ഇരുപത്തിരണ്ടാം വയസില്‍ മരണം വാഡ്‍‍ലോയെ തട്ടിയെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ മനുഷ്യനെന്ന സ്ഥിരീകരണം ഒരു ബഹുമതിയായി വാഡ്‍ലോയെ തേടിയെത്തുന്നത്. അപ്പോള്‍ എട്ടടി 11.1 ഇഞ്ച് ഉയരമായിരുന്നു വാഡ്‍ലോയ്ക്ക് ഉണ്ടായിരുന്നത്. 

ശാരീരികമായ സവിശേഷതകളുള്ള വ്യക്തികള്‍ ഇതിന്‍റെ പേരില്‍ പലപ്പോഴും പ്രശസ്തരാകാറുണ്ട്. അത്തരത്തില്‍ ലോകമൊട്ടാകെയും പേരുകേട്ടൊരു വ്യക്തിത്വമാണ് റോബര്‍ട്ട് വാഡ്‍ലോ അഥവാ 'ദ ജയന്‍റ് ഓഫ് ഇലിനോയിസ്' എന്നറിയപ്പെടുന്ന മനുഷ്യൻ. ഇന്നുവരെ ജീവിച്ചിട്ടുള്ളതില്‍ വച്ചേറ്റവും ഉയരം കൂടിയ മനുഷ്യനായിരുന്നു റോബര്‍ട്ട് വാഡ്‍ലോ.

ഇദ്ദേഹത്തെ കുറിച്ചുള്ള വിശദാംശങ്ങളോ ഇദ്ദേഹത്തിന്‍റെ ജീവിതകഥകളോ എല്ലാം പലപ്പോഴായി പല പ്രസിദ്ധീകരണങ്ങളും പല പ്രോഗ്രാമുകളിലുമെല്ലാം വന്നിട്ടുണ്ട്. ഇപ്പോള്‍ 'ഹിസ്റ്ററി ഇൻ കളര്‍' എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച റോബര്‍ട്ട് വാഡ്‍ലോയുടെ കുടുംബചിത്രം 'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്' ഷെയര്‍ ചെയ്തതോടെ ട്വിറ്ററില്‍ വീണ്ടും റോബര്‍ട്ട് വാഡ്‍ലോ ഓര്‍മ്മിക്കപ്പെടുകയാണ്. 

യുഎസിലെ ഇലിനോയിസില്‍ 1918ലാണ് വാഡ്‍ലോ ജനിക്കുന്നത്. ജനിക്കുമ്പോള്‍ വളരെ സാധാരണ കുഞ്ഞായിരുന്നു വാഡ്‍ലോയും. എന്നാല്‍ പിന്നീടങ്ങോട്ട് പതിയെ വാഡ്‍ലോയുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരാൻ തുടങ്ങി. അസാധാരണമായ വലുപ്പം തന്നെ പ്രധാന മാറ്റം. അഞ്ച് വയസായപ്പോഴേക്ക് വാഡ്‍ലോ ഒരു കൗമാരക്കാരനോളമായി. അത്തരത്തിലുള്ള വസ്ത്രങ്ങളും വാഡ്‍ലോയ്ക്ക് ആവശ്യമായി വന്നു. എട്ട് വയസായപ്പോള്‍ വാഡ്‍ലോ അച്ഛനെക്കാള്‍ വലുപ്പമുള്ള ആളായി മാറി. 

അസാധാരണമായ രീതിയിലുള്ള ഹോര്‍മോണ്‍ ഉത്പാദനം നടക്കുന്ന 'ഹൈപ്പര്‍പ്ലാസിയ' എന്ന അവസ്ഥയായിരുന്നു വാഡ്‍ലോയ്ക്ക്. ഇതുമൂലമാണ് വാഡ്‍ലോ ഇത്തരത്തില്‍ ഉയരവും വണ്ണവും വര്‍ധിച്ച് വലിയൊരു മനുഷ്യനായി മാറിയത്. 

വൈകാതെ തന്നെ ഈ ശാരീരിക സവിശേഷ വാഡ്‍ലോയെ സര്‍ക്കസിലെത്തിച്ചു. 1936ല്‍ റിഗ്ലിംഗ് സഹോദരന്മാരുടെ പ്രസിദ്ധമായ ട്രാവല്‍ സര്‍ക്കസില്‍ വാഡ്‍ലോ ചേര്‍ന്നു. ഇതോടെ വാഡ്‍ലോ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. എന്നാല്‍ അപ്പോഴേക്ക് വാഡ്‍ലോ തന്‍റെ ശരീരത്തിന്‍റെ അസാധാരണത്വത്തോട് പൊരുതി ക്ഷീണിച്ച് തുടങ്ങിയിരുന്നു. നടക്കാൻ മറ്റ് ഉപകരണങ്ങളുടെ സഹായം തേടിത്തുടങ്ങി. എങ്കിലും ഏവരുടെയും പ്രിയങ്കരനായിരുന്നു വാഡ്‍ലോ.

ഇരുപത്തിരണ്ടാം വയസില്‍ മരണം വാഡ്‍‍ലോയെ തട്ടിയെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ മനുഷ്യനെന്ന സ്ഥിരീകരണം ഒരു ബഹുമതിയായി വാഡ്‍ലോയെ തേടിയെത്തുന്നത്. അപ്പോള്‍ എട്ടടി 11.1 ഇഞ്ച് ഉയരമായിരുന്നു വാഡ്‍ലോയ്ക്ക് ഉണ്ടായിരുന്നത്. 

കാലിനേറ്റ ചെറിയൊരു പരുക്കാണ് വാഡ്‍ലോയെ മരണം വരെയെത്തിച്ചത്. പരുക്ക് ഭേദപ്പെടുത്താൻ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. രക്തം മാറ്റിവയ്ക്കലും ശസ്ത്രക്രിയയുമെല്ലാം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജന്മനാ ഉള്ള ശാരീരികമായ പ്രത്യേകതകള്‍ മൂലം തന്നെയാണ് വാഡ്‍ലോയ്ക്ക് ഈ അവസ്ഥയെ മറികടക്കാൻ സാധിക്കാതിരുന്നതും. അങ്ങനെ 1940 ജൂലൈയില്‍ വാഡ്‍ലോ വിടവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ശവപ്പെട്ടിയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, ഏറ്റവും വ്യത്യസ്തനായിരുന്ന, വിസ്മയമായിരുന്ന പ്രിയപ്പെട്ട വാഡ്‍ലോയെ കിടത്തി. പന്ത്രണ്ട് പേരും ഇവരെ സഹായിക്കാൻ എട്ട് പേരും ചേര്‍ന്ന് ശവം ചുമന്നു. ജന്മനാടായ ഇലിനോയിസില്‍ തന്നെ വാഡ്‍ലോയ്ക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടവും ഒരുക്കി. 

ഓരോ ഇടവേളകള്‍ക്കും ശേഷം സോഷ്യല്‍ മീഡിയയിലോ മറ്റ് മീഡിയ പ്ലാറ്റ്ഫോുമുകളിലോ എല്ലാ വാഡ്‍ലോയുടെ വേറിട്ടുനില്‍ക്കുന്ന ചിത്രങ്ങളോ അദ്ദേഹത്തെ കുറിച്ചുള്ള പഴയ കുറിപ്പുകളോ മറ്റോ ഉയര്‍ന്നുവരും. പുതിയ തലമുറ വീണ്ടും വീണ്ടും വാഡ്‍ലോയെ അന്വേഷിക്കും. അങ്ങനെ മരിച്ച് ദശാബ്ദങ്ങള്‍ക്കിപ്പുറവും വാഡ്‍ലോ ഏവരുടെയും പ്രിയപ്പെട്ട ഒരാളായി നിലനില്‍ക്കുകയാണ്. 

Scroll to load tweet…

Also Read:- അസാധാരണമായ കാല്‍പാദങ്ങളുമായി സ്ത്രീ; ചെരുപ്പോ ഷൂവോ ഒരിക്കലും പാകമാകില്ല!