കൊറോണ വൈറസ് വ്യാപകമായതോടെയാണ് മിക്ക രാജ്യങ്ങളും ലോക്ക്ഡൗണ്‍ എന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ലോക്ക്ഡൗണ്‍ ആണെങ്കിലും അവശ്യസേവനങ്ങള്‍ ഉറപ്പുവരുത്താന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. 

വൈദ്യസഹായം, പൊലീസ്- ആംബുലന്‍സ് സര്‍വീസുകള്‍, അവശ്യസാധനങ്ങളുടെ ലഭ്യത എന്നിങ്ങനെ ചുരുക്കം ചില ഘടകങ്ങള്‍ മാത്രമാണ് ലോക്ക്ഡൗണ്‍ ദിനങ്ങളിലും സജീവമായിട്ടുള്ളത്. ഇതില്‍ അവശ്യസാധനങ്ങള്‍ എന്ന ഗണത്തില്‍ റേഷന്‍, മരുന്ന്, അത്യാവശ്യ വീട്ടാവശ്യങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ -അത്രയൊക്കെയേ അനുവദിക്കേണ്ടതുള്ളൂ, അല്ലേ?

എന്നാല്‍ പല രാജ്യങ്ങളും പട്ടികപ്പെടുത്തിയെടുത്ത ഈ അവശ്യസാധനങ്ങളിലെ ചിലത് എന്തെന്നറിഞ്ഞാല്‍ ഒരുപക്ഷേ, നിങ്ങള്‍ അമ്പരന്നേക്കും. ചോക്ലേറ്റ് മുതല്‍ തോക്കും കഞ്ചാവും വരെയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. 

ഫ്രാന്‍സിലാണ് ചോക്ലേറ്റിനെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ചേക്ലേറ്റ് മാത്രമല്ല ബേക്കറികള്‍, കേക്ക് ഷോപ്പുകള്‍, ചീസ് ഷോപ്പുകള്‍, മീറ്റ് ഷോപ്പുകള്‍, വൈന്‍ ഷോപ്പുകള്‍ എന്നിവയും ഇവിടെ അവശ്യം വേണ്ട സേവനങ്ങളില്‍ പെടുന്നു. 

ഇനി വിവാദമായ 'അവശ്യ'സാധനങ്ങളിലേക്ക് വരാം. അമേരിക്കയാണ് ഇക്കാര്യത്തില്‍ താരം. ലോക്ക്ഡൗണ്‍ കാലത്ത് മുടങ്ങാതെ തുറന്നുവയ്ക്കുന്ന 'ഗണ്‍ സ്‌റ്റോറുകള്‍' മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയെ വേറിട്ടുനിര്‍ത്തുകയാണ്. തോക്ക് എങ്ങനെയാണ് ഒരവശ്യ സാധനമാകുന്നത് എന്നാണ് ചോദ്യം. എന്തായാലും ഇതിന്റെ വില്‍പന നിലവാരം അറിഞ്ഞാല്‍ ഈ സംശയം പാടെ മാറിക്കോളും. കൊറോണക്കാലത്തെ ലോക്ക്ഡൗണിനിടെയും അമേരിക്കയിലെ തോക്ക് കച്ചവടം റെക്കോര്‍ഡ് സൃഷ്ടിക്കുകയാണെന്നാണ് ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. അങ്ങനെയാകുമ്പോള്‍ തോക്ക് 'അവശ്യം' വേണ്ടത് തന്നെയെന്ന് സമ്മതിക്കേണ്ടിവരുമല്ലോ!

അമേരിക്കയിലെ മറ്റൊരു 'അവശ്യ' സാധനം കൂടി നമ്മുടെ നാട്ടുകാരെ അമ്പരപ്പിക്കാനിടയുണ്ട്. മരിജുവാന, അഥവാ കഞ്ചാവാണ് സംഗതി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അല്ലാതെയും കഞ്ചാവ് നല്‍കുന്ന കച്ചവടസ്ഥാപനങ്ങള്‍ അമേരിക്കയിലെ കൊളറാഡോ പോലുള്ള സ്ഥലങ്ങളില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.  

Also Read:- കൊവിഡ് 19 ഭീതിക്കിടെ അമേരിക്കക്കാർ പലരും തോക്കുകൾ വാങ്ങിക്കൂട്ടുന്നു, കാരണം ഇതാണ്...

ഓസ്‌ട്രേലിയയിലാണെങ്കില്‍ റെസ്‌റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പബ്ബുകളുമെല്ലാം നേരത്തേ അടച്ചതാണ്. പക്ഷേ ലൈസന്‍സില്ലാത്ത ചില 'ലിക്കര്‍ സ്റ്റോറുകള്‍'ക്ക് ഈ നിയന്ത്രണമൊന്നുമില്ല. ആളുകള്‍ക്ക് സാമൂഹികാകലം പാലിച്ചുകൊണ്ട് ഇവിടെ നിന്നെല്ലാം മദ്യം വാങ്ങിപ്പോകാവുന്നതാണ്. 

മറ്റൊരു രസകരമായ സാധനം കൂടി ഓസ്‌ട്രേലിയയിലെ 'അവശ്യ'സേവനങ്ങളിലുള്‍പ്പെടുന്നുണ്ട്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളെക്കുറിച്ചാണ് പറയുന്നത്. കളിപ്പാട്ടങ്ങള്‍ അത്ര അത്യാവശ്യമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്നെ മറുപടി നല്‍കും. ഏറെ നാള്‍ വീട്ടില്‍ത്തന്നെ ഇരിക്കുന്ന കുട്ടികളെ 'മാനേജ്' ചെയ്യാന്‍ കളിപ്പാട്ടങ്ങള്‍ ആവശ്യമാണെന്നും തന്റെ മകന് വേണ്ടി കളിപ്പാട്ടം അന്വേഷിച്ചിറങ്ങാന്‍ ഭാര്യ തന്നെ നിര്‍ബന്ധിതയായെന്നും അദ്ദേഹം വിശദീകരണമായി പറയുന്നു. അല്‍പം മനശാസ്ത്രപരമായ തീരുമാനമായത് കൊണ്ട് തന്നെ ഇതിനോട് അനുകൂലമായ മനോഭാവമാണ് പൊതുവേ ഉണ്ടായിട്ടുള്ളത്. 

'എസന്‍ഷ്യല്‍സ്' അഥവാ അവശ്യസാധനങ്ങള്‍ എന്ന പട്ടികയില്‍ ഓരോ രാജ്യങ്ങളും ഉള്‍പ്പെടുത്തുന്നത് അവരുടെ ജീവിതരീതികളോടും സംസ്‌കാരങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഘടകങ്ങളായിരിക്കാം. ഇതുതന്നെ രാജ്യങ്ങള്‍ക്കകത്തെ എല്ലായിടങ്ങളിലും ഒരുപോലെയല്ല. നഗരങ്ങളും ഗ്രാമങ്ങളും ഇടത്തരം പട്ടണങ്ങളുമെല്ലാം ഇക്കാര്യങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിവരുന്നു. എവിടെയും സാമൂഹികാകലം നിര്‍ബന്ധമായി പാലിക്കണമെന്ന ജാഗ്രതാനിര്‍ദേശം സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട് എന്നതാണ് ചെറിയ ആശ്വാസം.