Asianet News MalayalamAsianet News Malayalam

എങ്ങനെയാണ് സന്തോഷം കണ്ടെത്തുക? സന്തോഷദിനമായിട്ട് ഇതാ ചില 'ടിപ്സ്'...

പലപ്പോഴും ആളുകള്‍ പറയാറുണ്ട്, അവര്‍ക്ക് സന്തോഷം കണ്ടെത്താൻ സാധിക്കാറില്ലെന്ന്. സന്തോഷം എങ്ങനെയാണെന്നതില്‍ പോലും സംശയിക്കുന്നവരുമുണ്ട്. കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, അല്ലെങ്കില്‍ വ്യക്തത വരുത്തിയാല്‍ നിത്യജീവിതത്തില്‍ സന്തോഷം അനുഭവപ്പെടാൻ തീര്‍ച്ചയായും സാധിക്കും. എങ്ങനെയെന്നല്ലേ? അതിനുള്ള ചില വഴികളാണിനി പങ്കുവയ്ക്കുന്നത്. 

know these tips to find happiness on international day of happiness hyp
Author
First Published Mar 20, 2023, 2:33 PM IST

ഇന്ന് മാര്‍ച്ച് 20, അന്താരാഷ്ട്ര സന്തോഷദിനമാണ്. ഐക്യരാഷ്ട്രസഭയാണ് ഇത്തരത്തില്‍ വര്‍ഷത്തിലൊരു ദിവസം സന്തോഷദിനമായി മാറ്റിവയ്ക്കണമെന്ന ആശയം മുന്നോട്ട് വച്ചത്. സന്തോഷം എന്ന വികാരം മനുഷ്യരെ എത്രമാത്രം സ്വാധീനിക്കുന്നതാണെന്ന ബോധ്യം ഏവരിലേക്കുമെത്തിക്കുക എന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. 

പലപ്പോഴും ആളുകള്‍ പറയാറുണ്ട്, അവര്‍ക്ക് സന്തോഷം കണ്ടെത്താൻ സാധിക്കാറില്ലെന്ന്. സന്തോഷം എങ്ങനെയാണെന്നതില്‍ പോലും സംശയിക്കുന്നവരുമുണ്ട്. കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍, അല്ലെങ്കില്‍ വ്യക്തത വരുത്തിയാല്‍ നിത്യജീവിതത്തില്‍ സന്തോഷം അനുഭവപ്പെടാൻ തീര്‍ച്ചയായും സാധിക്കും. എങ്ങനെയെന്നല്ലേ? അതിനുള്ള ചില വഴികളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മറ്റുള്ളവരെ സഹായിക്കുക- അല്ലെങ്കില്‍ അവര്‍ക്ക് ആശ്രയമാവുക എന്നീ കാര്യങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കാരണം മറ്റുള്ളവരെ സഹായിക്കുമ്പോഴും നമ്മുടെ ശരീരത്തില്‍ അതിന്‍റെ പ്രതിഫലനമായി സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണായ ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടുമത്രേ.

രണ്ട്...

എല്ലാ കാര്യങ്ങളും തന്‍റെ നിയന്ത്രണത്തിലോ അധികാരത്തിലോ പോകണമെന്ന് വാശി പിടിക്കാതെ പകരം തന്‍റെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങള്‍ക്ക്- വ്യക്തികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക. 

മൂന്ന്...

നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനായി എപ്പോഴും ദിവസത്തില്‍ അല്‍പസമയം മാറ്റിവച്ച് ശീലിക്കണം. ഇതും സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. 

നാല്...

പലരും ചിരിക്കാൻ മടിയോ പിശുക്കോ കാണിക്കാറുണ്ട്. ചിരിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതിരിക്കുക. അത് തമാശകള്‍ കണ്ടോ, സുഹൃത്തുക്കളോട് സംസാരിച്ചോ എങ്ങനെയുമാകാം. കാരണം പൊട്ടിച്ചിരിക്കുന്നത് സന്തോഷം അനുഭവപ്പെടുത്തും. 

അ‍ഞ്ച്...

മനുഷ്യര്‍ക്ക് എല്ലായ്പോഴും സന്തോഷത്തോടെയും പ്രസന്നതയോടെയും പോസിറ്റീവായ മനോഭാവത്തോടെയും മാത്രം മുന്നോട്ട് പോകാൻ സാധിക്കില്ല. ഇടയ്ക്ക് നിരാശയോ ദുഖമോ വിഷാദമോ മടുപ്പോ എല്ലാം പിടികൂടാം. ഇവയെ പറ്റി ഓര്‍ത്ത് വീണ്ടും പ്രശ്നത്തിലാകാതെ ഇവയെല്ലാം മനുഷ്യര്‍ക്ക് അനുഭവപ്പെടുന്നത് സാധാരണമാണെന്ന് ഉറച്ച് വിശ്വസിക്കുക. ഇതും നിങ്ങളില്‍ അല്‍പമൊരു സന്തോഷത്തിന് ഇടയാക്കും. അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ ആശ്വാസമെങ്കിലുമാകും ഈ ചിന്ത. 

ആറ്...

ഭൂതകാലമോ ഭാവികാലമോ മറന്നുകൊണ്ട് ജീവിക്കുക മനുഷ്യന് സാധ്യമാകില്ല. എന്നാല്‍ ഭൂതകാലത്തിലോ ഭാവികാലത്തിലോ ജീവിക്കരുത്. വര്‍ത്തമാനകാലത്തില്‍ തന്നെ തുടരാൻ കഴിയണം. എങ്കിലേ സന്തോഷം അതിന്‍റെ ജൈവികമായ അവസ്ഥയില്‍ അനുഭവിക്കാൻ സാധിക്കൂ. 

ഏഴ്...

എപ്പോഴും സ്വയം മറ്റുള്ളവരുമായി താരതമ്യപ്പെടുത്താൻ ഏവരും ശ്രമിക്കാറുണ്ട്. അവര്‍ക്ക് കാറുണ്ട്, അവര്‍ക്ക് വലിയ വീടുണ്ട്. നമുക്ക് ഇതൊന്നുമില്ല. സമ്പാദ്യമില്ല- തുടങ്ങിയ താരതമ്യങ്ങള്‍ തമാശയില്‍ക്കവിഞ്ഞ് നടത്തുകയോ മനസിലേക്ക് എടുക്കുകയോ വേണ്ട. ഈ പ്രവണത നിങ്ങളുടെ സന്തോഷം കെടുത്തും. നിങ്ങളുടെ കയ്യില്‍ എന്താണോ ഉള്ളത് അതില്‍ സംതൃപ്തി കണ്ടെത്താൻ പരിശീലിക്കണം. അതോടൊപ്പം തന്നെ ഭാവിയിലേക്ക് സ്വപ്നം കാണുകയുമാവാം. അപ്പോഴും ഉള്ളതിന്‍റെ മൂല്യം തിരിച്ചറിയാതെ പോകരുത്. 

എട്ട്...

വ്യായാമം പതിവാക്കുന്നതും സന്തോഷം അനുഭവിക്കാനുള്ള ശാരീരിക- മാനസിക സാഹചര്യമുണ്ടാക്കും. 

Also Read:- 'പണം കൊടുത്ത് സന്തോഷം വാങ്ങിക്കാൻ പറ്റുമോ?'; പറ്റും! എങ്ങനെയെന്നല്ലേ?

 

Follow Us:
Download App:
  • android
  • ios