ബോളിവുഡിലെ ഏറ്റവും 'ഫിറ്റസ്റ്റ് ആന്‍ഡ് ഹോട്ടസ്റ്റ്' നടിയാണ് മലൈക അറോറ. വര്‍ക്കൗട്ടുകളുടെ വിശേഷങ്ങള്‍  മലൈക എപ്പോഴും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം ഈ ലോക്ഡൗണ്‍ കാലത്ത് സൗന്ദര്യവർധക ടിപ്സുമായും  താരം ഇടയ്ക്കിടെ എത്താറുമുണ്ട്. 

ഇപ്പോഴിതാ പ്രായത്തെ തോല്‍പിക്കുന്ന തന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമാണ് ഈ 44കാരി വെളിപ്പെടുത്തുന്നത്. വീട്ടിൽ പ്രകൃതിദത്തമായ സ്ക്രബ് തയ്യാറാക്കുന്ന വിധമാണ് മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

പഞ്ചസാരയും കോഫിയും ചേർത്തുള്ള സ്ക്രബ് ആണ് മലൈക ഉപയോഗിക്കുന്നത്.  പീച്ചിങ്ങയുടെ നാര് കൊണ്ട് ശരീരം സ്ക്രബ് ചെയ്ത് കുളിക്കണമെന്ന് പണ്ട് അമ്മ പറയുമായിരുന്നുവെന്നും അങ്ങനെയാണ് താൻ സ്ക്രബ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നത് എന്നും മലൈക പറഞ്ഞു. 

 

ബാക്കി വന്ന കോഫീ പൗഡറിനൊപ്പം പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്താണ് മലൈക സ്ക്രബ് തയ്യാറാക്കുന്നത്. കോഫി ആരോ​ഗ്യത്തിന് ​ഹാനികരമാണെന്നു പറഞ്ഞത് ആരാണ് എന്ന ക്യാപ്ഷനോടെയാണ് മലൈക വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

കോഫിയിലെ കഫീനിലടങ്ങിയ ആന്‍റിഓക്സിഡന്‍റ് ചർമ്മത്തിലെ കരുവാളിപ്പ്‌ നീക്കം ചെയ്യുകയും ആരോ​ഗ്യകരമായ ചർമ്മം പ്രദാനം ചെയ്യുമെന്നും മലൈക പറയുന്നു. മൃതകോശങ്ങളെ അകറ്റാനും ചർമ്മം മൃദുവാകാനും ഈ സ്ക്രബ് മികച്ചതാണെന്നും താരം പറയുന്നു.

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും; എളുപ്പ മാര്‍ഗവുമായി മലൈക അറോറ...