പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ അത് പച്ചക്കറികളായാലും പഴങ്ങളായാലുമെല്ലാം നല്ലത് പോലെ വൃത്തിയാക്കിയ ശേഷം മാത്രമേ നമ്മള്‍ ഉപയോഗിക്കാറുള്ളൂ അല്ലേ? എങ്കിലും എത്ര വൃത്തിയാക്കിയാലും ചിലപ്പോഴെങ്കിലും ചെറുജീവികളെയോ പ്രാണികളെയോ പുഴുക്കളെയോ ഒക്കെ അതില്‍ നിന്ന് കിട്ടാറുമുണ്ട്, അല്ലേ? 

അധികം പ്രശ്‌നമില്ലാത്തതാണെങ്കില്‍ വീണ്ടും വൃത്തിയാക്കിയ ശേഷം, കേട് പറ്റിയ ഭാഗം കളഞ്ഞ് നമ്മളത് ഉപയോഗിക്കും. ഇല്ലെങ്കില്‍ കളയും. എന്നാല്‍ ഇത്തരത്തില്‍ ചെറുജീവികള്‍ക്കും പ്രാണികള്‍ക്കും പുഴുക്കള്‍ക്കും പകരം അല്‍പം വലിയ വല്ല ജീവികളുമാണെങ്കിലോ?

അത്തരത്തിലൊരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്. ഈസ്റ്റേണ്‍ കാനഡയിലെ ക്യൂബെക് എന്ന സ്ഥലത്താണ് സംഭവം. നിക്കോള്‍- ജെറാള്‍ഡ് എന്നീ വൃദ്ധ ദമ്പതികള്‍, പതിവ് പോലെ വൈകീട്ട്, അത്താഴം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു. കറിയുണ്ടാക്കാനായി പച്ചക്കറികള്‍ മുറിക്കുന്ന കൂട്ടത്തില്‍ ഒരു വലിയ കാപ്‌സിക്കവും, നിക്കോള്‍ മുറിച്ചു. 

മുറിച്ച കാപ്‌സിക്കത്തിന്റെ അടിഭാഗത്തായി എന്തോ അനക്കം തോന്നിയ നിക്കോള്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ജീവനോടെയിരിക്കുന്ന ഒരു തവളയായിരുന്നു അത്. മുറിച്ചിട്ടില്ലാത്ത 'ഫ്രഷ്' കാപ്‌സിക്കത്തിനകത്ത് ജീവനുള്ള തവള എങ്ങനെ വന്നു എന്ന സ്വാഭാവികമായ സംശയം വന്നതോടെ നിക്കോള്‍ ഇക്കാര്യം ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പങ്കുവച്ചു. 

തുടര്‍ന്ന്, ചുരുങ്ങിയ സമയത്തിനകം തന്നെ പോസ്റ്റ് വൈറലാവുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പലരും തങ്ങള്‍ നേരിട്ട ഇത്തരം വിചിത്രമായ അനുഭവങ്ങള്‍ പങ്കുവച്ചു. എങ്കിലും കാപ്‌സിക്കത്തിനകത്ത് എങ്ങനെ ജീവനുള്ള തവള പെട്ടുവെന്ന സംശയം ഇപ്പോഴും ബാക്കികിടക്കുകയാണ്.