അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയാണ് കിയാര അദ്വാനി. ഫാഷൻ ലോകത്ത് കിയാര ഒരു തിളങ്ങുന്ന താരമാണ്. ഇപ്പോഴിതാ ദില്ലിയില്‍ നടന്ന ഡിസൈനേഴ്സ് ഫാഷൻ ഷോയിൽ‌ അമിത് അഗർവാൾ ഡിസൈൻ ചെയ്ത ബ്രൈഡൽ ലഹങ്കയില്‍  കയ്യടി നേടിയിരിക്കുകയാണ് കിയാര.

‘ലുമെൻ’ എന്ന പുതിയ കലക്‌ഷനാണ് അഗർവാൾ അവതരിപ്പിച്ചത്. ഷിമ്മറി ബ്രൈറ്റ് റെഡ് ലഹങ്കയിലാണ് കിയാര റാംപില്‍ തിളങ്ങിയത്. മനുഷ്യന്റെയും സസ്യങ്ങളുടെയും ഘടനയെ പ്രതിനിധീകരിക്കുന്ന ഡിസൈനാണ് ലഹങ്കയ്ക്കുള്ളത്. മരതകം കല്ലുള്ള സ്റ്റേറ്റ്മെന്റ് നെക്‌ലേസ് മാത്രമായിരുന്നു ആഭരണം. മിനിമലിസ്റ്റ് മേക്കപ്പ് ആയിരുന്നു മറ്റൊരു പ്രത്യേകത.

അമിത് അഗർവാളിന്റെ ഔട്ട്ഫിറ്റുകളെ വിശേഷിപ്പിക്കാൻ വാക്കുകളില്ല എന്നായിരുന്നു കിയാരയുടെ പ്രതികരണം. ‘‘ ദൂരെ നിന്നു പോലും ഇദ്ദേഹത്തിന്‍റെ വർക്കുകൾ തിരിച്ചറിയാനാകും’’– താരം പറഞ്ഞു.

വിവാഹത്തിന് എങ്ങനെയുള്ള വസ്ത്രമായിരിക്കും ധരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി പറഞ്ഞു. ‘ഭാരം കുറഞ്ഞ, ശരിയായി ശ്വസിക്കാൻ സാധിക്കുന്ന വസ്ത്രമായിരിക്കും ധരിക്കുക. എത്ര ഭാരം കുറഞ്ഞതാകുമോ അത്രയും നല്ലത്. ആ വസ്ത്രം നമ്മുക്ക് സന്തോഷം നൽകണം’’– കിയാര പറഞ്ഞു.