അത് ഒരു മരുന്ന് നിർത്തിയപ്പോൾ വന്ന പാർശ്വഫലമായിരുന്നു. സാധാരണ മരുന്നുകൾക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ വയറുവേദന, ഛർദ്ദി, ഗ്യാസ് ട്രബിൾ തുടങ്ങിയവയാണെങ്കിൽ, എലിയറ്റ് റോസിറ്റർ എന്ന ബ്രിട്ടീഷുകാരന് താൻ കഴിച്ചുകൊണ്ടിരുന്ന വേദന സംഹാരി നിർത്തിയപ്പോൾ അനുഭവപ്പെട്ടത് വളരെ വിചിത്രമായ ഒരു സൈഡ് എഫക്റ്റായിരുന്നു.

 ഭാര്യയോടൊപ്പം ഫ്രാൻസിൽ ഒരു അവധിക്കാലം ചെലവിടാൻ പോയതായിരുന്നു എലിയട്ട്. അവിടെ വച്ച് ആ നാല്പത്തൊന്നുകാരന് അസാധാരണമായ ഉദ്ധാരണം അനുഭവപ്പെട്ടു. ആദ്യം അദ്ദേഹം കരുതിയത് അത് അവധിക്കാലത്തിന്റെ ആവേശമായിരിക്കും എന്നായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും അത് അടങ്ങിയില്ല. 

ഒടുവിൽ, തലേന്ന് രാത്രിയിലുണ്ടായ ഉദ്ധാരണം അടുത്ത ദിവസം രാവിലെയും തുടർന്നപ്പോൾ, ആവേശം വേദനയ്ക്ക് വഴിമാറി. വന്നുവന്ന് ലിംഗത്തിന്മേൽ തുണിയുടെ സ്പർശം പോലും അദ്ദേഹത്തിൽ അസഹനീയമായ വേദനയുളവാക്കാൻ തുടങ്ങി. ഒരു ആംബുലൻസ് വിളിച്ച് ഭാര്യ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചു. 

അവിടെ വച്ച് ഡോക്ടർമാർ അദ്ദേഹത്തിന്റെ ലിംഗത്തിലേക്ക് സ്റ്റിറോയിഡുകൾ കുത്തിവെച്ച് ഉദ്ധാരണമടക്കാൻ ശ്രമിച്ചു. അതൊന്നും തന്നെ ഫലം കണ്ടില്ല. പിന്നെയും മണിക്കൂറുകളോളം അത് പൂർവസ്ഥിതിയിൽ തുടർന്നു. കടുത്ത വേദനകൊണ്ട് പുളഞ്ഞുകൊണ്ട് എലിയട്ടും. 

ഒടുവിൽ 36 മണിക്കൂറുകൾ പിന്നിട്ടപ്പോൾ, ഡോക്ടർമാർ അറ്റകൈ പ്രയോഗം നടത്തി. ഒരു ചെറിയ ദ്വാരമിട്ട് ചോര ഊറ്റിക്കളഞ്ഞപ്പോഴാണ് ആ അസാമാന്യമായ ഉദ്ധാരണത്തിന് ഒടുവിൽ ശമനമുണ്ടായത്. പാവം എലിയട്ടിന്റെ വേദനയ്ക്കും. ഇനി ഒരു മാസത്തേക്ക് കാമുകിയെ സമീപിക്കാനാവില്ലെങ്കിലും, വേദന മാറിക്കിട്ടിയതിൽ എലിയട്ട് സന്തോഷവാനാണ്. 

" ഇത്രമേൽ കടുത്ത ഒരു വേദന എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. വിവരിക്കാനാവുന്ന ഒന്നല്ല. അതിലൊക്കെ അധികമാണീ വേദന.." അദ്ദേഹം പറഞ്ഞു.

സ്കീയിങ്ങിനിടെ 2012-ൽ നടന്ന ഒരു അപകടത്തിൽ ലിഗ്‌മെന്റിനുണ്ടായ പരിക്കിന്റെ പേരിൽ സേവിച്ചു തുടങ്ങിയ വേദനസംഹാരി മരുന്നുകൾ ഒടുവിൽ നിർത്തിയപ്പോഴാണ് എലിയട്ടിന് ഇങ്ങനെയൊരു പണി കിട്ടിയത്.  ഉദ്ധാരണമുണ്ടായതിന്റെ പേരിൽ സങ്കടപ്പെട്ടവർ തന്നെപ്പോലെ ഒരു പക്ഷേ, ലോകത്ത് അധികം പേര് കാണില്ല എന്നും അദ്ദേഹം പറഞ്ഞു.