മനോഹരമായ ഒരു ഭൂപ്രകൃതിയാണ് ഫോട്ടോഗ്രാഫിലുള്ളത്. മഞ്ഞ് മൂടിക്കിടക്കുന്ന വമ്പന്‍ മലനിരകളും അതിനെ തൊട്ടുകിടക്കുന്ന ആകാശവുമെല്ലാം ഒരു പെയിന്റിംഗിന് സമാനമായി തോന്നിക്കുന്നതായിരുന്നു. പലരും ഇതെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളിലെല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്കകത്ത് രാഹുല്‍ ഗാന്ധി വളരെ ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ചിലരുടെ കാഴ്ച പോയത് അദ്ദേഹത്തിന് പിന്നിലായി കാണുന്ന ഫോട്ടോഗ്രാഫിലേക്കായിരുന്നു. 

മനോഹരമായ ഒരു ഭൂപ്രകൃതിയാണ് ഫോട്ടോഗ്രാഫിലുള്ളത്. മഞ്ഞ് മൂടിക്കിടക്കുന്ന വമ്പന്‍ മലനിരകളും അതിനെ തൊട്ടുകിടക്കുന്ന ആകാശവുമെല്ലാം ഒരു പെയിന്റിംഗിന് സമാനമായി തോന്നിക്കുന്നതായിരുന്നു. പലരും ഇതെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. 

ഏതായാലും മുഖ്യധാരയില്‍ നിന്ന് മാറിനിന്ന ഈ ചെറുചര്‍ച്ചകള്‍ക്കിടെ ഒടുവില്‍ ആ ഫോട്ടോഗ്രാഫിന്റെ സൃഷ്ടാവിനെയും സോഷ്യല്‍ മീഡിയ കലാസ്വാദകര്‍ കണ്ടെത്തിയിരിക്കുകയാണ്. മറ്റാരുമല്ല, രാഹുലിന്റെ സഹോദരി പ്രിയങ്കയുടെ മകനായ റയ്ഹാന്‍ വദ്രയാണ് ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍. 

Scroll to load tweet…

ആര്‍ക്കിടെക്ടായ സീതു മഹാജന്‍ കോലി റയ്ഹാന്‍ വദ്രയെ ടാഗ് ചെയ്തുകൊണ്ട് 'ഇത് താങ്കളുടെ ചിത്രമാണോ? എന്ന് ട്വീറ്റില്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഇരുപതുകാരനായ റയ്ഹാന്‍ അതെ എന്ന് കമന്റും നല്‍കി. ഇതോടെയാണ് പലരുടെയും കണ്ണുകളുടക്കിയ ചിത്രത്തിന്റെ സൃഷ്ടാവ് ആരാണെന്നത് വെളിവായത്. 

വളരെ ചെറുപ്പത്തില്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന റയ്ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചെറിയ സെലിബ്രിറ്റി കൂടിയാണ്. ഫോട്ടോഗ്രാഫുകള്‍ക്ക് തന്നെയാണ് ആരാധകരേറെയും. രാഹുലിന്റെ വീഡിയോയില്‍ കണ്ട ഫോട്ടോയും റയ്ഹാന്‍ നേരത്തേ തന്റെ ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചതായിരുന്നു. 

എവറസ്റ്റ് കൊടുമുടിയുടെ ചിത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ അത്. 'ലോകത്തിന്റെ നെറുകയില്‍- ആകാശത്ത് നിന്ന് കാണുന്ന എവറസ്റ്റ് കൊടുമുടി' എന്ന അടിക്കുറിപ്പോടെ ഫെബ്രുവരിയിലാണ് റയ്ഹാന്‍ ചിത്രം പങ്കുവച്ചിരുന്നത്. 

View post on Instagram

ഇതിന് ശേഷം റയ്ഹാന്റെ ചിത്രങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് സീതു മഹാജന്‍ കോലി ട്വീറ്റ് ചെയ്യുകയും അതിനും നന്ദിയും സന്തോഷവുമറിയിച്ച് വീണ്ടും റയ്ഹാന്‍ പ്രതികരിക്കുകയും ചെയ്തു. പലര്‍ക്കും ഏറെ പുതുമയുള്ള വിവരമായിരുന്നു ഇത്. ഇത്രയും സൂക്ഷ്മമായി ഫോട്ടോഗ്രാഫ് പിന്തുടര്‍ന്ന് അതിന് പിന്നിലെ കലാകാരനെ കണ്ടെത്താന്‍ ഒരു കൂട്ടം ട്വിറ്റര്‍ കലാസ്വാദകര്‍ കാണിച്ച മനസിനെ അഭിനന്ദിക്കുന്നവരുമുണ്ട്. 

Also Read:- 'മനോഹരമായ അനുഭവം'; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുരുന്നിന്റെ വീഡിയോ