പാലക്കാട് കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. അതേസമയം ജില്ലയില്‍ കഴിഞ്ഞയാഴ്ച ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു
കാലാവസ്ഥാപ്രവചനങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനത്ത് ചൂട് കനത്ത രീതിയില്‍ തന്നെ തുടരുകയാണ്. പലയിടങ്ങളിലും ചൂട് നാല്‍പതിലും, അതിനോടടുത്തും തന്നെയാണ് ഈ ദിവസങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും നഗരങ്ങളാണ് ചൂടില്‍ വെന്തുരുകുന്നത്.
പാലക്കാട് കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. അതേസമയം ജില്ലയില്‍ കഴിഞ്ഞയാഴ്ച ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തിരുന്നു. ഇന്ന് മുതല്‍ അടുത്ത നാല് ദിവസങ്ങളിലായി തിരുവനന്തപുരം ഉള്‍പ്പെടെ ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയെത്താനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.
പാലക്കാടിന് പിന്നാലെ കോട്ടയവും പുനലൂരുമാണ് കഴിഞ്ഞ ദിവസം കടുത്ത ചൂട് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ചൂട് കുറവനുഭവപ്പെടുമ്പോഴും നഗരങ്ങളില്‍ രാത്രിയും കൊടിയ ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ആര്‍ദ്രത കൂടുതലായതും ചൂടിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വേനല്‍ മഴ ഇനിയും വൈകിയാല്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിട്ടേക്കാം. ഇതിനോടകം തന്നെ പല ജില്ലകളിലും കിണറുകള്‍ പൂര്‍ണ്ണമായും ഭാഗികമായും വറ്റുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വേനലില്‍ ഇടക്കാലാശ്വാസമായി പെയ്യാറുള്ള മഴകള്‍ ദീര്‍ഘനാളായി വൈകുന്നത് മൂലം ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിച്ച് വരികയാണ്.
എന്നാല്‍ സമീപദിവസങ്ങളില്‍ സൂര്യഘാതത്തിനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എങ്കിലും രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയുള്ള വെയില്‍ ഒഴിവാക്കുക തന്നെ ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
