Asianet News Malayalam

'മാലാഖയും ദൈവവും അല്ല മനുഷ്യനാണ്'; നഴ്‌സിന്റെ അനുഭവ കുറിപ്പ്

''ഞങ്ങള്‍ ആ റൂമിലേക്ക് കയറിയതും എവിടെ നിന്നോ ഒരു അടി കിട്ടി. ആദ്യം സംഭവം കത്തിയില്ല. ആ ഉമ്മാക്ക് പള്‍സ് ഇല്ല. അവരുടെ ഉമ്മയെ ഞങ്ങള്‍ കൊന്നു എന്നും പറഞ്ഞാണ് തല്ലുന്നത്. അതും കൂടെ ഉള്ള പെണ്ണുങ്ങള്‍ കരഞ്ഞോണ്ട് ഞങ്ങളെ പുറത്തും കൈക്കും ഒക്കെ അടിക്കുക ആണ് രണ്ടു അടി കൊണ്ട് മേല് വേദന ആയതും ട്രോളി അവരുടെ കാലേല്‍ കൂടി കേറ്റി വലിച്ചു രോഗിയുടെ കട്ടിലിനു അടുപ്പിച്ചിട്ടു...''

malayali nurse shares her own experience and she asks to stop glorify nurses as angels
Author
Trivandrum, First Published Jun 29, 2021, 3:08 PM IST
  • Facebook
  • Twitter
  • Whatsapp

ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് പ്രത്യേകമായ ആദരവ് കാണിക്കുന്നവരാണ് അധികപേരും. എന്നാല്‍ ഇതിന്റെ പേരില്‍ ധാരാളം മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരും ഇവര്‍ക്കിടയിലുണ്ടെന്ന് വെളിവാക്കുന്നൊരു കുറിപ്പാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുന്നത്. 

നഴ്‌സ് ആയ ആര്യ എസ് സുരേഷ് ആണ് തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് നഴ്‌സുമാരെ മാലാഖമാരാക്കി വഴ്ത്തുന്നതിലെ അര്‍ത്ഥമില്ലായ്മയെ ഓര്‍മ്മിപ്പിക്കുന്നത്. ജോലിക്കിടെ, രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവമാണ് ആര്യ പങ്കുവയ്ക്കുന്നത്. 

പലപ്പോഴും നഴ്‌സുമാരുടെ ജോലി സാഹചര്യങ്ങളെ കുറിച്ചും, കുറഞ്ഞ ശമ്പളത്തെ കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകള്‍ ഉയരാറുണ്ട്. പക്ഷേ ആ ചര്‍ച്ചകളെക്കാളെല്ലാം ശബ്ദത്തില്‍ അവരെ വാഴ്ത്തുകയും അവരുടെ ആവശ്യങ്ങള്‍ ഇതിനിടെ മുങ്ങിപ്പോവുകയും ചെയ്യുന്നത് പതിവാണ്. ഇതേ പ്രശ്‌നം തന്നെയാണ് ആര്യയും പങ്കുവയ്ക്കുന്നത്. 

ആര്യയുടെ കുറിപ്പ് വായിക്കാം...

നഴ്‌സിംഗ് കഴിഞ്ഞു കാര്‍ഡിയോളജി വാര്‍ഡില്‍ ഇന്റേണ്‍ഷിപ് അഥവാ ട്രെയിനി ആയിരുന്ന സമയം.... പേരില്‍ മാത്രമേ മാറ്റമുള്ളൂ പണിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല പക്ഷെ കിട്ടുന്ന ശമ്പളത്തില്‍ നല്ല കുറവ് ഉണ്ടാവുകയും ചെയ്യും....

അന്ന് ഈവനിംഗ് ഡ്യൂട്ടി ആയിരുന്നു. കൂടെ ഉണ്ടായിരുന്നത് റോസ്മി ചേച്ചിയും ഷീന ചേച്ചിയും ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.... റൂം സൈഡില്‍ കിടന്നിരുന്ന ഒരു 65-70 വയസ്സുള്ള ഒരു ഉമ്മയ്ക്ക് ഞങ്ങള്‍ ഡ്യൂട്ടിക്ക് കേറുന്നേന്റെ മുന്നേ തന്നെ തുടങ്ങിയ ഗ്യാസ്ട്രിക് പ്രോബ്ലെംസ് ആണ്. അതായത് വയറ്റില്‍ എരിച്ചില്‍ പുകച്ചില്‍, ഉരുണ്ടുകയറ്റം, ഒക്കാനം, ഛര്‍ദിക്കാന്‍ ഉണ്ടോ എന്നൊരു തോന്നല്‍ ഇങ്ങനെ വെറൈറ്റി കംപ്ലൈന്റ്‌സ് ആയിരുന്നു.

ഓരോ തവണ കൂടെ ഉള്ളവര്‍ വന്ന് ഓരോ പ്രശ്‌നം പറയും. ചൂട് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ഒരുപാട് മരുന്ന് കഴിക്കുന്നതല്ലേ അതിന്റെ ആണെന്ന് ഒക്കെ പറഞ്ഞു സമാധാനിപ്പിച്ചു വിടുന്നുണ്ട്...

നഴ്‌സസ് റൗണ്ട്‌സിന്റെ ടൈമില്‍ കൂടെ ഉള്ള ചേച്ചിമാരുടെ കൂടെ ആ റൂമില്‍ ഒന്ന് കേറി വിവരം അന്വേഷിച്ചതല്ലാതെ ഞാന്‍ ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കാരണം വേറൊന്നും കൊണ്ടല്ല, ആ ഉമ്മയെ നോക്കുന്ന ഡോക്ടര്‍ക്ക് ട്രെയിനി പിള്ളേര്‍ പുള്ളിടെ രോഗികളെ നോക്കുന്നത് ഇഷ്ടമേ അല്ലായിരുന്നു. ബാക്കി ഡോക്ടര്‍സിന്റെ ഒക്കെ രോഗികളെ നോക്കി പഠിച്ച് കുറച്ചു കാലം വാര്‍ഡില്‍ ഒക്കെ നിന്ന് കഴിയുമ്പോള്‍ പതുക്കെ പതുക്കെ ഈ പുള്ളിടെ രോഗികളേം നമുക്ക് അസൈന്‍മെന്റ് ഇട്ട് തരും. 

ഏത്- മറ്റേ സലിം കുമാര്‍ പറഞ്ഞത് പോലെ ആദ്യം കാലില്‍ മേക്കപ്പ് ഇട്ട് പഠിച്ചിട്ട് മുഖത്തിട്ടാല്‍ മതി എന്നൊരു ലൈന്‍. പക്ഷെ എന്റെ കൂടെ ഉള്ള രണ്ടാള്‍ക്കും ആ റൂമില്‍ നിന്ന് ഇറങ്ങാന്‍ നേരവും ഉണ്ടായിരുന്നില്ല ഇടയ്ക്ക് ഡോക്ടറെ വിളിച്ച് ആ രോഗിയുടെ കംപ്ലൈന്റ്‌സ് പറയും. ഡോക്ടര്‍ ഗുളികയും ഇന്‍ജെക്ഷനും ഒക്കെ മാറി മാറി കൊടുത്തു. ഇടക്ക് റൗണ്ട്‌സിന് വന്നപ്പോള്‍ രോഗിയെ കാണുകയും പരിശോധിക്കുകയും ചെയ്തു. പക്ഷെ ആ ഉമ്മയുടെ അസ്വസ്ഥതകള്‍ മാത്രം കുറഞ്ഞില്ല. അത് ഒന്നൊഴിയുമ്പോള്‍ മറ്റൊന്നായി വന്നുകൊണ്ടേ ഇരുന്നു.

ആ ഉമ്മയുടെ കൂടെ ആണെങ്കില്‍ ഒരു ജാഥക്ക് ഉള്ള ആളും ഉണ്ട്. അവരാണെങ്കില്‍ ഉമ്മ തുമ്മിയാല്‍ വരെ പേടിച്ചുവിറച്ച് ഞങ്ങളേം തിരഞ്ഞ് വരുന്നും ഉണ്ട്. കാര്‍ഡിയാക് രോഗികള്‍ക്ക് വിശ്രമം വേണ്ട സമയത്ത് കുടുംബക്കാര്‍ എല്ലാരും കൂടി വലിഞ്ഞുകേറി വന്ന് ഒരുപകാരവും ഇല്ലാത്ത കുറേ ഹെല്‍ത്ത് എഡ്യൂക്കേഷനും അഭിപ്രായങ്ങളും പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിച്ച് കൊല്ലാകൊല ചെയ്യുന്നതില്‍ സന്ദര്‍ശകരുടെ പങ്ക് വളരെ വലുതാണ്.

ഒന്നും ചെയ്യാനില്ലെങ്കിലും വെറുതെ അവര്‍ക്ക് ഒരു സമാധാനം ആയിക്കോട്ടെ എന്ന് കരുതി ചേച്ചിമാര്‍ അവരുടെ ബിപിയും ഹാര്‍ട്ട് റേറ്റ് ഉം ഷുഗറും, saturationഉം ഒക്കെ ഇടക്ക് പോയി നോക്കുന്നുണ്ട്. അതിലും പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല.

അങ്ങനെ വീണ്ടും കംപ്ലയിന്റ് പറയാന്‍ വന്ന ആളോട് ഫിസിയോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല, ചിലപ്പോള്‍ ടെന്‍ഷന്‍ കൊണ്ടാകും ഉമ്മാക്ക് ഇങ്ങനെ ഓരോന്ന് തോന്നുന്നത് - ഇനിയും പ്രശ്‌നം ഉണ്ടെങ്കില്‍ വേണമെങ്കില്‍ ഒരു സ്‌കാനിംഗ് എടുക്കാം എന്നൊക്കെ ഡോക്ടര്‍ പറഞ്ഞത് പോലെ ചേച്ചിമാര്‍ വിശദീകരിച്ചു കൊടുത്തു. ആ ഉമ്മാക്ക് നല്ല സപ്പോര്‍ട്ട് കൊടുത്ത് കൂടെ നില്‍ക്കുക അല്ലാതെ അവരെക്കാള്‍ ടെന്‍ഷന്‍ അടിച്ചു നിങ്ങള്‍ ഇങ്ങനെ ആയാല്‍ ശരിയാവില്ല എന്നൊക്ക ഒടുക്കത്തെ മോട്ടിവേഷന്‍ കൊടുത്തു വിടുന്നു.

പിന്നെ ഒരു പതിനഞ്ചു മിനിറ്റ് നേരം ഒരു പ്രശ്‌നവും ഇല്ല. പെട്ടെന്ന് ആ റൂമിന്റെ ഭാഗത്തു നിന്നും ഒരു കരച്ചില്‍ കേള്‍ക്കുന്നു. ആ ഭാഗത്ത് നിന്ന് ആരൊക്കെയോ ഇങ്ങോട്ടേക്ക് ഓടി വരുമ്പോഴേക്കും ചേച്ചിമാര്‍ രണ്ടാളും അങ്ങോട്ടേക്ക് ഓടി. ഞാന്‍ Spo2 മെഷീന്‍ എടുക്കുന്നതിനിടയില്‍ അതാ ഒരു അശരീരി കേള്‍ക്കുന്നു.

'ആര്യേ... ട്രോളി എടുക്ക്'

അവിടന്ന് ഓടി പോയി ട്രോളി വലിച്ചു. എന്നെ സഹായിക്കാന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഫിസിയോതെറാപ്പിസ്റ്റും എന്റെ കൂടെ ട്രോള്ളിയും തള്ളിക്കൊണ്ട് ഓടി.

ഞങ്ങള്‍ ആ റൂമിലേക്ക് കയറിയതും എവിടെ നിന്നോ ഒരു അടി കിട്ടി. ആദ്യം സംഭവം കത്തിയില്ല. ആ ഉമ്മാക്ക് പള്‍സ് ഇല്ല. അവരുടെ ഉമ്മയെ ഞങ്ങള്‍ കൊന്നു എന്നും പറഞ്ഞാണ് തല്ലുന്നത്. അതും കൂടെ ഉള്ള പെണ്ണുങ്ങള്‍ കരഞ്ഞോണ്ട് ഞങ്ങളെ പുറത്തും കൈക്കും ഒക്കെ അടിക്കുക ആണ് രണ്ടു അടി കൊണ്ട് മേല് വേദന ആയതും ട്രോളി അവരുടെ കാലേല്‍ കൂടി കേറ്റി വലിച്ചു രോഗിയുടെ കട്ടിലിനു അടുപ്പിച്ചിട്ടു. ട്രോളി കേറിയ അമ്മച്ചിയ്ക്ക് സാമാന്യം നല്ല വേദന ആയി കാണും. ആവണം അതിനാണല്ലോ അങ്ങനെ ചെയ്തത്.

ഇതിനിടയില്‍ കൂടെ തല്ലുന്ന പെണ്ണുങ്ങളേം, ചീത്ത വിളിക്കുന്ന ആണുങ്ങളേം ഒക്കെ തള്ളിമാറ്റിക്കൊണ്ട് ചേച്ചിമാര്‍ കട്ടിലിന്റെ മുകളില്‍ കേറി. ഞങ്ങള്‍ 4 പേരും കൂടി ആ രോഗിയെ ട്രോള്ളിയില്‍ കേറ്റി. കൂടെ ഉള്ളവര്‍ അപ്പോഴും ഞങ്ങളെ തല്ലുന്നതിലും ചീത്ത വിളിയിലും ശ്രദ്ധിക്കുക ആയിരുന്നു അപ്പോഴേക്കും റൂമിന് പുറത്ത് സകല രോഗികളുടെയും കൂട്ടിരിപ്പുകാരുടെ വക ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയെ കുറിച്ച് ചര്‍ച്ച തുടങ്ങിയിരുന്നു.

കരച്ചില്‍ കേട്ട് സഹായിക്കാന്‍ ഓടിവന്ന ഈ സീനില്‍ ഒരിക്കല്‍ പോലും ഇല്ലാതിരുന്ന ഫിസിയോതെറാപ്പിസ്റ്റിനു വരെ കണക്കിന് കിട്ടുന്നുണ്ട് എന്തിനോ എന്തോ..!

അവര് 3 പേരും കൂടെ ആ രോഗിയെ തൊട്ടപ്പുറത്തുള്ള ഐസിയുവിലേക്ക് കൊണ്ടു പോയി. വഴിയിലൊക്കെ ആ പെണ്ണുങ്ങള്‍ കരഞ്ഞോണ്ട് ഇവരെ തല്ലുകയായിരുന്നു. ഈ ഒച്ചയും ബഹളവും കാരണം ആ ഫ്‌ളോര്‍ മൊത്തം അറിഞ്ഞിട്ടുണ്ട്. സിസ്റ്റര്‍മാര്‍ നോക്കാത്തത് കൊണ്ട് ഒരു രോഗി മരിച്ച കഥ...

ഞാന്‍ ആ സമയത്ത് സിസിയുവിലേക്ക് രോഗി വരുന്ന വിവരം വിളിച്ചുപറയാന്‍ പോയത് കൊണ്ടു അത്രയെങ്കിലും തല്ല് എനിക്ക് കുറഞ്ഞു കിട്ടി. സിസിയുവില്‍ നിന്നും ആ രോഗിയുടെ പള്‍സ് നോര്‍മല്‍ ആയതിന് ശേഷമാണു ചേച്ചിമാര്‍ തിരിച്ചു വന്നത്. വിവരം അറിഞ്ഞുവന്ന ഡോക്ടര്‍ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്താലുള്ള ശിക്ഷയെ കുറിച്ചും ഒക്കെ അവരോടു പറഞ്ഞു. ഞങ്ങളെ തല്ലിയതിന് അവരെ വഴക്കും പറഞ്ഞു.

മാനസാന്തരം വന്നിട്ടോ അല്ലെങ്കില്‍ അവരുടെ ഉമ്മാക്ക് ഒന്നും പറ്റിയില്ല എന്ന് അറിഞ്ഞിട്ടാണോ അറിയില്ല, കുറച്ചുകഴിഞ്ഞ് കൂട്ടത്തില്‍ ഒരാള്‍ നഴ്‌സിംഗ് സ്റ്റേഷനില്‍ വന്ന് സിസ്റ്ററെ ഒന്നും മനസ്സില്‍ വെക്കല്ലേ അന്നേരത്തെ ഒരു മാനസികാവസ്ഥയില്‍ പറ്റിപ്പോയതാട്ടോ എന്നും പറഞ്ഞ് ഒരു ചിരി പാസ്സാക്കി പോയി. റോസ്മി ചേച്ചി നന്നായി തിരിച്ചു ചിരിച്ചുകൊണ്ട് അയാളുടെ നന്ദിയും ക്ഷമയും വാങ്ങി പോക്കറ്റില്‍ ഇട്ടു.

അയാള്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു- അയാളുടെ മോന്തക്ക് ഒന്ന് കൊടുത്തിട്ട് സോറി ചേട്ടാ മാനസികാവസ്ഥ കൊണ്ട് പറ്റിപ്പോയതാ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ ക്ഷമിക്കോ ചേട്ടാ എന്ന് ചോദിച്ചുകൂടായിരുന്നോ എന്ന്. അല്ലേലും ഞാന്‍ പണ്ടേ മാലാഖ അല്ലല്ലോ- ഡ്രാക്കുള ആണല്ലോ... അല്ലപിന്നെ എന്റെ ഹൃദയത്തിന് അത്രയൊക്കെ വിശആലതയേ ഉള്ളു...

അവസാനം കുറച്ച് ദിവസത്തിന് ശേഷം അവര്‍ ഡിസ്ചാര്‍ജ് ആകുന്ന ദിവസം അവരുടെ കൂട്ടിരിപ്പുകാരില്‍ ഒരാള്‍ വന്ന് 'സിസ്റ്ററെ ബില്ല് നന്നായി കുറച്ചു ഇടണേ....' എന്ന് പറഞ്ഞ് നന്നായി ഒന്ന് ചിരിച്ചു. ഞങ്ങള്‍ക്ക് കിട്ടിയ തല്ലിന്റേം കൂടി കൂട്ടി ആണ് ബില്ല് ഇടുന്നത് ചേട്ടാ എന്ന് തമ്മില്‍ പറഞ്ഞ് ചിരിക്കാനെ ഞങ്ങള്‍ക്ക് അപ്പോഴും പറ്റിയുള്ളൂ. അല്ലേലും പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുമ്പോള്‍ നമ്മളെ നട്ടെല്ല് വളച്ചു കുത്തി പിന്നിട്ട് വെക്കുമല്ലോ.

എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കുക പോലും ചെയ്യാതെ ഇങ്ങനെ ഞങ്ങളെ നേരെ ചാടുന്ന സംഭവം ആദ്യത്തെ ഒന്നും അല്ല. പക്ഷെ അടി കിട്ടിയത് ആദ്യത്തെ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സംഭവം ഒരിക്കലും മറക്കുകയും ഇല്ല.

ഒരുപക്ഷെ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ആ സമയത്ത് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആ ഉമ്മയും ഞങ്ങളില്‍ ഒരാള്‍ക്കും കയ്യേറ്റം ചെയ്ത ഒരാളും അടക്കം എത്ര ജീവിതങ്ങള്‍ക്ക് ഇവരൊക്കെ കണക്ക് പറയേണ്ടി വന്നേനെ. മാലാഖയും ദൈവവും ഒന്നും അല്ല മനുഷ്യന്‍ ആണ്. ഏതൊരു തൊഴിലും പോലെ ഒരു തൊഴില്‍ മാത്രമാണ് ആണ്. വാങ്ങുന്ന പണത്തെക്കാള്‍ ആത്മാര്‍ത്ഥത തൊഴിലിനോട് കാണിക്കാറുണ്ട്.

എന്റെ ജീവനോ ജീവിതത്തിനോ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു റിസ്‌ക് പോലും ഞാന്‍ എന്റെ തൊഴിലില്‍ എടുക്കില്ല. അത് കഴിഞ്ഞുള്ള സേവനമനോഭാവം മാത്രമേ ഉള്ളു. മറ്റൊന്നും കൊണ്ടല്ല ഡോക്ടര്‍ ദൈവം ആണ്, സിസ്റ്റര്‍ മാലാഖ ആണെന്ന് പറഞ്ഞ് പൂജിക്കാന്‍ വരുന്നോര്‍ തന്നെ തല്ലി കൊല്ലാനും മുന്നില്‍ കാണും. മനുഷ്യന്‍ എന്ന പരിഗണനയ്ക്ക് അപ്പുറം ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.

 

Also Read:- 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'; കൊവിഡ് രോഗികള്‍ക്കായി പാട്ടും നൃത്തവുമായി ആരോഗ്യ പ്രവർത്തകർ; വീഡിയോ

Follow Us:
Download App:
  • android
  • ios