പാചകപരീക്ഷണങ്ങളും ഫിറ്റ്‌നസ് പരിശീലനങ്ങളുമൊക്കെയാണ് ഈ ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികളുടെ പ്രധാന വിനോദങ്ങള്‍. എന്നാല്‍ ചില താരങ്ങളെങ്കിലും വന്നുവീണ ഈ അവധിദിനങ്ങള്‍ പുതിയ പാഠങ്ങള്‍ പഠിക്കാനായും മാറ്റിവച്ചിട്ടുണ്ട്. 

പൂന്തോട്ട പരിപാലനവും, പാചകവുമൊന്നുമല്ലാതെ കയ്യും മെയ്യുമനങ്ങി ചെയ്യാവുന്ന ജോലികളും താരങ്ങള്‍ക്ക് ഇണങ്ങുമെന്നാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്. ബോളിവുഡിന്റെ പ്രിയതാരം കത്രീന കെയ്ഫാണ് ഈ പട്ടികയില്‍ എടുത്ത് പറയപ്പെടേണ്ട ഒരാള്‍. 

ലോക്ഡൗണ്‍ ആരംഭിച്ച സമയത്ത് തന്നെ വീട് വൃത്തിയാക്കുന്നതിന്റേയും പാത്രം കഴുകുന്നതിന്റേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും കത്രീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. സാധാരണഗതിയില്‍ താരപദവികളിലിരിക്കുന്നവര്‍ ചെയ്യാന്‍ മടിക്കുന്നതോ, പരസ്യപ്പെടുത്താന്‍ മടിക്കുന്നതോ ആയ ജോലികളാണ് യാതൊരു സങ്കോചവുമില്ലാതെ കത്രീന ചെയ്യുന്നത്. എന്നുമാത്രമല്ല, അതിന്റെയെല്ലാം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതിലും താരത്തിന് പ്രശ്‌നമൊന്നുമില്ല എന്നതാണ് സത്യം.

 

 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കത്രീന പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ആരാധകര്‍ കൗതുകപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നത്. വീട് വൃത്തിയാക്കാനുപയോഗിക്കുന്ന വിവിധ തരം മോപ്പുകളും ചൂലുമെല്ലാം നിരത്തിവച്ച് അവയെ വിലയിരുത്തുകയാണ് കത്രീന. നന്നായി 'വര്‍ക്ക്' ചെയ്യുന്നത്, വലിയ കുഴപ്പമില്ലാത്തത് എന്നിങ്ങനെയെല്ലാം ഇവയെ താരം പട്ടികപ്പെടുത്തിയിരിക്കുകയാണ്. 

 


ലോക്ഡൗണ്‍ കാലത്ത് പങ്കുവച്ച വീട് വൃത്തിയാക്കുന്ന വീഡിയോ ജാഡയല്ലെന്ന് ഇതോടെ ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഇത്രയും ദിവസം 'ക്ലീനിംഗ്' തുടര്‍ച്ചയായി ചെയ്തതോടെ പുതിയ പലതും താരം പഠിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. 

ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ തന്നെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സഹായിയെ വീട്ടില്‍ പറഞ്ഞുവിട്ടെന്നും സഹോദരിക്കൊപ്പം താനാണിപ്പോള്‍ ഗൃഹഭരണം നടത്തുന്നതെന്നും കത്രീന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാചകം ചെയ്യുന്നതിന്റേയും വീട്ടുജോലികള്‍ ചെയ്യുന്നതിന്റേയുമെല്ലാം ചെറുവീഡിയോകളും താരം പങ്കുവച്ചിരുന്നു.

Also Read:- ലോക്ക്ഡൗണ്‍ കാലത്തെ ബോളിവുഡ് താരങ്ങള്‍ വിനിയോഗിക്കുന്നത് ഇങ്ങനെയാണ്...