Asianet News MalayalamAsianet News Malayalam

Dating Tips : 'ഡേറ്റിംഗി'ൽ താൽപര്യമുണ്ടോ ? എങ്കില്‍ നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍...

നമ്മുടെ നാട്ടിലാണെങ്കില്‍ അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും പോവുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിങ്ങനെയാണ് ഡേറ്റിംഗ് പരിശീലിക്കപ്പെടുന്നത്. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാല്‍ തന്നെ ഈ സമയത്തിന് വലിയ പ്രാധാന്യമുണ്ട്

know these dating tips for a better experience
Author
Trivandrum, First Published Apr 13, 2022, 10:56 PM IST

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെന്ന ( Foriegn Countries ) പോലെ നമ്മുടെ നാട്ടിലും 'ഡേറ്റിംഗ്' വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി പരസ്പരം അറിയാനും മനസിലാക്കുവാനുമാണ് പ്രധാനമായും 'ഡേറ്റിംഗ്' ( Dating Tips ) പ്രയോജനപ്പെടുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ എല്ലാം ആവാം. 

നമ്മുടെ നാട്ടിലാണെങ്കില്‍ അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും പോവുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിങ്ങനെയാണ് ഡേറ്റിംഗ് പരിശീലിക്കപ്പെടുന്നത്. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാല്‍ തന്നെ ഈ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. 

ഈ ഘട്ടത്തില്‍ കൂടെയുള്ള വ്യക്തിയെ മുഷിപ്പിക്കുന്ന തരത്തില്‍ പെരുമാറിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും അത് ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ ആദ്യ ഡേറ്റിംഗ് സമയത്ത് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

പെരുമാറ്റം 'കൂള്‍' ആകാം...

പരസ്പരം നല്ലരീതിയില്‍ പെരുമാറുന്നതിന് ഒപ്പം തന്നെ ചുറ്റുമുള്ളവരോടും നല്ലരീതിയില്‍ പെരുമാറേണ്ടതുണ്ട്. പ്രത്യേകിച്ച് ഡ്രൈവര്‍, സെക്യൂരിറ്റി, ഹോട്ടല്‍ വെയിറ്റര്‍ പോലുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരോട്. അവരോടുള്ള നിങ്ങളുടെ പെരുമാറ്റം നിങ്ങളിലെ വ്യക്തിയെ പുറത്തേക്ക് വെളിപ്പെടുത്തുന്നതാണ്. 

ഫോണിന് വിശ്രമം നല്‍കാം...

ഡേറ്റിംഗിനിടെ അടുത്തിരിക്കുന്ന ആള്‍ സംസാരിക്കുമ്പോഴോ, അവരോടൊപ്പം സമയം ചെലവിടുമ്പോഴോ ഇടയ്ക്കിടെ ഫോണ്‍ എടുത്ത് നോക്കുന്നത് ഒട്ടും ശരിയല്ല. ഇത് കൂടെയുള്ളയാളില്‍ മോശം കാഴ്ചപ്പാട് നിങ്ങളെച്ചൊല്ലി ഉണ്ടാക്കാം. 

'സ്വയം' തള്ളേണ്ട...

ഡേറ്റിംഗ് സമയത്ത് കൂടെയുള്ളയാള്‍ക്ക് താല്‍പര്യം വരുന്നതിനായി അവരവരെ കുറിച്ച് ഒരുപാട് പുകഴ്ത്തിപ്പറയുകയോ, അവരവരെ പറ്റി മാത്രം പറയുകയോ അരുത്. അത് മറ്റുള്ളവര്‍ക്ക് കൂടി ഇടം നല്‍കാത്ത ഒരാളാണ് നിങ്ങളെന്ന അഭിപ്രായം സൃഷ്ടിക്കാം. 

ബില്‍ 'പേ' ചെയ്യാന്‍ മടിക്കല്ലേ...

ആദ്യ ഡേറ്റിംഗില്‍ അടുത്തിരിക്കുന്ന ആളെ കൊണ്ട് ബില്ല് 'പേ' ചെയ്യിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നിങ്ങളെ കുറിച്ച് ആ വ്യക്തിക്ക് വലിയ മതിപ്പുണ്ടാകാന്‍ സാധ്യതയില്ല. പ്രത്യേകിച്ചും പുരുഷന്മാരാണ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. 

ഉപദേശം വേണ്ട!

പൊതുവേ ഉപദേശങ്ങള്‍ വളരെയധികം ബോറടിപ്പിക്കുന്ന സംഗതിയായാണ് ഏവരും കരുതുന്നത്. ഉപദേശങ്ങളോട് ആര്‍ക്കും അത്രകണ്ട് താല്‍പര്യമില്ല. അപ്പോള്‍ പിന്നെ ഡേറ്റിംഗിനിടെയുള്ള ഉപദേശത്തിന്റെ കാര്യം പറയാനില്ലല്ലോ! പരമാവധി ആദ്യമായി ഇടപെടുന്നവരോട് ഉപദേശങ്ങളും നിര്‍ദേശങ്ങളും വയ്ക്കാതിരിക്കുന്നതാണ് നല്ലത്. അടുപ്പം വളരുന്നതിന് അനുസരിച്ച് അവരോട് അത്തരം കാര്യങ്ങള്‍ സംസാരിക്കാം. 

അഭിനയം 'പണി' തരും...

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെന്ന് വച്ച് ഡേറ്റിംഗ് 'സൂപ്പര്‍' ആക്കാനായി നിങ്ങള്‍ സ്വന്തം വ്യക്തിത്വത്തെ മുഴുവനായി മാറ്റിവച്ച് മറ്റൊരാളായി അവതരിപ്പിക്കേണ്ടതില്ല. അതും മുന്നോട്ടുള്ള പോക്കില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാം. അതിനാല്‍ തന്നെ, സ്വന്തം വ്യക്തിത്വത്തെ മാന്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. കൂടെയുള്ള ആളിന്റെ താല്‍പര്യങ്ങളും അഭിരുചികളും അഭിപ്രായങ്ങളുമെല്ലാം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുള്ള മനസും ബന്ധങ്ങളില്‍ പ്രധാനമാണ്. ഈ തുറന്ന സമീപനത്തോളം സൗന്ദര്യം മറ്റൊന്നിനും ഒരുപക്ഷേ ഉണ്ടായിരിക്കില്ല.

Also Read:- ടോക്സിക് റിലേഷൻഷിപ്പ്; അറിയാം ചില കാര്യങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios