Asianet News MalayalamAsianet News Malayalam

സൗജന്യമായി ബര്‍ഗര്‍ നല്‍കിയില്ലെന്ന കാരണത്തിന് പൊലീസ് അതിക്രമം; പ്രതിഷേധവുമായി റെസ്റ്റോറന്റ്

റെസ്റ്റോറന്റിലെത്തി സൗജന്യമായി ബര്‍ഗര്‍ ആവശ്യപ്പെട്ട പൊലീസുകാര്‍ക്ക്, അത് നല്‍കാത്തതിനെ തുടര്‍ന്ന് കടുത്ത അനീതിയാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്കം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ത്താനാണ് തങ്ങളുടെ തീരുമാനമെന്ന് അറിയിക്കുകയായിരുന്നു കുറിപ്പിന്റെ ലക്ഷ്യം

lahore restaurant in protest against police after they harassed staff
Author
Lahore, First Published Jun 16, 2021, 2:40 PM IST

പൊലീസ് തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി സാധാരണക്കാര്‍ക്കെതിരെ അതിക്രമം നടത്തുന്നത് ഒരിക്കലും ഉചിതമായ കാര്യമല്ല. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായിരിക്കേണ്ട പ്രവര്‍ത്തനങ്ങളും പെരുമാറ്റരീതികളുമാണ് പൊലീസ് പൊതുസമൂഹത്തിന് മുമ്പാകെ ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും ഇതിന് വിപരീതമായ സംഭവങ്ങള്‍ നമ്മള്‍ കേള്‍ക്കാറും അറിയാറുമുണ്ട്.

അത്തരമൊരു വാര്‍ത്തയാണ് പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച 'ജോണി ആന്റ് ജുഗ്നു' എന്ന പേരിലുള്ള ഒരു റെസ്റ്റോറന്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഒരു കുറിപ്പ് പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

റെസ്റ്റോറന്റിലെത്തി സൗജന്യമായി ബര്‍ഗര്‍ ആവശ്യപ്പെട്ട പൊലീസുകാര്‍ക്ക്, അത് നല്‍കാത്തതിനെ തുടര്‍ന്ന് കടുത്ത അനീതിയാണ് തങ്ങള്‍ക്ക് നേരിടേണ്ടിവന്നത് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ചുരുക്കം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയര്‍ത്താനാണ് തങ്ങളുടെ തീരുമാനമെന്ന് അറിയിക്കുകയായിരുന്നു കുറിപ്പിന്റെ ലക്ഷ്യം. 

 

 

പൊലീസുകാര്‍ സംഘമായി വന്ന് സൗജന്യമായി ബര്‍ഗര്‍ ചോദിക്കുകയും അതിന് റെസ്‌റ്റോറന്റ് ജീവനക്കാര്‍ വിസമ്മതിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് പിറ്റേ ദിവസം റെസ്റ്റോറന്റിലെത്തിയ പൊലീസുകാര്‍ അവിടെയുണ്ടായിരുന്ന പത്തൊമ്പത് ജീവനക്കാരെയും സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും അടുക്കള അടയ്ക്കാനോ, കസ്റ്റമേഴ്‌സിനെ പറഞ്ഞുവിടാനോ, കത്തിക്കൊണ്ടിരിക്കുന്ന അടുപ്പ് അണയ്ക്കാനോ പോലും പൊലീസ് സമയം നല്‍കിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. 

ഇത്തരം പ്രവര്‍ത്തികള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ഇത് ആദ്യമായല്ലെന്നും ഇനിയും മൗനമായി ഇതെല്ലാം സഹിക്കാന്‍ കഴിയില്ലെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ റെസ്റ്റോറന്റ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യമറിയിക്കുന്നതും. ഇതിനിടെ റെസ്റ്റോറന്റ് ജീവനക്കാരോട് അതിക്രമം കാണിച്ച ഒമ്പത് പൊലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ഇന്‍ഹാം ഗാനിയാണ് ഇക്കാര്യമറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read:- ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒരു കിലോ 'ഫ്രഷ്' ഉരുളക്കിഴങ്ങ് 'ഫ്രീ'...

Follow Us:
Download App:
  • android
  • ios