച്ചത് സെയ്ഫ് അലി ഖാന്റെ മുത്തശ്ശി ധരിച്ച ഔട്ട്ഫിറ്റാണ്. തലമുറകളായി കൈമാറിയിട്ടുള്ള വസ്ത്രമാണത്. അതുടുക്കുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്നോർത്ത് ആശങ്കയുണ്ടായിരുന്നു. പിന്നീട് തനിക്ക് വേണ്ടി അൽപം പരിഷ്കരിച്ചെടുക്കുകയായിരുന്നു'- കരീന പറഞ്ഞു. സെയ്ഫ് അലി ഖാന്‍റെ അമ്മയും നടിയുമായ ഷർമിള ടാ​ഗോറും ധരിച്ച വസ്ത്രമാണിത്.

 

തന്റെ അമ്മയ്ക്കും മുത്തശ്ശിക്കുമൊക്കെ ഇന്ത്യന്‍ വസ്ത്രങ്ങളോടാണ് പ്രിയം. സെയ്ഫിന്റെ അമ്മയ്ക്കും അത്ഭുതപ്പെടുത്തുന്ന സാരി ശേഖരമുണ്ട്. അവയെല്ലാം ധരിക്കാൻ തനിക്കും ഇഷ്ടമാണ്. സാധാരണ ദിവസങ്ങളിലെ വസ്ത്രരീതി ഒഴിച്ചാൽ സാരിയാണ് ഏറ്റവും സുരക്ഷിതമായി തോന്നിയിട്ടുള്ളത്. റെഡ് കാർപെറ്റ് വസ്ത്രങ്ങളേക്കാൾ എന്തുകൊണ്ടും ഇഷ്ടം സാരിയാണെന്നും കരീന കൂട്ടിച്ചേര്‍ത്തു. 

 

Also Read: വിവാഹവസ്ത്രം വരെ ഓര്‍ഡര്‍ ചെയ്ത് ആലിയ?