വിവാഹത്തിന് വേണ്ടി റോബിന്‍ പീപ്പിള്‍സും ഷര്‍നി എഡ്‍വേര്‍ഡ്സും  കാത്തിരുന്നത് വര്‍ഷങ്ങളോളമാണ്. അവരുടെ ബന്ധത്തെ എതിര്‍ത്തത് കുടുംബങ്ങളോ സമൂഹമോ ഒന്നുമായിരുന്നില്ല. മറിച്ച് ഒരു രാജ്യം തന്നെയാണ്. എന്നാല്‍ രാജ്യം കീഴടങ്ങിയതോടെ ഇരുവരും  വിവാഹിതരാവുകയായിരുന്നു. അയര്‍ലന്‍ഡിലെ ആദ്യത്തെ നിയമവിധേയമായ സ്വവര്‍ഗ വിവാഹമായിരുന്നു റോബിന്‍റെയും ഷര്‍നിയുടെയും. ഇന്നലെയായിരുന്നു വിവാഹം. 

വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ആണ് റോബിന്റെയും ഷര്‍നിയുടെയും സ്വദേശം. സ്വവര്‍ഗ വിവാഹത്തിന് അനുമതിയില്ലായിരുന്ന അയര്‍ലന്‍ഡില്‍ അടുത്തിടയാണ്  ഇത് നിയമവിധേയമാക്കിയത്.

റോബിന് വയസ്സ് 26-ും ഷര്‍നിക്ക് 27 -ും. ദ് ലവ് ഇക്വിറ്റി ക്യാംപെയ്ന്‍ പ്രവര്‍ത്തകരാണ് ഇരുവരും. ആറ് വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയത്തിലാകുന്നത്. അന്നുമുതല്‍ ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും വിവാഹമായിരുന്നു ഇരുവരുടെയും സ്വപ്നം. 

ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടിയല്ല തങ്ങള്‍ പ്രണയത്തിലായതെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. ഞങ്ങളുടെ സ്നേഹം വ്യക്തിപരമാണ്. പക്ഷേ, ഞങ്ങള്‍ക്കു വിവാഹിതരാകാന്‍ കഴിയില്ലെന്ന് അനുശാസിച്ച നിയമം രാഷ്ട്രീയപരമാണ്.ആ നിയമത്തിന് ഇന്നു നിലനില്‍പില്ല. എല്ലാവരും തുല്യരാണെന്നും എല്ലാവരുടെയും അവകാശങ്ങളും തുല്യമാണെന്നും അവര്‍ സന്തോഷത്തോടെ പറയുന്നു.