ഗർഭാവസ്ഥയിലോ ജനനസമയത്തോ ജനിച്ചതിനുശേഷമോ ഉണ്ടാകുന്ന പ്രശ്നങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, പാരമ്പര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ മൂലമാണ് കുട്ടികളിൽ പഠനവൈല്യങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും മൂന്നുതരം പഠനവൈകല്യങ്ങൾ ആണ് കണ്ടുവരുന്നത്. 

ചില കുട്ടികളിൽ പഠന വൈകല്യം കാണാറുണ്ട്. കുട്ടികളുടെ വായന, എഴുത്ത്, കണക്ക് ( ഗണിത ശാസ്ത്രം) എന്നീ മൂന്നു മേഖലകളെ കാര്യമായി ബാധിക്കുന്ന ഒന്നാണ് പഠന വൈകല്യം. കുട്ടികളിലെ പഠന വൈകല്യം തടയുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

കുട്ടികൾ പതിവിൽ നിന്നും വ്യത്യസതമായി പഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ അമിതമായ ദേഷ്യം, വാശി, പരിഭ്രമം, താല്പര്യക്കുറവ് തുടങ്ങിയവ കാണിക്കുന്നുണ്ടോ? എങ്കിൽ അതു പഠന വൈകല്യത്തിൻ്റെ തുടക്കമാകാം. കുട്ടികളുടെ വായന, എഴുത്ത്, കണക്ക് ( ഗണിത ശാസ്ത്രം) എന്നീ മൂന്നു മേഖലകളെ കാര്യമായി ബാധിക്കുന്ന ഒന്നാണ് പഠന വൈകല്യം.

ആറു വയസ്സു കഴിഞ്ഞിട്ടും കുട്ടികളിൽ എഴുത്ത്, വായന, കണക്ക് എന്നീ മേഖലകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ലേണിംഗ് ഡിസബിലിറ്റിയിൽ വിദഗ്ധരായ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്തു ചികിത്സ ആരംഭിക്കേണ്ടതാണ്. എന്നാൽ വലുതാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ താന്നെ മാറുമെന്ന പ്രതീക്ഷയോടെ ചികിത്സ ആരംഭിക്കാതിരിക്കുകയോ പാതിവഴിയിൽ മുടക്കുകയോ ചെയ്താൽ പതിയെ അതു പഠനവൈകല്യം എന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.

അറിയുക എന്താണ് പഠനവൈകല്യം, പഠനവൈകല്യം ഉണ്ടാകുന്നത് എങ്ങനെ, വൈകല്യത്തിലൂടെ കടന്നു പോകുന്ന ഒരു കുട്ടിയെ എങ്ങനെ തിരിച്ചറിയാം, തിരിച്ചറിഞ്ഞാൽ എന്തു ഏതുതരത്തിലുള്ള ട്രീറ്റ്മെൻറ് ആണ് നൽകേണ്ടത് എന്ന കാര്യത്തിൽ രക്ഷിതാക്കൾക്കു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

പഠന വൈകല്യം എന്നു പറയുന്നത് കുട്ടികളുടെ തലച്ചോറിൽ വരുന്ന തകരാറിന്റെ ഫലമായി സംഭവിക്കുന്ന ഒന്നാണ്. ഗർഭാവസ്ഥയിലോ ജനനസമയത്തോ ജനിച്ചതിനുശേഷമോ ഉണ്ടാകുന്ന പ്രശ്നങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, പാരമ്പര്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ മൂലമാണ് കുട്ടികളിൽ പഠനവൈല്യങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും മൂന്നു തരം പഠനവൈകല്യങ്ങൾ ആണ് കണ്ടുവരുന്നത്. വായന വൈകല്യം അഥവാ ഡിസ്ലെക്സിയ, എഴുത്ത് വൈകല്യം അഥവാ ഡിസ് ഗ്രാഫിയ, കണക്ക് വൈകല്യം അഥവാ ഡിസ് കാൽക്കുലിയ. 

പഠന വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ:-

എഴുത്ത്

എഴുതുമ്പോൾ അക്ഷരങ്ങൾ വാക്കുകൾ വാചകങ്ങൾ എന്നിവ വിട്ടുപോവുക, അക്ഷരങ്ങൾ തിരിച്ച് എഴുതുക, ക്ലാസ് നോട്ടുകൾ പൂർത്തിയാക്കാൻ കഴിയാതെ വരിക, വലിയ അക്ഷരവും ചെറിയ അക്ഷരവും ഇടകലർത്തി എഴുതുക തുടങ്ങി നിരവധി ലക്ഷണങ്ങളാണ് കുട്ടികൾ പൊതുവേ കാണിക്കുന്നത്.

വായന

വായിക്കുമ്പോൾ തെറ്റായി ഉച്ചരിക്കുക, ഇല്ലാത്ത വാക്കുകൾ കൂട്ടിച്ചേർത്തു വായിക്കുക, വായിക്കുമ്പോൾ വാക്കുകളോ വാചകങ്ങളോ വിട്ടുകളയുക, ഉച്ചാരണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വായിക്കുമ്പോൾ ഒരുപാട് സമയം എടുക്കുക തുടങ്ങിയവ കുട്ടികളിൽ കാണുന്നുണ്ടെങ്കിൽ അതു റീഡിങ് ഡിസെബിലിറ്റിയുമായി ബന്ധപ്പെട്ടതാണ്. 

കണക്കു ( ഗണിതശാസ്ത്രം) 

കണക്കുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങൾ വൈകല്യമുള്ള കുട്ടികൾ നേരിടുന്നുണ്ട്. അവർക്കു ചെറിയ കണക്കുകൾ കൂട്ടുവാനും കുറയ്ക്കുവാനും കഴിയും. പക്ഷേ ഗുണനം ഹരണം തുടങ്ങിയ കണക്കുകൾ ചെയ്യുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ സംഖ്യകൾ തിരിച്ച് എഴുതുക, സമയം തുടങ്ങിയ കണക്കുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയും ഡിസ് കാൽക്കുലിയയുടെ ലക്ഷണമാണ്. 

പഠന വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ

പഠനവൈകല്യങ്ങൾ ഉണ്ടെന്നു സംശയം തോന്നിയാൽ സ്വയം ചികിത്സ ആരംഭിക്കുന്നതിനു മുന്നോടിയായി പഠന വൈകല്യങ്ങൾ ഉണ്ടോ എന്നു ഉറപ്പാക്കുക. ഇതിനായി രണ്ടു തരത്തിലുള്ള ടെസ്റ്റുകൾ നടത്തേണ്ടതുണ്ട്. നിംഹാൻസ് വികസിപ്പിച്ചെടുത്തിട്ടുള്ള ടെസ്റ്റ് ഉപയോഗിച്ചാണ് പഠനവൈകല്യം കണ്ടുപിടിക്കുന്നത്. ഇതു കൂടാതെ പഠന വൈകല്യങ്ങൾ ഉണ്ടോ എന്നു ടെസ്റ്റു ചെയ്യുന്നത് ആ കുട്ടിയുടെ ബുദ്ധി (ഐ ക്യു ലെവൽ ) കൂടി ടെസ്റ്റു ചെയ്തിട്ടാണ്. ഈ രണ്ടു ടെസ്റ്റു നടത്തിയാൽ മാത്രമാണ് ഒരു കുട്ടിക്ക് ലേണിങ് ഡിസിബിലിറ്റി ഉണ്ടോ...? എന്ന് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. അല്ലാതെ അക്ഷരങ്ങൾ തിരിച്ചു എഴുതുന്നത് കണ്ടിട്ടോ എഴുതുമ്പോൾ തെറ്റിക്കുന്നതുകൊണ്ടോ ആ കുട്ടിക്ക് പഠന വൈകല്യങ്ങൾ ഉണ്ട് എന്ന അവസാന തീരുമാനത്തിൽ എത്തിച്ചേരുവാൻ സാധിക്കുകയില്ല. 

കുട്ടികൾക്ക് പഠന വൈകല്യമുണ്ട് എന്ന് കണ്ടെത്തി കഴിഞ്ഞാൽ റെമഡിയിൽ ട്രെയിനിങ് കൊടുക്കണം. അതിനു റെമഡിയിൽ ട്രെയിനിംഗിൽ സ്പെഷ്യലിസ്റ്റായ എഡ്യൂക്കേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്തണം. അതിനൊപ്പം സൈക്കോളജിസ്റ്റിൻ്റെ നിർദ്ദേശപ്രകാരമുള്ള ട്രീറ്റ്മെന്റുകളും പരിശീലിക്കുക. അവർ നൽകുന്ന ട്രെയിനുകൾ വീടുകളിൽ കൃത്യമായി കുട്ടികളെ കൊണ്ടു ചെയ്യിക്കുക. ഇത്തരം ടെക്നിക്കുകൾ വളരെ ഉത്തരവാദിത്വത്തോടു കൂടി മാതാപിതാക്കൾ കുട്ടികളെക്കൊണ്ട് ചെയ്യുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ കഴിയും.

പഠനം വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുകയും ട്രീറ്റ്മെന്റുകൾ തുടരുകയും ചെയ്തിട്ടും കുട്ടികളിലെ പ്രശ്നങ്ങൾ മാറുന്നില്ലെങ്കിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മറ്റു കുട്ടികളെ കൊണ്ടു അവരുടെ പരീക്ഷ എഴുതിക്കുവാൻ സാധിക്കും. എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പാസായി കഴിഞ്ഞാൽ മക്കൾക്കു ഡിഗ്രി, പിജി, പോളിടെക്നിക്ക് ഡിപ്ലോമ, ഐ ടി സി , ഐ ടി ഐ അഡ്മിഷൻ നേടിക്കൊടുക്കുക. ഇത്തരത്തിൽ അഡ്മിഷൻ ലഭിച്ചു അവർ പഠനം തുടരുകയാണെങ്കിൽ 22 വയസ്സ് ആകുമ്പോഴേക്കും മികച്ച ജോലി നേടിയെടുക്കുവാനും ജീവിതം സുരക്ഷിതമാക്കുവാനും കഴിയുന്നതാണ്.

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം