പുതിയ തലമുറ പലപ്പോഴും ശരീരസൗന്ദര്യത്തിലും ശരീരഭാരത്തിലും ശ്രദ്ധപുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെയാണ്  സമൂഹമാധ്യമങ്ങളില്‍ പല ഡയറ്റ് പ്ലാനുകളും പ്രചരിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌.

കാര്‍ബോഹൈഡ്രേറ്റിനെ ഭയന്ന് പലരും ഡയറ്റില്‍ നിന്ന് പച്ചക്കറികളെ ഒഴിവാക്കാറുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കറികള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ബ്രൊക്കോളിയാണ് ഒന്നാമതായി ഈ പട്ടികയില്‍ പെടുന്ന ഭക്ഷണം. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ്  കുറഞ്ഞ ഒരു ഇലക്കറിയാണ് ബ്രൊക്കോളി. പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.  വിറ്റാമിന്‍ എ, സി, ഇ, അയണ്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുകയും ചെയ്യും. 

രണ്ട്...

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ആണ് അടുത്തത്. വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ബെല്‍ പെപ്പര്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്. വളരെ കുറച്ച് കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. 

മൂന്ന്...

പോഷകസമ്പുഷ്ടമായ ഭക്ഷണമാണ്‌ ചീര. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ഇവ അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഇലക്കറിയാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയ ചീര പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

നാല്...

കലോറിയും കാര്‍ബോയും കുറഞ്ഞതാണ് ഗ്രീന്‍ ബീന്‍സ്.  ധാതുക്കളും മറ്റ് വിറ്റാമിനുകളും ധാരാളമടങ്ങിയ ഗ്രീന്‍ ബീൻസിൽ ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. 

അഞ്ച്...

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞ കൂണ്‍ കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.  കൂണ്‍ വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും സാധിക്കും. 

Also Read: അമിതവണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം...