വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരിനം മീൻ റാഞ്ചിപ്പക്ഷിയാണ് 'ഗാനെറ്റ്'. ന്യൂസിലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള  മാനാ ദ്വീപിലെ വൈൽഡ് ലൈഫ് ജീവനക്കാർക്ക് തോന്നിയ ഒരു കിറുക്കൻ ആശയമാണ്, മീൻറാഞ്ചിപ്പക്ഷികളെ ദ്വീപിലേക്ക് ആകർഷിച്ചു വരുത്തുന്നതിനായി,  അവയുടെ 80  കോൺക്രീറ്റ് പ്രതിരൂപങ്ങളുണ്ടാക്കി കടൽത്തീരത്ത് സ്ഥാപിക്കുക എന്നത്. ഒപ്പം, പ്രതിമകളുടെ പരിസരത്ത് ഒളിപ്പിച്ചുവെച്ച സോളാർ പവേർഡ് സ്പീക്കറുകളിൽ നിന്നും ഗാനെറ്റ് പക്ഷികളുടെ ശബ്ദവും അവർ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.

തുടക്കത്തിൽ പക്ഷികളൊന്നും വന്നില്ലെങ്കിലും  ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ  പരീക്ഷണം ഫലം കണ്ടു. 2013-ൽ, നാൽപതു വർഷങ്ങൾക്കിടെ ആദ്യമായി, ഒരു മീൻറാഞ്ചിപ്പക്ഷി മാനാ ദ്വീപിലേക്ക്‌ പറന്നിറങ്ങി. അവരതിനെ 'നൈജൽ' എന്ന് പേരിട്ടു വിളിച്ചു. നൈജലിന് ആ തീരത്തുനിന്നും പറന്നുയരാൻ തോന്നിയില്ല. കാരണം, കടൽത്തീരത്തെ പാറക്കെട്ടുകൾക്കിടയിൽ അവൻ കണ്ട എൺപതോളം മീൻറാഞ്ചിപക്ഷികളിൽ ഒന്നിൽ അവൻ അനുരക്തനായികഴിഞ്ഞിരുന്നു. തന്റെ ഇണക്കിളിക്ക് മഴകൊള്ളാതിരിക്കാൻ നൈജൽ കടൽപ്പായലും ചുള്ളിക്കമ്പുകളും കൊണ്ടൊരു കൂടുകൂട്ടി. മഞ്ഞുപെയ്യുന്ന രാത്രികളിൽ അവളുടെ കോൺക്രീറ്റ് ചിറകുകൾ കോച്ചാതിരിക്കാൻ അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ചൂട് പകർന്ന്, അവളെ ചിറകുകളാൽ അടക്കിപ്പിടിച്ചുകൊണ്ടിരുന്നു. 

നൈജലിനെ പിന്തുടർന്ന് മൂന്നു ഗാനെറ്റ്‌ പക്ഷികൾ കൂടി മാനാ ദ്വീപിൽ വന്നിറങ്ങിയെങ്കിലും, വർഷങ്ങളായി താൻ വൺവേ പ്രണയത്തിലായിരുന്ന ഇണക്കിളിയെ വിട്ട് അവയ്ക്കൊപ്പം ഇണചേരാൻ നൈജലിന് സമ്മതമായിരുന്നില്ല. അവൻ അവരെയെല്ലാം അവഗണിച്ച് തന്റെ കൂട്ടിൽ തന്നെ ഒതുങ്ങിക്കൂടി. 

അഞ്ചു നീണ്ടവർഷങ്ങൾ നീണ്ടുനിന്ന നിരുപാധിക പ്രണയത്തിനു ശേഷം ഏകാന്തതയോടുള്ള അവന്റെ പോരാട്ടം അവസാനിച്ചു... നിർവികാരമായ തന്റെ കാമുകീ പ്രതിമയ്ക്കരികിൽ, നൈജൽ മരിച്ചു മരവിച്ചു കിടന്നു. അവന്റെ കാമുകിയുടെ മുഖത്ത് എന്നുമെന്ന പോലെ അന്നും നിർവികാരത തന്നെയായിരുന്നു. മരിച്ചിട്ടും, നൈജലിന്റെ ദേഹം അപ്പോഴും മഞ്ഞിച്ചു തുടുതുടുത്തിരുന്നു. ജീവനുണ്ടെന്ന് അവൻ തെറ്റിദ്ധരിച്ചു കൂടെക്കൂട്ടിയ കാമുകിയുടെ ദേഹത്തെ മഞ്ഞപ്പെയിന്റാകട്ടെ മങ്ങി അടർന്നു തുടങ്ങിയിരുന്നു. 

വ്യർത്ഥമായ ഈ സഹജീവനത്തിലും പ്രതീക്ഷ കൈവിടാതെ മരണം വരെ തുടർന്ന നൈജലിന് ആരാധകർ ഒരുപാടുണ്ടായിരുന്നു. നൈജലിന് സുഖമില്ലാതായപ്പോൾ, അവർ കൂട്ടം ചേർന്ന് ആ കോൺക്രീറ്റ് കുടുംബത്തിന് ചുറ്റും മരങ്ങൾ വെച്ച് പിടിപ്പിച്ചു.. അവന്റെ ജീവിതം തളിർക്കാനും നിലനിൽക്കാനും വേണ്ട സാഹചര്യങ്ങളൊരുക്കാൻ കിണഞ്ഞു പരിശ്രമിച്ചു.. എന്നിട്ടും അവന്റെ കാമുകിയിൽ ജീവനുണർന്നില്ല. അവന്റെ സ്നേഹം അവളറിഞ്ഞില്ല. ഒരിക്കലും അവന് സ്നേഹം തിരിച്ചുകിട്ടിയുമില്ല. 

നെഞ്ചിനുള്ളിലും പുറത്തും കല്ലായുറഞ്ഞു നിന്ന കാമുകിക്കു മുന്നിൽ അവന്റെ നിത്യ നിവേദനങ്ങളെത്ര പാഴായിക്കാണും..? എത്ര വസന്തങ്ങളവനെക്കടന്നുപൊയ്‌ക്കാണും. എത്ര വൈകുന്നേരങ്ങളിൽ അവൻ തന്റെ പ്രണയം അവളെ അറിയിച്ച് മറുപടിക്കായി കാത്തുകാത്തിരുന്നുകാണും... " നീ പ്രണയിക്കുന്നത് ഒരു കല്ലിനെയാണ് " എന്ന് ആരെങ്കിലും അവനെ ഒന്നറിയിച്ചിരുന്നെങ്കിൽ. തന്റെ കാമുകിയെ വിട്ട്, മീൻറാഞ്ചികൾ കൂടുകൂട്ടിയ മറ്റേതെങ്കിലും അയൽ ദ്വീപുകളിലേക്ക് അവൻ പറന്നുപോയിരുന്നെങ്കിൽ.  ഒടുവിൽ വന്നിറങ്ങിയ മൂന്നു പക്ഷികളിൽ ഒന്നിനെങ്കിലും അവനെ ഇണക്കിയെടുക്കാനായിരുന്നെങ്കിൽ. എങ്കിൽ കുറേക്കാലം കൂടി ജീവിച്ചിരുന്നേനെ നൈജൽ. 

സാധ്യതകളെല്ലാം അസ്തമിപ്പിച്ച് 2018 ജനുവരി അവസാന വാരത്തിൽ,  'നോ മേറ്റ്സ് നൈജൽ' എന്ന് പ്രസിദ്ധനായ മീൻ റാഞ്ചിപ്പക്ഷി, ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ഏകാകിയായ പക്ഷി, തന്റെ കാമുകിയുടെ കൽനെഞ്ചിൽ തല ചായ്ച്ച് എന്നെന്നേയ്ക്കുമായി ഉറക്കം പിടിച്ചു.